സൈനിക നവീകരണത്തിന് അനുമതി; 20% ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലേക്ക്

സൈനിക നവീകരണത്തിന് അനുമതി; 20% ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലേക്ക്

പുതിയതായി ഡെപ്യൂട്ടി ചീഫ് ഒാഫ് ദി ആര്‍മി സ്റ്റാഫ് സ്ട്രാറ്റജി തസ്തിക; 229 ഉദ്യോഗസ്ഥര്‍ പാക്-ചൈന അതിര്‍ത്തിയിലെത്തും; പുതിയ വിവര സാങ്കേതികതാ യുദ്ധ വിഭാഗം രൂപീകരിക്കും

ന്യൂഡെല്‍ഹി: സൈന്യത്തിന്റെ കാര്യക്ഷമതയും പ്രഹര ശേഷിയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ ഘട്ട പരിഷ്‌കാരങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. ഡെല്‍ഹിയിലെ സൈനിക ആസ്ഥാനത്തു നിന്ന് 229 ഉദ്യോഗസ്ഥന്‍മാരെ പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളിലേക്ക് പുനര്‍വിന്യസിക്കാനുള്ളതാണ് ഏറ്റവും പ്രധാന തീരുമാനം. സേനാ ആസ്ഥാനത്തെ 20 ശതമാനം ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് അതിര്‍ത്തിയില്‍ വിന്യസിക്കുന്നത്. പുതിയതായി ഡെപ്യൂട്ടി ചീഫ് ഒാഫ് ദി ആര്‍മി സ്റ്റാഫ് സ്ട്രാറ്റജി (ഡിസിഒഎഎസ്) എന്ന തസ്തികയും സൃഷ്ടിക്കും. സൈനിക ഓപ്പറേഷനുകള്‍, സൈനിക ഇന്റലിജന്‍സ്, തന്ത്രപരമായ ആസൂത്രണം, സൈനിക ചരക്ക് നീക്കം എന്നിവയുടെ ചുമതലയാണ് ഡിസിഒഎഎസില്‍ നിക്ഷിപ്തമാവുക. നിലവില്‍ ഡിജിഎംഒ( ഡയറക്റ്റര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍), ഡിജിഎംഐ (ഡയറക്റ്റര്‍ ജനറല്‍ മിലിട്ടറി ഇന്റലിജന്‍സ്) എന്നീ പദവികളാണ് ഉള്ളത്. പുതിയ വിവര സാങ്കേതികതാ യുദ്ധ വിഭാഗം രൂപീകരിക്കാനും പ്രതിരോധ മന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. ഭാവിയിലെ സൈബര്‍ യുദ്ധങ്ങളും വെല്ലുവിളികളും സാമൂഹ്യ മാധ്യമ സാഹചര്യങ്ങളും കണക്കിലെടുത്താണ് ഈ വിഭാഗം ആരംഭിക്കുന്നത്. സുതാര്യത ഉറപ്പാക്കാന്‍ വിജിലന്‍സ്, മനുഷ്യാവകാശം എന്നീ വിഭാഗങ്ങളുടെ രണ്ട് ബ്രാഞ്ചുകള്‍ ആരംഭിക്കാനും തീരുമാനമായി.

ഒക്‌റ്റോബറില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ തയാറാക്കിയത്. 12 പഠനങ്ങളാണ് ഇതു സംബന്ധിച്ച് നടത്തിയത്. സുപ്രധാന കമാന്‍ഡുകളിലെ പ്രായപരിധി കുറയ്ക്കുക, ഓഫീസര്‍ കേഡറിന്റെ പുനസംഘടന, വന്‍തോതില്‍ ഉയരുന്ന റവന്യൂ ചെലവിന്റെ നിയന്ത്രണം, സൈനികരുടെ എണ്ണം ശരിയായ നിലയിലേക്കെത്തിക്കുക തുടങ്ങി നിര്‍ണായക നിര്‍ദേശങ്ങളാണ് നടപ്പാക്കുക. യുദ്ധകാല അടിസ്ഥാനത്തില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാണ് തീരുമാനമെന്ന് പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കരുത്തുയര്‍ത്തി ചക്ര-3

ആണവായുധ ശേഷിയുള്ള അകുല ക്ലാസ്-2 അന്തര്‍ വാഹിനി റഷ്യയില്‍ നിന്ന് ഇന്ത്യ പാട്ടത്തിനെടുക്കും. മൂന്ന് ബില്യണ്‍ ഡോളറാണ് പാട്ടത്തുക. അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് വാങ്ങാനുണ്ടാക്കിയ കരാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഇന്ത്യ-റഷ്യ പ്രതിരോധ ഇടപാടാണിത്. 5.5 ബില്യണ്‍ ഡോളറാണ് ഈ കരാറിന്റെ മൂല്യം. റഷ്യയുടെ കൈവശമുള്ള ഒരു അന്തര്‍വാഹിനി നവീകരിച്ച്, ഇന്ത്യന്‍ ആയുധങ്ങളും റഡാറുകളും മറ്റും ഘടിപ്പിച്ച് 2025 ഓടെ കൈമാറാണാണ് കരാര്‍. പത്ത് വര്‍ഷത്തേക്കാണ് പാട്ടക്കാലാവധി. ചക്ര-3 എന്ന പേരിലാവും ഇത് അറിയപ്പെടുക. ഇന്ത്യ നിലവില്‍ ഉപയോഗിക്കുന്ന റഷ്യന്‍ അന്തര്‍വാഹിനിയായ ചക്ര-2 ന് പകരമായാവും അഇത് ഉപയോഗിക്കുക. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ കലാഷ്‌നിക്കോവ് തോക്കുകള്‍ നിര്‍മിക്കാനുള്ള കരാറിലും ഇന്ത്യയും റഷ്യയും അടുത്തിടെ ഒപ്പിട്ടിരുന്നു.

ബെല്‍-ഇസ്രയേല്‍ സഹകരണം

ഇസ്രയേലി കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസുമായി ചേര്‍ന്ന് വ്യോമസേനാ പൈലറ്റുമാര്‍ക്കുള്ള ഹെല്‍മറ്റ് അനുബന്ധ ഡിസ്‌പ്ലേ നിര്‍മിക്കുമെന്ന് പൊതുമേഖലാ കമ്പനിയായ ഭാരത് ഇലക്ട്രോണിക്‌സ ലിമിറ്റഡ് (ബെല്‍) പ്രഖ്യാപിച്ചു. ഹെലികോപ്റ്റര്‍ പൈലറ്റുമാര്‍ക്കാണ് ഇവ പ്രയോജനപ്പെടുക. ഫ്്‌ളൈറ്റ് വിവരങ്ങള്‍, ലക്ഷ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ആയുധ വിന്യാസം, മെച്ചപ്പെട്ട കാഴ്ച എന്നിവ പൈലറ്റുമാര്‍ക്ക് നല്‍കുന്നതാണ് സംവിധാനം. രാത്രിയിലെ ദൃശ്യത മെച്ചപ്പെടുത്തുന്ന കണ്ണടകള്‍, സെന്‍സറുകള്‍, 3ഡി സംവിധാനം എന്നിവയെല്ലാം ഇതില്‍ വിന്യസിക്കപ്പെട്ടിരിക്കും.

Comments

comments

Categories: FK News, Slider