കഷ്ടപ്പെടാതെ തൂക്കം കുറയ്ക്കാം

കഷ്ടപ്പെടാതെ തൂക്കം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഭക്ഷണക്രമീകരണമാണ്

ശരീരഭാരം കുറയ്ക്കാന്‍ പൊണ്ണത്തടിയുള്ളവര്‍ താല്‍പര്യം കാണിക്കുമെങ്കിലും അതിനു വേണ്ടി വ്യായാമം ചെയ്യേണ്ട കാര്യത്തെക്കുറിച്ചു പറയുമ്പോള്‍ അവര്‍ മടിക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് തടി കുറയ്ക്കാന്‍ വേണ്ടത്. ഭക്ഷണം കഴിക്കുന്നതിന് ചിട്ടയായ സമയക്രമം പാലിക്കല്‍, ഉറക്കം എന്നിവയും തടി കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്. എന്നാല്‍ സമയക്കുറവ്, ജോലിത്തിരക്ക് എന്നിവ പലരെയും ഇതില്‍ നിന്ന് അകറ്റി നിര്‍ത്താറുണ്ട്. ശരീരഭാരം കുറയ്ക്കണമെങ്കില്‍ പ്രതിദിനം കഴിക്കുന്ന മുഴുവന്‍ ഭക്ഷണവും നല്‍കുന്ന ഊര്‍ജ്ജം, കൊഴുപ്പ് എന്നിവ അപ്പപ്പോള്‍ രേഖപ്പെടുത്തിവെക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ സ്വയം മാറ്റം നിരീക്ഷിച്ചറിയാം. എന്നാല്‍ ആഹാരക്രമം സ്വയം നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും ഒട്ടും സുഖകരമല്ലാത്ത സമയം പാഴാക്കല്‍പ്രക്രിയയായി കണക്കാക്കപ്പെടുന്നു. പലരും ഇതിനു തുനിയാറില്ലെന്നതാണു സത്യം. എന്നാല്‍ സ്വയം നിരീക്ഷണം വിചാരിക്കുന്നത്ര പ്രയാസകരമല്ലെന്നാണ് ഒബിസിറ്റി എന്ന ജേണലില്‍ പറയുന്നത്.

ഒരു ഓണ്‍ലൈന്‍ തൂക്കം കുറയ്ക്കല്‍ പരിപാടിയില്‍ സ്വയം നിരീക്ഷണം നടത്തിയ അംഗങ്ങള്‍ക്ക് ഇതിനായി ദിവസേന ശരാശരി 14.6 മിനിറ്റേ ചെലവഴിക്കേണ്ടി വരുന്നുള്ളൂവെന്നു കണ്ടെത്തി. ആറുമാസത്തെ ഭക്ഷണ നിയന്ത്രണം നിരീക്ഷിച്ച ശേഷമാണിത് കണ്ടെത്തിയത്. പരിപാടിയില്‍ പങ്കെടുത്തവര്‍ ഭക്ഷണപാനീയങ്ങള്‍ പ്രദാനം ചെയത ഊര്‍ജ്ജവും അവയിലടങ്ങിയ കൊഴുപ്പും മാത്രമല്ല, അതിനു വേണ്ടി ചെലവഴിച്ച സമയവും രേഖപ്പെടുത്തണം. വെര്‍മോന്റ്, സൗത്ത് കരോളിന സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് നിര്‍ദേശം. വെര്‍മോന്റിലെ ഭക്ഷ്യപോഷണ ശാസ്ത്രവിഭാഗം മേധാവി ജീന്‍ ഹാര്‍വിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. പങ്കെടുത്ത ആളുകള്‍ക്ക് ആദ്യം ഇതിനോട് താല്‍പര്യമില്ലായിരുന്നെങ്കിലും ഇത് അധികം സമയം പാഴാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഉത്തരം. 142 പേരെ 24 ആഴ്ചകള്‍ ഭക്ഷണനിയന്ത്രണം പരിശീലിപ്പിച്ചായിരുന്നു സര്‍വേ നടത്തിയത്. പരിശീലനം സിദ്ധിച്ച ഒരു ഡയറ്റീഷ്യനുമായി ആഴ്ചതോറും ഓണ്‍ലൈനില്‍ പങ്കാളികള്‍ ചര്‍ച്ചനടത്തി.

പരിപാടിയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ദൈനംദിന ഭക്ഷണ ഉപഭോഗം ഓണ്‍ലൈനില്‍ ലോഗ് ഇന്‍ ചെയ്തു. ഇതിനായി അവര്‍ എത്ര സമയം ചെലവഴിച്ചു എന്നതും, എത്ര തവണ അവര്‍ ഭക്ഷണം ചെയ്തുവെന്നതുമൊക്കെ രേഖപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ 10 ശതമാനം ഭാരം കുറച്ച അംഗങ്ങള്‍ ഇതിനായി ശരാശരി പ്രതിദിനം 23.2 മിനിറ്റ് ചെലവഴിച്ചു. എന്നാല്‍ ആറാം മാസം മുതല്‍ ചെലവഴിക്കുന്ന സമയം 14.6 മിനുട്ട് ആയി കുറഞ്ഞു. തൂക്കം കുറയ്ക്കുന്നതില്‍ ഏറ്റവും ഫലപ്രദമാകുന്നത് കുറച്ചു ഭക്ഷണം കൂടുതല്‍ തവണകളായി കഴിക്കുമ്പോഴാണ്. സ്വയംനിരീക്ഷണത്തിന് കൂടുതല്‍ സമയം എടുത്തിട്ടുള്ളവര്‍ക്ക് മെച്ചപ്പെട്ട ഫലങ്ങള്‍ ലഭിച്ചിരുന്നില്ലെന്നു കാണാം. എന്നാല്‍, ഭക്ഷണം കഴിക്കുന്നതു കൂടുതല്‍ തവണകളാക്കുന്നതാണ് നല്ലതെന്ന മുന്‍കാലപഠനങ്ങളുടെ നിഗമനങ്ങളെ പഠനത്തിലൂടെ സ്ഥിരീകരിക്കാനായി. ദിവസത്തില്‍ മൂന്നോ അതിലധികമോ തവണ സ്വയം നിരീക്ഷണം നത്തുന്നവരും ഓരോ ദിനം കഴിയുന്തോറും സ്ഥിരതയാര്‍ജ്ജിക്കുന്നവരുമാണ് വിജയം കൈവരിക്കുന്നവരെന്ന് ഹാര്‍വി ചൂണ്ടിക്കാട്ടുന്നു.

തൂക്കം കുറയ്ക്കാന്‍ കഴിഞ്ഞവരുടെ ഭാവി പെരുമാറ്റച്ചട്ടം രൂപീകരിക്കാന്‍ കഴിഞ്ഞതാണ് പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയെന്ന് ഹാര്‍വി പറയുന്നു. പ്രത്യാശ ഉണ്ടാകുമ്പോള്‍ ആളുകള്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ആഴ്ചയില്‍ 200 മിനിറ്റ് വ്യായാമം ചെയ്യണം എന്ന് ആളുകളോട് നിര്‍ദേശിക്കാമെങ്കിലും കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടാല്‍ അതിന് എത്രനേരം എടുക്കുമെന്ന് പ്രവചിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ പുതിയ പഠനത്തില്‍ അപ്പപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍ അത് പ്രായോഗികമാണ്. ലൂസെല്‍റ്റ്, കാലറി കിംഗ്, മൈ ഫിറ്റ്‌നസ് പല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഡയറ്ററി മോണിറ്ററിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ഇന്ന് വ്യാപകമായി ലഭ്യമാണ്. ഈ സാഹചര്യത്തില്‍ തൂക്കം കുറയ്ക്കാന്‍ കൂടുതല്‍ ആളുകള്‍ രംഗത്തു വരുമെന്ന് ഹാര്‍വി വിശ്വസിക്കുന്നു. ഇവയെല്ലാം വളരെ ഫലപ്രദമാണ്, അത് ആളുകള്‍ക്ക് ഒട്ടും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയായ അമേരിക്കക്കാരില്‍ 40 ശതമാനവും പൊണ്ണത്തടിയന്മാരാണ്. 2007-08ല്‍ ഇത് 34 ശതമാനമായിരുന്നു. 2013 ലെ പഠനമനുസരിച്ച് ടൈപ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണ് പൊണ്ണത്തടി.

Comments

comments

Categories: Health