ജിഡിപി വളര്‍ച്ചാ നിരക്ക് 7% ന് താഴെ പോയേക്കും

ജിഡിപി വളര്‍ച്ചാ നിരക്ക് 7% ന് താഴെ പോയേക്കും

ആഗോള മാന്ദ്യവും എണ്ണ വിലയും തിരിച്ചടി; തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രതികൂലാവസ്ഥ താല്‍ക്കാലികം

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ നിരക്ക് ഏഴു ശതമാനത്തിലും താഴെ പോകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ ആസ്ഥാനമായ ധനകാര്യ സേവന കമ്പനിയായ നോമുറയുടെ റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.8 ശതമാനമായിരിക്കുമെന്നാണ് നോമുറയുടെ പ്രവചനം. കുറഞ്ഞ എണ്ണ വിലയും വിപുലമായ ബജറ്റും ഉയര്‍ന്ന വളര്‍ച്ച നേടാന്‍ സഹായിക്കുമെന്ന വാദത്തിന് വിരുദ്ധമാണ് പുതിയ റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് 7.4 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിലെ മാന്ദ്യം, കര്‍ക്കശമായ സാമ്പത്തിക സാഹചര്യങ്ങള്‍, തെരഞ്ഞെടുപ്പ് വര്‍ഷത്തെ രാഷ്ട്രീയ അസ്ഥിരത എന്നിവ വളര്‍ച്ചയ്ക്ക് വിഘാതമാകുമെന്ന് നിരീക്ഷിക്കുന്ന നോമുറ റിപ്പോര്‍ട്ട്, തെരഞ്ഞെടുപ്പ് പുതിയ നിക്ഷേപങ്ങള്‍ക്ക് തടസമാകുമെന്നും അഭിപ്രായപ്പെടുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദം വരെയുള്ള കണക്കനസരിച്ച് ഏഴു ശതമാനമാണ് രാജ്യത്തെ ജിഡിപി വളര്‍ച്ച. ഇടക്കാല കേന്ദ്ര ബജറ്റിലെ ചെലവഴിക്കല്‍ പ്രഖ്യാപനങ്ങള്‍ ജിഡിപി വളര്‍ച്ചാ നിരക്കിലേക്ക് 0.4 ശതമാനം സംഭാവന ചെയ്യുമെന്നാണ് കരുതുന്നത്. എന്നാല്‍ പൊതു മൂലധന ചെലവ് വെട്ടിചുരുക്കിയ നടപടി വളര്‍ച്ചാ നിരക്ക് 0.2 ശതമാനം കുറയാന്‍ കാരണമായേക്കും.

ഈ വര്‍ഷം ഒക്‌റ്റോബറോടെ ഹ്രസ്വകാല രാഷ്ട്രീയ അസ്ഥിരതയില്‍ മാറ്റം വരുകയും അനുകൂലമായ ധനനയങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്യുന്നതോടെ നിക്ഷേപങ്ങളുടെ ആവേഗം ഘട്ടം ഘട്ടമായി ഉയരുമെന്നാണ് പ്രതീക്ഷ. അസംസ്‌കൃത എണ്ണയുടെ വില ഉയരും. വ്യക്തിഗത വായ്പകളും അനൗപചാരിക മാര്‍ഗങ്ങളിലൂടെയുള്ള വായ്പയും വായ്പാ മേഖലയില്‍ കുതിച്ചുചാട്ടത്തിന് കാരണമാകും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ റിസ്‌ക് എടുക്കാന്‍ മടി കാണിക്കുന്നത് ബാങ്കിംഗ് ഇതര സാമ്പത്തിക സേവന സ്ഥാപനങ്ങള്‍ക്ക് പണ ലഭ്യതയില്‍ ബുദ്ധിമുട്ടുണ്ടാക്കും. ഇവയെല്ലാം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വാണിജ്യ റിയല്‍റ്റി മേഖല, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇതിന്റെ സ്വാധീനം ദൃശ്യമാകും. ജിഡിജി വളര്‍ച്ചാ നിരക്കില്‍ 0.2-0.3 ശതമാനത്തോളം ഇടിവിനും ഇത് കാരണമാകുമെന്ന് നോമുറ അനുമാനിക്കുന്നു.

Comments

comments

Categories: Business & Economy, Slider
Tags: GDP