മിന്നല്‍ ഹര്‍ത്താലെന്ന രാഷ്ട്രീയ ദുരാചാരം

മിന്നല്‍ ഹര്‍ത്താലെന്ന രാഷ്ട്രീയ ദുരാചാരം

പലപ്പോഴും, പുലര്‍ച്ചെ അത്യാവശ്യ യാത്രകള്‍ക്കായി ബസ് സ്റ്റോപ്പിലേക്കും റെയ്ല്‍വേ സ്റ്റേഷനിലേക്കുമൊക്കെ തിടുക്കപ്പെട്ട് എത്തുമ്പോഴാണ് അന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവരം അറിയുക. അക്രമ-ദ്രോഹ-നശീകരണ പ്രവണതകളുടെ പ്രകടനമാണ് ഓരോ ഹര്‍ത്താലിനും അരങ്ങേറുക. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. പക്ഷേ, അത് മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശത്തേക്കാള്‍ വലുതല്ല. പൊതുജനത്തെ ബന്ദികളാക്കുന്ന ഈ രാഷ്ട്രീയ ദുരാചാരം അവസാനിപ്പിക്കേണ്ടതുണ്ട്

ജനാധിപത്യവിരുദ്ധവും അര്‍ത്ഥശൂന്യവുമാണ് മിന്നല്‍ ഹര്‍ത്താലുകള്‍. നാടിന് ഒരു നന്മയും പ്രദാനം ചെയ്യാത്ത ദുരാചാരമാണിത്. ആര്, എന്താവശ്യത്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയാലുംഅത് അംഗീകരിക്കാനാവില്ല. പലപ്പോഴും, പുലര്‍ച്ചെ അത്യാവശ്യ യാത്രകള്‍ക്കായി ബസ് സ്റ്റോപ്പിലേക്കും റെയ്ല്‍വേ സ്റ്റേഷനിലേക്കുമൊക്കെ തിടുക്കപ്പെട്ട് എത്തുമ്പോഴാണ് അന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവരം അറിയുക. പൊതുജനത്തെ അക്ഷരാര്‍ത്ഥത്തില്‍ ബന്ദികളാക്കുന്ന ഈ രാഷ്ട്രീയ ദുരാചാരത്തിന് അറുതി വരുത്തിയേ തീരൂ. അക്രമ-ദ്രോഹ-നശീകരണ പ്രവണതകളുടെ പ്രകടനമാണ് ഓരോ ഹര്‍ത്താലിനും അരങ്ങേറുക. ഒരു നല്ല മനുഷ്യന്റെയും പിന്തുണ ഈ ദുരാചാരത്തിനുണ്ടാകില്ല.

ഹര്‍ത്താലുകള്‍ വിജയിക്കുന്നത് അതുണ്ടാക്കുന്ന ഭയത്തിലൂടെയാണ്. ആ ഭയം ഇല്ലാതാക്കിയാല്‍ ഹര്‍ത്താലിന് അന്ത്യമാകും. മിന്നല്‍ ഹര്‍ത്താലുകള്‍ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കേരള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവരില്‍ നിന്നും ഹര്‍ത്താല്‍ ദിനത്തിലെ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാര തുക ഈടാക്കാനും മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് കോടതിയലക്ഷ്യ നടപടിയായി കണ്ട് ശിക്ഷാനടപടികള്‍ സ്വീകരിക്കാനുമുള്ള തീരുമാനം അടിയന്തര ഹര്‍ത്താലുകളെ തടയുമെന്ന് പ്രത്യാശിക്കാം. പൊതുമുതലിനേല്‍പിച്ച നാശനഷ്ടങ്ങള്‍ക്കു മാത്രമല്ല, പലര്‍ക്കും വ്യക്തിപരമായി നേരിടേണ്ടിവരുന്ന നഷ്ടങ്ങള്‍ക്കും ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കേണ്ട സാഹചര്യമുണ്ടാകണം. പൊതുവാഹനങ്ങളും പൊതുസേവനങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും പരീക്ഷകള്‍ മാറ്റിവെക്കരുതെന്നുമുള്ള ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കണം. മിന്നല്‍ ഹര്‍ത്താല്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീക രിക്കരുതെന്ന ഹൈക്കോടതി നിര്‍ദ്ദേശം പാലിച്ചാല്‍ തന്നെ ഹര്‍ത്താല്‍ നടപ്പാകാതെ പോകും.

ഹര്‍ത്താല്‍ എന്ന് കേട്ടാല്‍ മതി, കടകളെല്ലാം ഷട്ടറിടും. വാഹന ഗതാഗതം നിലയ്ക്കും. ജനജീവിതം സ്തംഭിക്കും. ഇതിന് മാറ്റമുണ്ടാകണം. നാടിന്റെ നാനാഭാഗത്തും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മകള്‍ രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. കോഴിക്കോട് ചേര്‍ന്ന ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ, 2019 നെ ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. 36 സംഘടനകളുടെ കൂട്ടായ്മയാണിത്. കൊച്ചിയില്‍ ചേര്‍ന്ന 28 ടൂറിസം സംഘടനകളും ഹര്‍ത്താലുകളോടും പണിമുടക്കുകളോടും സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി സമൂഹവും കേരള ഫിലിം ചേംമ്പര്‍ ഓഫ് കൊമേഴ്‌സുമെല്ലാം ഹര്‍ത്താലിനെതിരെ പ്രതിഷേധ വിളംബരം നടത്തിയിരിക്കുകയാണ്. അതിജീവനത്തിനായുള്ള പോരാട്ടമായി ഇതിനെ കാണണം. ജനത്തെ ബന്ദിയാക്കുന്ന ഈ സമരരീതിക്കെതിരെ ജനവികാരം ഉയരുന്നെന്ന് ഹര്‍ത്താല്‍ പ്രഖ്യാപിക്കുവര്‍ മനസ്സിലാക്കണം. നാടെങ്ങും ഹര്‍ത്താലിനെതിരെ കരുത്താര്‍ജിക്കുന്ന ജനമുന്നേറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് സര്‍ഗ്ഗാത്മകമായ, ജനദ്രോഹപരമല്ലാത്ത മറ്റ് സമരമാര്‍ഗ്ഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടെത്തണം. ഇല്ലെങ്കില്‍ ജനം നിങ്ങളെ വെറുക്കും; തിരിച്ചടിക്കും.

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. പക്ഷേ, അത് മറ്റൊരാളുടെ ജീവിക്കാനുള്ള അവകാശത്തേക്കാള്‍ വലുതല്ല. ഒരു വര്‍ഷത്തെ 365 ദിനങ്ങളില്‍ ശരാശരി 100 ദിനങ്ങളും ഹര്‍ത്താലാക്കി മാറ്റുകയാണിവിടെ. 120 ഹര്‍ത്താല്‍ വരെ നടത്തിയ വര്‍ഷങ്ങളുണ്ട്. ലോകത്ത് ഒരിടത്തും ഒരു സമരരൂപത്തെയും ഇങ്ങനെ ദുരുപയോഗം ചെയ്തിട്ടില്ല. നമ്മുടെ രാഷ്ട്രീയം എത്തിച്ചേര്‍ന്ന അപചയത്തിന്റെ ആഴമാണിത്. കാലഹരണപ്പെട്ട, രാഷ്ട്രീയമായി പഴകി തുരുമ്പിച്ച ഹര്‍ത്താല്‍ എന്ന സമര രൂപത്തെ നമുക്കുപേക്ഷിക്കാം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാത്തവരെ പിന്നീട് കാലം തന്നെ ചോദ്യം ചെയ്യുമെന്നോര്‍ക്കുക.

Categories: FK Special, Slider
Tags: Hartal