ചൈനയുടെ കയറ്റുമതി 20.7% ഇടിഞ്ഞു

ചൈനയുടെ കയറ്റുമതി 20.7% ഇടിഞ്ഞു

ഫെബ്രുവരിയില്‍ കയറ്റുമതി മൂന്ന് വര്‍ഷത്തെ താഴ്ചയിലെത്തി; തുടര്‍ച്ചയായ മൂന്നാം മാസവും ഇടിവ്

ബെയ്ജിംഗ്: ഫെബ്രുവരിയില്‍ ചൈനയുടെ കയറ്റുമതി മൂന്ന് വര്‍ഷത്തെ താഴ്ചയിലെത്തി. കയറ്റുമതി തുടര്‍ച്ചയായ മൂന്നാമത്തെ മാസവും ഇടിവ് രേഖപ്പെടുത്തി. യുഎസുമായുള്ള വ്യാപാര യുദ്ധമാണ് വലിയ തിരിച്ചടിയിലേക്ക് നയിച്ചിരിക്കുന്നത്. കൈപിടിച്ചുയര്‍ത്താനുള്ള ഷീ ജിന്‍ പിംഗിന്റെ തീവ്ര ശ്രമമുണ്ടാകുന്നുണ്ടെങ്കിലും ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ശക്തമായ മാന്ദ്യമാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ 28 വര്‍ഷത്തെ താഴ്ചയിലെത്തിയതിനാല്‍ ബെയ്ജിംഗിന്റെ നയപ്രതികരണങ്ങള്‍ ആഗോള നിക്ഷേപകരും, ചൈനയുടെ പ്രധാന വ്യാപാര പങ്കാളികളും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ചൈനയുടെ കയറ്റുമതി 20.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2016 ഫെബ്രുവരി മുതലുള്ള കണക്കെടുത്താല്‍ ഏറ്റവും വലിയ ഇടിവാണിത്. ജനുവരിയിലെ അപ്രതീക്ഷിതമായി കയറ്റുമതി 9.1 ശതമാനം ഉയര്‍ന്നിരുന്നു. ഫെബ്രുവരിയില്‍ 4.8 ശതമാനം ഇടിവുണ്ടാകുമെന്ന റോയ്‌റ്റേഴ്‌സ് പോളിലെ സാമ്പത്തിക വിദഗ്ധരുടെ പ്രകടനത്തെ അസ്ഥാനത്താക്കിയുള്ള തകര്‍ച്ചയാണ് കയറ്റുമതി മേഖല രേഖപ്പെടുത്തിയിരിക്കുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചൈനയുടെ ഡോളര്‍ അടിസ്ഥാനമാക്കിയുള്ള ഇറക്കുമതി 5.2 ശതമാനമാണ് ഇടിഞ്ഞത്. കണക്കാക്കിയ 1.4 ശതമാനത്തേക്കാള്‍ നാലിരട്ടിയോളമാണിത്. ജനുവരിയില്‍ ഇറക്കുമതി 1.5 ശതമാനമാണ് ഇടിഞ്ഞിരുന്നത്. ഫെബ്രുവരിയില്‍ രാജ്യത്തിന്റെ വ്യാപാര മിച്ചം 4.12 ബില്യണ്‍ ഡോളറായി. കണക്കാക്കിയിരുന്ന 26.38 ബില്യണ്‍ ഡോളറിനേക്കാള്‍ വളരെ താഴെയാണിത്. യുഎസുമായുള്ള വ്യാപാര മിച്ചം ജനുവരിയിലെ 27.3 ബില്യണ്‍ ഡോളറില്‍ നിന്ന് 14.72 ബില്യണ്‍ ഡോളറിലേക്കാണ് ഇടിഞ്ഞത്.

ചൈനീസ് പുതുവര്‍ഷമായ ലൂണാന്‍ ന്യൂ ഇയര്‍ സമയത്തെ നീണ്ട അവധിയുമായി ബന്ധപ്പെടുത്തിയാണ് ഈ ഇടിവിനെ അരു വിഭാഗം വിദഗ്ധര്‍ കാണുന്നത്. എന്നാല്‍ ചൈന-യുഎസ് വ്യാപാര യുദ്ധമാണ് ഈ ഇടിവിന്റെ കാരണമെന്ന് മറ്റൊരു വിഭാഗം നിരീക്ഷകര്‍ വിലയിരുത്തുന്നു. വ്യാപാര യുദ്ധം പരിഹരിക്കാന്‍ ചൈന-യുഎസ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മാന്ദ്യം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: China export