ഫോക്‌സ്‌വാഗണ്‍ 500 കോടി രൂപ പിഴയടയ്ക്കണമെന്ന് ഹരിത ട്രിബ്യൂണല്‍

ഫോക്‌സ്‌വാഗണ്‍ 500 കോടി രൂപ പിഴയടയ്ക്കണമെന്ന് ഹരിത ട്രിബ്യൂണല്‍

ഫോക്‌സ്‌വാഗണിന്റെ ഡീസല്‍ കാറുകള്‍ ഇന്ത്യയിലും പരിസ്ഥിതി നാശത്തിന് കാരണമായതായി ട്രിബ്യൂണല്‍

ന്യൂഡെല്‍ഹി : ഫോക്‌സ്‌വാഗണ്‍ ഇന്ത്യ 500 കോടി രൂപ പിഴയടയ്ക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. ഫോക്‌സ്‌വാഗണിന്റെ ഡീസല്‍ കാറുകള്‍ ഇന്ത്യയിലും പരിസ്ഥിതി നാശത്തിന് കാരണമായതായി ട്രിബ്യൂണല്‍ പ്രസ്താവിച്ചു. മലിനീകരണ നിയന്ത്രണ പരിശോധനകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ ഡീസല്‍ കാറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചിരുന്നു. തട്ടിപ്പ് നേരത്തെ ആഗോളതലത്തില്‍ പിടിക്കപ്പെട്ടിരുന്നു.

രണ്ട് മാസത്തിനുള്ളില്‍ തുക കെട്ടിവെയ്ക്കണമെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച പ്രത്യേക സമിതി 171.34 കോടി രൂപ നഷ്ടപരിഹാരം ഈടാക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരുന്നത്. 2016 ല്‍ ദേശീയ തലസ്ഥാനത്ത് ഫോക്‌സ്‌വാഗണ്‍ കാറുകള്‍ 48.678 ടണ്‍ നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളിയെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

കെട്ടിവെയ്ക്കുന്ന തുക ഉപയോഗിച്ച് ദേശീയ തലസ്ഥാന മേഖലയിലും മറ്റിടങ്ങളിലെയും അന്തരീക്ഷ വായുവിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാവുന്നതാണെന്നും ഇക്കാര്യം ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരിഗണിക്കാവുന്നതാണെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.

എന്നാല്‍ ബിഎസ് 4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ വാദിച്ചു. ഓണ്‍ റോഡ് പരീക്ഷണങ്ങള്‍ നടത്തിയ സമയത്തെ പരിശോധനാ ഫലങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവെന്ന് കമ്പനി പ്രസ്താവിച്ചു. പരീക്ഷണ ഓട്ടങ്ങള്‍ നടത്തുമ്പോള്‍ പാലിക്കാനായി മാനദണ്ഡങ്ങള്‍ ഇല്ലെന്നും ഫോക്‌സ്‌വാഗണ്‍ ഇന്ത്യ വാദിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യ വ്യക്തമാക്കി.

Comments

comments

Categories: Auto
Tags: Fine, Volkswagen