യുഎഇയിലെ വിദേശ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അനറോക് അബുദബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

യുഎഇയിലെ വിദേശ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അനറോക് അബുദബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

വൈകാതെ തന്നെ ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തും

അബുദബി: പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമാക്കി പ്രമുഖ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അനറോക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് അബുദബി നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അബുദബിയില്‍ കമ്പനി ഓഫീസ് ആരംഭിച്ചത്. ഇന്ത്യയിലെത്താതെ തന്നെ പ്രവാസി ഇന്ത്യക്കാര്‍ക്ക്(എന്‍ആര്‍ഐ) ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ അവസരമൊരുക്കുക എന്നതാണ് ഗള്‍ഫ് മേഖല പ്രവര്‍ത്തനങ്ങളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

ദുബായ്ക്ക് ശേഷം അനറോക്കിന്റെ രണ്ടാമത്തെ ഓഫീസാണ് അബുദബിയില്‍ ആരംഭിച്ചിരിക്കുന്നത്. വൈകാതെ തന്നെ ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈറ്റ് എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കും കമ്പനി പ്രവര്‍ത്തനം വിപുലപ്പെടുത്തും. 2007ലാണ് കമ്പനി ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കമ്പനിയുടെ സുപ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായ ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനിയുടെ ജിസിസി മേഖല സിഇഒ ഷജായി ജേക്കബ് അറിയിച്ചു. ഇതാദ്യമായാണ് അബുദബിയില്‍ പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമാക്കി കൊണ്ട് ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും ഷജായി പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളോട് പ്രവാസികള്‍ക്കിടയില്‍ താല്‍പര്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലോകത്തില്‍ തന്നെ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാര്‍ അധിവസിക്കുന്ന യുഎഇയില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കമ്പനി തീരുമാനിച്ചത്. ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ (ഐഒഎം) രാജ്യാന്തര കുടിയേറ്റ റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം 33 ദശലക്ഷത്തിലും അധികമാണ്. അതില്‍ തന്നെ പകുതിയിലേറെപ്പേരും കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ദുബായ്, ഷാര്‍ജ, അബുദബി നഗരങ്ങളിലാണ് യുഎഇയിലുള്ള 30 ശതമാനം എന്‍ആര്‍ഐകളും അധിവസിക്കുന്നത്. മറ്റ് ഇന്ത്യക്കാരെ പോലെ തന്നെ സമ്പാദ്യമെന്ന നിലയ്ക്ക് ഇവരും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്.

അനറോക് അടുത്തിടെ നടത്തിയ കണ്‍സ്യൂമര്‍ സെന്റിമെന്റ് സര്‍വ്വേയില്‍ എന്‍ആര്‍ഐകള്‍ എപ്പോഴും റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളോടാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നതെന്ന് വ്യക്തമായിരുന്നു. ഓഹരി, ബാങ്ക് , സ്വര്‍ണ്ണം, മ്യൂച്ചല്‍ ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങളേക്കാളും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപങ്ങള്‍ നടത്താനാണ് കൂടുതല്‍ താല്‍പര്യമെന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 78 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മെട്രോനഗരങ്ങളായ ബെംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങള്‍ നടത്താനാണ് കൂടുതല്‍ എന്‍ആര്‍ഐകളും ആഗ്രഹിക്കുന്നത്. ഓഫീസ്, റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലകളോട് താല്‍പര്യമുണ്ടെങ്കിലും പാര്‍പ്പിട മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. സര്‍വ്വയില്‍ പ്രതികരിച്ച 36 ശതമാനം പേര്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 23 ശതമാനം ആളുകള്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും 22 ശതമാനം പേര്‍ ഏഷ്യയില്‍ നിന്നും 19 ശതമാനം പേര്‍ വടക്കേ അമേരിക്കയില്‍ നിന്നും ഉള്ളവരാണ്.

അടുത്തിടെ ഇന്ത്യ പ്രഖ്യാപിച്ച ഇടക്കാല ബജറ്റും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് പ്രഖ്യാപിച്ച ജിഎസ്ടി ആനുകൂല്യങ്ങളും എന്‍ആര്‍ഐകളുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ മുമ്പെങ്ങും കാണാത്ത വര്‍ധനവും നിക്ഷേപങ്ങള്‍ നടത്താനുള്ള എന്‍ആര്‍ഐകളുടെ ശേഷിയും ഇതിനോടകം തന്നെ നിരവധി പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ നേടിക്കൊടുത്തതയി ഷജായി ജേക്കബ് പറയുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് അനുകൂലമായി നികുതി സംവിധാനങ്ങളില്‍ വരുത്തിയ പരിഷ്‌കാരങ്ങളും എന്‍ആര്‍ഐകളുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങള്‍ക്ക് ഊര്‍ജ്ജമേകി.

റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ സംബന്ധിച്ച് അബുദബിയിലുള്ള ഇന്ത്യക്കാരില്‍ നിന്നും വര്‍ധിച്ചുവരുന്ന അന്വേഷണങ്ങള്‍ കൂടി കണക്കിലെടുത്താണ് കമ്പനി അനുബദിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്നും ഷജായി കൂട്ടിച്ചേര്‍ത്തു. എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അനുയോജ്യമായ നിക്ഷേപങ്ങള്‍ നടത്താനും ഇതുമായി ബന്ധപ്പെട്ട് ഇടപാടിന് മുമ്പും പിന്നീടുമുള്ള എല്ലാ സേവനങ്ങള്‍ നല്‍കാനുമാണ് ജിസിസി മേഖലകളിലെ പ്രവര്‍ത്തനങ്ങളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ആസ്തികളോട് എന്‍ആര്‍ഐകള്‍ക്ക് വലിയ താല്‍പര്യമാണുള്ളത്. പെട്ടന്ന് ആസ്തികള്‍ സ്വന്തമാക്കുക എന്നതിനേക്കാളും കുറഞ്ഞ വിലയ്ക്ക് ആസ്തികള്‍ സ്വന്തമാക്കുന്നതിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നത്.

Comments

comments

Categories: Arabia