രക്തസമ്മര്‍ദ്ദം ചികില്‍സ നേരത്തേ

രക്തസമ്മര്‍ദ്ദം ചികില്‍സ നേരത്തേ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിര്‍ണയിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ബ്രിട്ടണില്‍ ഒരുപാട് ആളുകള്‍ക്ക് സമാശ്വാസം നല്‍കുന്നു

രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടാണ് ഗുരുതരമായ പല രോഗങ്ങളുടെയും തുടക്കം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്വയം മരണകാരണമാകുമെന്നതിനു പുറമേ ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം തുടങ്ങിയ ഗുരുതരരോഗങ്ങളിലേക്കും നയിക്കുന്നു. ആദ്യഘട്ടത്തില്‍ പലരും രക്തസമ്മര്‍ദ്ദത്തെ അവഗണിക്കാറുണ്ട്. എന്നാല്‍ ബ്രിട്ടണിലെ ആരോഗ്യവിദഗ്ധര്‍ രോഗനിര്‍ണയ മാനദണ്ഡങ്ങള്‍ പുതുക്കിയതോടെ ഇതുമായി ബന്ധപ്പെട്ട മരണങ്ങളില്‍ വന്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ അസുഖത്തിന്റെ തുടക്കത്തില്‍ തന്നെ രോഗിക്കു നല്‍കുന്നത് വലിയ മാറ്റം വരുത്തുമെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇത് സ്വാഭാവികമായും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

പുതിയ മാനദണ്ഡമനുസരിച്ച് രാജ്യത്ത് 450,000 പുരുഷന്മാരും 270,000 സ്ത്രീകളും ഇപ്പോള്‍ മരുന്നു സ്വീകരിക്കാവുന്ന നിലയിലാണ്. എന്നാല്‍ ചില സര്‍ക്കാര്‍ ഡോക്റ്റര്‍മാര്‍ ഈ മാനദണ്ഡങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് രോഗബാധയെക്കുറിച്ച് തെറ്റായ ചിത്രമാണു നല്‍കുകയെന്ന് അവര്‍ വാദമുയര്‍ത്തുന്നു. ഈ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നും അവര്‍ ആവശ്യപ്പെടുന്നു. തൂക്കനിയന്ത്രണം, ആഹാരക്രമം, വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ കൊണ്ട് രക്തസമ്മര്‍ദ്ദം കുറയ്ക്കുനാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമായി കണക്കാക്കുന്നത് മാപിനിയില്‍ 140/90 രേഖപ്പെടുത്തുന്നതാണ്. ഇവര്‍ക്ക് 10 വര്‍ഷത്തിനപ്പുറം ഹൃദ്രോഗബാധയ്ക്ക് 20% അധികസാധ്യത കല്‍പ്പിക്കുന്നു.

എന്നാല്‍ പുതിയ മാനദണ്ഡപ്രകാരം 10% അപകട സാധ്യതയുള്ളവരെയും ചികില്‍സാപദ്ധതികളില്‍ ഉള്‍പ്പെടുത്താമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് ക്ലിനിക്കല്‍ എക്‌സലന്‍സ് (എന്‍ഐസി) പ്രഖ്യാപിച്ച കരട് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. ഈ വിലയിരുത്തല്‍ വന്നിരിക്കുന്നത് രക്തത്തിലെ നിരവധി അപകടഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. പുകവലി, പൊണ്ണത്തടി, മദ്യപാനം, പ്രായം, ആണ്‍- പെണ്‍ വ്യത്യാസം, പാരമ്പര്യം എന്നിവയാണവ. എന്നാല്‍ ഇതിലടങ്ങിയിരിക്കുന്ന ഒരു വെല്ലുവിളി, ഈ ഗ്രൂപ്പിലെ ചില ആളുകള്‍ ഇതിനകം രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടായിരിക്കാം എന്ന വസ്തുതയാണ്.

ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ മന്ത്രാലയം രക്തസമ്മര്‍ദ്ദ നിര്‍ണയം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയായി ഏറ്റെടുത്തിരിക്കുകയാണ്. ഇതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വഴി നഷ്ടപ്പെടാനിടയുള്ള ജീവനുകള്‍ രക്ഷിക്കുകയെന്ന് പ്രതിബദ്ധതാപൂര്‍വമായ സമീപനമാണ് അവര്‍ക്കുള്ളത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നാലിലൊന്നു ബ്രിട്ടീഷുകാരനെ ബാധിച്ചതയാണു കണക്ക്. ആശുപത്രികളില്‍ എത്തുന്ന 10 രോഗികളില്‍ ഒരാള്‍ക്ക് ഈ രോഗമുണ്ട്. രാജ്യത്ത് രക്താദിസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഓരോ വര്‍ഷവും 75,000 മരണങ്ങളാണ് സംഭവിക്കുന്നത്. എന്നാല്‍ രോഗനിര്‍ണയത്തിന് പോകാത്ത ലക്ഷക്കണക്കിന് ആളുകളും രാജ്യത്തുണ്ട്. ഈ അശ്രദ്ധ രാജ്യത്തിന് വലിയ നഷ്ടമാണുണ്ടാക്കുന്നത്.

ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മൂലമുള്ള ബ്രിട്ടണിലെ മരണവും അംഗവൈകല്യങ്ങളും കുറയ്ക്കുകയെന്നത് സാധ്യമാണെന്ന് കരട് മാര്‍ഗനിര്‍ദേശ സമിതിയുടെ ചെയര്‍മാനായ ആന്തണി വിര്‍സ്ബിക്കി ചൂണ്ടിക്കാട്ടുന്നു. ഹൃദ്രോഗങ്ങളും ഹൃദയാഘാതവുമാണ് രാജ്യത്തെ മരണനിരക്കില്‍ സുപ്രധാനപങ്കു വഹിക്കുന്നത്. പുതിയ തെളിവുകളുടെ കര്‍ശനമായ വിലയിരുത്തലില്‍ അനവധി ആളുകളുടെ ജീവിതത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കാനുള്ള സാധ്യതയാണ് ഉയര്‍ന്നിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളെ കണ്ണുമടച്ചു പിന്തുണയ്ക്കാന്‍ തയാറാകാത്തവരുമുണ്ട്. രാജ്യത്തെ ജനറല്‍ പ്രാക്റ്റീഷണര്‍മാര്‍ (ജിപി) എന്നു പറയുന്ന പൊതുവകുപ്പിലെ ഡോക്റ്റര്‍മാരാണിത്.

ഹൈപ്പര്‍ടെന്‍ഷന്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗനിര്‍ണയത്തിനുള്ള സാധ്യത കുറയ്ക്കാനുള്ള തീരുമാനം നിസ്സാരമായി എടുക്കരുതെന്നും അത് തെളിവ് അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും റോയല്‍ കോളേജ് ഓഫ് ജിപി അധ്യക്ഷനായ പ്രൊഫ. ഹെലന്‍ സ്റ്റോക്‌സ്-ലാംപാര്‍ഡ് ആവശ്യപ്പെടുന്നു.

ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ കണക്കിലെടുത്തു രോഗനിര്‍ണയം നടത്താന്‍ പരിശീലിപ്പിക്കപ്പെട്ടവരാണ് തങ്ങള്‍, അതിനുള്ള പ്രതിബദ്ധയുമുണ്ട്. എന്നാല്‍ അതു മാത്രമല്ല ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന ശാരീരികവും സാമൂഹ്യവുമായ ഘടകങ്ങള്‍ കൂടി പരിഗണിക്കേണ്ട സാഹചര്യവും തങ്ങള്‍ നേരിടുന്നുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പര്യാപ്തമല്ലെന്നു മറ്റു വിദഗ്ധരും അഭിപ്രായപ്പെട്ടു.

ഹൃദയാഘാതം, പക്ഷാഘാതം എന്നിവയില്‍ വലിയ കുറവ് ഉണ്ടാക്കാന്‍ തുടക്കത്തില്‍ തന്നെ രക്തസമ്മര്‍ദ്ദം ഭേദപ്പെടുത്താന്‍ ശ്രമങ്ങള്‍ സ്വീകരിക്കണമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സ്റ്റീഫന്‍ മാക്മാഹോണ്‍ പറയുന്നത്. ഇതിന് വിവിധ മരുന്നുകള്‍ പോലും ഒരേ സമയം ഉപയോഗിക്കേണ്ട ആവശ്യം വരും. കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഏപ്രില്‍ 23 വരെ സമയം നല്‍കിയിട്ടുണ്ട്. അന്തിമ മാര്‍ഗനിര്‍ദേശം ഓഗസ്റ്റിലാണു പ്രസിദ്ധീകരിക്കുക.

Comments

comments

Categories: Health