പേടിഎം നഷ്ടത്തില്‍; എന്നാല്‍ സ്ഥാപകന്റെ സമ്പത്ത് 18,000 കോടി

പേടിഎം നഷ്ടത്തില്‍; എന്നാല്‍ സ്ഥാപകന്റെ സമ്പത്ത് 18,000 കോടി

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയെ ഭാഗ്യദേവത കൈവിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ മൊബീല്‍ പേമെന്റ് കമ്പനി ഇപ്പോഴും വലിയ നഷ്ടത്തില്‍ തന്നെയാണ്

ന്യൂഡെല്‍ഹി: നഷ്ടകണക്കുകളും വായ്പാ ബാധ്യതയുമെല്ലാം പല ഇന്ത്യന്‍ സംരംഭകരുടെയും നടുവൊടിച്ച വാര്‍ത്തകളാണ് അടുത്തിടെ വന്നത്. സാക്ഷാല്‍ അനില്‍ അംബാനി വരെ അതില്‍ കുരുങ്ങി. എന്നാല്‍ പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭകനായ വിജയ് ശേഖര്‍ ശര്‍മയെ ഇപ്പോഴും ഭാഗ്യദേവത കൈവിട്ടില്ലെന്നതാണ് ശ്രദ്ധേയം. നോയിഡ കേന്ദ്രമാക്കിയ മൊബീല്‍ പേമെന്റ്‌സ് ഭീമന്‍ പേടിഎമ്മിന്റെ സ്ഥാപകനായ ശര്‍മ ഫോബ്‌സ് മാസികയുടെ ഇത്തവണത്തെ ശതകോടീശ്വര പട്ടികയിലും ഇടം നേടിയിട്ടുണ്ട്. ഏകദേശം 18,000 കോടി രൂപയാണ് പട്ടിക പ്രകാരം ശര്‍മയുടെ സമ്പത്ത്. മൊത്തം 2,153 ശതകോടീശ്വരന്മാരില്‍ 877ാം സ്ഥാനത്താണ് പേടിഎം സ്ഥാപകന്‍. എന്നാല്‍ ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, ശര്‍മയുടെ സംരംഭം വന്‍ നഷ്ടത്തിലാണെ യാഥാര്‍ത്ഥ്യം. കണക്കുകള്‍ പ്രകാരം 3,393 കോടി രൂപയാണ് പേടിഎം നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്.

നോട്ട് അസാധുവാക്കല്‍ ഭാഗ്യം

2017 ലാണ് വിജയ് ശേഖര്‍ ശര്‍മ ആദ്യമായി ഫോബ്‌സ് സമ്പന്ന പട്ടികയില്‍ ഇടം നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സുപ്രധാന സാമ്പത്തിക പരിഷ്‌കരണമെന്ന നിലയില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത് 2016 നവംബറിലായിരുന്നു. കറന്‍സി ഇടപാടുകള്‍ കുറഞ്ഞതോടെ മൊബീല്‍ പേമെന്റ് ഇടപാടുകളില്‍ അസാമാന്യ വളര്‍ച്ചയുണ്ടായി. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായത് പേടിഎം തന്നെയാണ്.

ഒമ്പത് വര്‍ഷം പ്രായമുള്ള കമ്പനിക്ക് ഇന്ന് 310 ദശലക്ഷം ഉപഭോക്താക്കളുണ്ട്. ദിനംപ്രതി 16 ദശലക്ഷം ഇടപാടുകളും പേടിഎമ്മിലൂടെ നടക്കുന്നു. 2018ല്‍ 39കാരനായ ശര്‍മ ഫോബ്‌സ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ശതകോടീശ്വരനായി മാറി. 40 വയസ്സില്‍ താഴെയുള്ള ഏക ഇന്ത്യക്കാരനും അദ്ദേഹം തന്നെയായിരുന്നു.

പേടിഎമ്മിനെ കൂടാതെ അദ്ദേഹത്തിന്റെ അധീനതയിലുള്ള പേടിഎം മാള്‍ എന്ന ഇ-കൊമേഴ്‌സ് സംരംഭവും പേടിഎം പേമെന്റ്‌സ് ബാങ്കും മികച്ച വിപണി മൂല്യം കൈവരിച്ച സംരംഭങ്ങളായി മാറി.

2018 ഏപ്രിലില്‍ ചൈനയുടെ ആലിബാബ ഗ്രൂപ്പും ജപ്പാന്റെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പും പേടിഎം മാളില്‍ നടത്തിയത് 453 മില്യണ്‍ ഡോളറാണ്. ഇതിന് പിന്നാലെ തന്നെ ലോക പ്രശസ്ത നിക്ഷേപകനായ വാറന്‍ ബജറ്റിന്റെ ബര്‍ക്ഷയര്‍ ഹതാവെ 300 മില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിച്ചതോടെ വിജയ് ശേഖര്‍ ശര്‍മയുടെ ബ്രാന്‍ഡ് മൂല്യത്തിലും വന്‍ വര്‍ധന വനന്നു.

വാറന്‍ ബഫറ്റ് ഇന്ത്യയില്‍ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള നിക്ഷേപമായിരുന്നു അത്. ഇതോടു കൂടി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം 12 ബില്യണ്‍ ഡോളറിലേക്കാണ് ഉയര്‍ന്നത്.

അതേസമയം മറ്റ് പല ബിസിനസുകാരുടെയും സമ്പത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയതെന്നതും ശ്രദ്ധേയമാണ്. പതഞ്ജലി ആയുര്‍വേദ് മേധാവി ആചാര്യ ബാലകൃഷ്ണയുടെ സമ്പത്ത് 6.3 ബില്യണ്‍ ഡോളറില്‍ നിന്ന് 4.9 ബില്യണ്‍ ഡോളറിലേക്ക് കുറഞ്ഞു. 2010ന് ശേഷം അനില്‍ അംബാനിയുടെ സമ്പത്തിലെ ചേര്‍ച്ച 80 ശതമാനത്തോളം വരും. അനിലിന്റെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വയര്‍ലെസ് ടെലികോം പ്രര്‍ത്തനങ്ങള്‍ 2017 അവസാനത്തോട് കൂടി നിര്‍ത്തേണ്ടിയും വന്നു.

Comments

comments

Categories: FK News
Tags: PayTM