ഏവരുടെയും കണ്ണുതള്ളിച്ച് ബുഗാട്ടി ലാ വോയ്ചര്‍ നോയ്ര്‍

ഏവരുടെയും കണ്ണുതള്ളിച്ച് ബുഗാട്ടി ലാ വോയ്ചര്‍ നോയ്ര്‍

ഒരേയൊരെണ്ണം ലാ വോയ്ചര്‍ നോയ്ര്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. വില്‍പ്പന ഇതിനകം പൂര്‍ത്തിയാക്കി

ജനീവ : ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ഏവരുടെയും കണ്ണുതള്ളിച്ചത് ബുഗാട്ടിയുടെ ലാ വോയ്ചര്‍ നോയ്ര്‍ എന്ന ‘കറുത്ത കുതിര’. ബുഗാട്ടിയുടെ 110 ാം വാര്‍ഷികം പ്രമാണിച്ചാണ് ലാ വോയ്ചര്‍ നോയ്ര്‍ അവതരിച്ചത്. ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം നടത്തി. ശതകോടീശ്വരന്‍മാരില്‍ ഒരാള്‍ പറഞ്ഞുറപ്പിച്ച പ്രകാരം ഒരേയൊരെണ്ണം ലാ വോയ്ചര്‍ നോയ്ര്‍ മാത്രമാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ നിര്‍മ്മിക്കുന്നത്. വില്‍പ്പന ഇതിനകം പൂര്‍ത്തിയാക്കി.

12.5 മില്യണ്‍ യുഎസ് ഡോളര്‍ അഥവാ 87 കോടി ഇന്ത്യന്‍ രൂപയാണ് ബുഗാട്ടി ലാ വോയ്ചര്‍ നോയ്ര്‍ കാറിന്റെ എക്‌സ് ഷോറൂം വില. ലോകത്ത് ഇതുവരെ വിറ്റതില്‍വെച്ച് ഏറ്റവും വിലകൂടിയ പുതിയ കാറാണ് ബുഗാട്ടി ലാ വോയ്ചര്‍ നോയ്ര്‍. ഏകദേശം 132 കോടി രൂപയായിരിക്കും നികുതികള്‍ അടച്ചശേഷമുള്ള ഓണ്‍ റോഡ് വില. ഫ്രഞ്ച് ഭാഷയില്‍ വോയ്ചര്‍ നോയ്ര്‍ എന്നുപറഞ്ഞാല്‍ കറുത്ത കാര്‍ എന്നാണ് അര്‍ത്ഥം. ബുഗാട്ടി ലാ വോയ്ചര്‍ നോയ്ര്‍ പൂര്‍ണ്ണമായും കറുപ്പണിഞ്ഞിരിക്കുന്നു.

ബുഗാട്ടി ടൈപ്പ് 57എസ്‌സി അറ്റ്‌ലാന്റിക് മോഡലിനെ മനസ്സില്‍ ധ്യാനിച്ചാണ് ലാ വോയ്ചര്‍ നോയ്ര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 57 അറ്റ്‌ലാന്റിക് മോഡലിന്റെ ഓള്‍ ബ്ലാക്ക് വേരിയന്റ് രണ്ടാം ലോക മഹായുദ്ധ കാലത്ത് കാണാതായിരുന്നു. ആ സങ്കടം തീര്‍ക്കാനാണ് പതിറ്റാണ്ടുകള്‍ക്കിപ്പുറം ലാ വോയ്ചര്‍ നോയ്ര്‍ മോഡലിന്റെ ദേഹമാസകലം കറുപ്പ് പെയിന്റ് പൂശി മനോഹരമാക്കിയിരിക്കുന്നത്. നിലവില്‍ ലോകത്തിന്റെ പലയിടങ്ങളിലായി നാല് യൂണിറ്റ് ബുഗാട്ടി 57 അറ്റ്‌ലാന്റിക് കാണാന്‍ കഴിയും.

ബുഗാട്ടി ലാ വോയ്ചര്‍ നോയ്‌റിന്റെ എല്ലാ ഘടകങ്ങളും കൈകൊണ്ട് നിര്‍മ്മിച്ചതാണ്. പൂര്‍ണ്ണമായും കാര്‍ബണ്‍ ഫൈബറില്‍ നിര്‍മ്മിച്ച ബോഡിയില്‍ ഡീപ്പ് ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കിയിരിക്കുന്നു. പിന്നില്‍ ഒരറ്റത്തുനിന്ന് മറ്റേയറ്റം വരെ നീളുന്നതാണ് ടെയ്ല്‍ലൈറ്റ്. ഇനി ഈ കാറില്‍ മെച്ചപ്പെടുത്താന്‍ ഒന്നുമില്ലെന്ന് ബുഗാട്ടി ഡിസൈനര്‍ എത്തിയന്‍ സലോം പറഞ്ഞു.

ബുഗാട്ടി ഷിറോണിന്റെ അതേ പെര്‍ഫോമന്‍സ് ഘടകങ്ങളാണ് ലാ വോയ്ചര്‍ നോയ്‌റിന് നല്‍കിയിരിക്കുന്നത്. 8 ലിറ്റര്‍, 16 സിലിണ്ടര്‍ എന്‍ജിന്‍ 1479 ബിഎച്ച്പി കരുത്തും 1600 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പിന്നില്‍ ആറ് എക്‌സോസ്റ്റ് പൈപ്പുകള്‍ കാണാം. അറ്റ്‌ലാന്റിക്കില്‍ അഞ്ച് എക്‌സോസ്റ്റുകളാണ് ഉണ്ടായിരുന്നത്.

രണ്ടര വര്‍ഷത്തിനുശേഷമായിരിക്കും അജ്ഞാതനായ ശതകോടീശ്വരന് എക്കാലത്തെയും ഏറ്റവും വിലയേറിയ ബുഗാട്ടി ലഭിക്കുന്നത്. അതിനുമുമ്പ് മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ച് കാറിനെ റോഡ് ലീഗല്‍ (നിയമാനുസൃതം പൊതുനിരത്തുകളിലൂടെ ഓടിക്കാന്‍ കഴിയുന്ന) മോഡലാക്കി മാറ്റണം.

Comments

comments

Categories: Auto