കൊക്കൂണ്‍ കൂട്ടില്‍ നിന്നും അലങ്കാര വസ്തുക്കള്‍

കൊക്കൂണ്‍ കൂട്ടില്‍ നിന്നും അലങ്കാര വസ്തുക്കള്‍

കരവിരുതില്‍ വിസ്മയം തീര്‍ത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള വൃദ്ധ ദമ്പതികള്‍

കണ്ണൂര്‍: പ്രായത്തെ തോല്‍പ്പിച്ച് കരവിരുതിന്റെ വിസ്മയ ലോകം തീര്‍ക്കുകയാണ് തമിഴ്നാട്ടില്‍ നിന്നുള്ള വൃദ്ധ ദമ്പതികള്‍. പട്ടുനൂല്‍ പുഴുവിന്റെ (കൊക്കൂണ്‍) ഉപയോഗശൂന്യമായ കൂട് മനോഹരങ്ങളായ അലങ്കാരവസ്തുക്കളാക്കുകയാണ് സേലം സ്വദേശികളായ ചിദംബരവും ഭാര്യ സി കമലയും. മലബാര്‍ ക്രാഫ്റ്റ് മേളയില്‍ എത്തുന്നവര്‍ ഈ ദമ്പതികളുടെ കരവിരുതില്‍ തീര്‍ത്ത കരകൗശലങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

ഒറ്റനോട്ടത്തില്‍ പ്ലാസ്റ്റിക്കാണെന്ന് തോന്നുമെങ്കിലും അടുത്തെത്തി പരിശോധിക്കുമ്പോഴാണ് കൊക്കൂണ്‍ ആണെന്നു മനസ്സിലാകുക. മാല, ബൊക്ക, പൂവ്, അലങ്കാര വസ്തുക്കള്‍ എന്നിവ കൊക്കൂണില്‍ നിന്നും ഇവരുടെ കയ്യാല്‍ പിറവിയെടുത്തിട്ടുണ്ട്. കൊക്കൂണ്‍ കൊണ്ട് ഇവര്‍ തീര്‍ക്കുന്ന അലങ്കാര വസ്തുക്കള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. പട്ടുനൂല്‍ കര്‍ഷകരും വന്‍കിട കമ്പനികളും പുറം തള്ളുന്ന പട്ടുനൂല്‍ പുഴുവിന്റെ കൂട് കുറഞ്ഞവിലക്ക് ഇവര്‍ ശേഖരിക്കുന്നു. ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് സന്ദര്‍ശകര്‍ക്ക് നല്‍കാന്‍ കഴിയുന്നുണ്ടെന്ന് ചിദംബരം പറയുന്നു. മാത്രമല്ല ഇത് വിദേശ വിപണികളില്‍ എളുപ്പത്തില്‍ വിറ്റഴിക്കാന്‍ സാധിക്കുമെന്നും ചിദംബരം പറഞ്ഞു.

ബെംഗളുരു എല്‍ടിസിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായിരുന്ന ചിദംബരം ഒരു അപകടത്തില്‍ പെട്ട് കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമിക്കുമ്പോഴാണ് കൊക്കൂണ്‍ കരവിരുത് സ്വായത്തമാക്കുന്നത്. പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും കരകൗശലവസ്തുക്കള്‍ ഉണ്ടാക്കുന്നതിനായി മാറ്റിവെച്ചു. ഭാര്യ കമലത്തെയും കൊക്കൂണ്‍ കരവിരുത് പഠിപ്പിച്ചു. 1989ല്‍ ചിദംബരത്തിന് തമിഴ്നാട് സര്‍ക്കാറിന്റെ മികച്ച കരകൗശല പ്രവര്‍ത്തകനുള്ള അവാര്‍ഡും രണ്ട് തവണ സ്വര്‍ണ മെഡലും ലഭിച്ചിട്ടുണ്ട്.

സ്റ്റാളില്‍ എത്തുന്നവര്‍ക്ക് കൊക്കൂണില്‍ കരകൗശല വസ്തുക്കള്‍ എങ്ങനെയാണുണ്ടാക്കുന്നതെന്ന് ചിദംബരം വിശദീകരിച്ച് കൊടുക്കുന്നുമുണ്ട്. തമിഴ്നാട്ടിലെ വിവിധ സര്‍വ്വകലാശാലകളിലും പൂനെ, മൈസൂര്‍, ബെംഗളൂരു എന്നിവടങ്ങളിലെ കരകൗശല അക്കാദമിയില്‍ പരിശീലനവും നടത്തുന്നുണ്ട് ഈ ദമ്പതികള്‍. ഇതിന് പുറമെ മലബാര്‍ ക്രാഫ്റ്റ്മേളയിലെ സ്റ്റാളില്‍ വിവിധ വര്‍ണങ്ങളിലുള്ള പട്ടുസാരികളും വസ്ത്രങ്ങളും ഇവര്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കരകൗശല വസ്തുക്കള്‍ എളുപ്പത്തില്‍ നിര്‍മിക്കാന്‍ കഴിയുമെങ്കിലും ഈ രംഗത്തേക്ക് കടന്ന് വരാന്‍ പുതുതലമുറ തയാറാകുന്നില്ലെന്ന് ചിദംബരം പറയുന്നു. മാലിന്യ കൂമ്പാരത്തില്‍ വലിച്ചെറിയുന്ന കൊക്കൂണുകളാണ് ചിദംബരത്തിന്റെയും കമലയുടെയും കരവിരുതാല്‍ അലങ്കാര വസ്തുക്കളായി മാറുന്നത്.

Comments

comments

Categories: FK News