വടക്കന്‍ എമിറേറ്റുകളിലെ ഊര്‍ജ പദ്ധതികള്‍ക്ക് 1.6 ബില്യണ്‍ ഡോളര്‍:ഷേഖ് മുഹമ്മദ്

വടക്കന്‍ എമിറേറ്റുകളിലെ ഊര്‍ജ പദ്ധതികള്‍ക്ക് 1.6 ബില്യണ്‍ ഡോളര്‍:ഷേഖ് മുഹമ്മദ്

ജല, വൈദ്യുത, റോഡ് വികസന പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്തും

അബുദബി: വടക്കന്‍ എമിറേറ്റുകളിലെ ജല, വൈദ്യുത പദ്ധതികള്‍ക്ക് വേണ്ടി 5.8 ബില്യണ്‍ ദിര്‍ഹം (1.58 ബില്യണ്‍ ഡോളര്‍) അനുവദിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മൗക്തൂം. വടക്കന്‍ എമിറേറ്റുകളിലെ ജല,വൈദ്യുത പദ്ധതി പ്രദേശങ്ങളില്‍ ഷേഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി.

അബുദബിയിലെയും ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെ ജല സ്രോതസുകളെ ബന്ധപ്പെടുത്തി കൊണ്ടുള്ള ജലപാത സ്ഥാപിക്കുന്നതിനും ഡാമുകള്‍ പണിയുന്നതിനുമായി 2.4 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിക്ക് ഷേഖ് മുഹമ്മദ് അനുമതി നല്‍കി. ഉം അല്‍ ഖ്വവൈനില്‍ സോളാര്‍ പവര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള 1.2 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതിക്കും പ്രതിദിനം 150 മില്യണ്‍ ഗാലണ്‍ ശേഷിയുള്ള ജലശുദ്ധീകരണ കേന്ദ്രത്തിനും ഷേഖ് മുഹമ്മദ് അംഗീകാരം നല്‍കി. ഈ രണ്ട് പദ്ധതികളും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.

നിരന്തരമായുള്ള വികസന ശ്രമങ്ങളും മെഗാ പദ്ധതികളും യുഎഇയുടെ സവിശേഷതകളാണെന്ന് ഷേഖ് മുഹമ്മദ് അവകാശപ്പെട്ടു. പുതിയ വികസനപാതയ്ക്ക് തുടക്കമിട്ടിരിക്കുന്നതിനാല്‍ എല്ലാ മേഖലകളിലും ഉന്നത നിലവാരം കൈവരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജല, വൈദ്യുത, റോഡ് പദ്ധതികള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വളരെ പ്രധാനപ്പെട്ടവയാണ്. അതുകൊണ്ട് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ അഭിവൃദ്ധി ഉറപ്പ് വരുത്തുന്നതിനായി ഇത്തരം പദ്ധതികളിലാണ് ഇപ്പോള്‍ നിക്ഷേപം നടത്തുന്നതെന്നും ഷേഖ് മുഹമ്മദ് പറഞ്ഞു. ദേശീയ ജല സുരക്ഷ പദ്ധതികളുടെ ഭാഗമായുള്ള ഭാവി പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും ഷേഖ് മുഹമ്മദ് നല്‍കി.

Comments

comments

Categories: Arabia