ജഗ്വാര്‍ ഐപേസ് യൂറോപ്യന്‍ ‘കാര്‍ ഓഫ് ദ ഇയര്‍’

ജഗ്വാര്‍ ഐപേസ് യൂറോപ്യന്‍ ‘കാര്‍ ഓഫ് ദ ഇയര്‍’

23 രാജ്യങ്ങളില്‍ നിന്നായി മോട്ടോറിംഗ് രംഗത്തെ 60 മാധ്യമപ്രവര്‍ത്തകരുള്‍പ്പെടുന്ന ജൂറിയാണ് വിധിനിര്‍ണയം നടത്തിയത്

ജനീവ: ഓള്‍ ഇലക്ട്രിക് ജഗ്വാര്‍ ഐപേസിന് യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്‌സ് 2019ല്‍ കാര്‍ ഓഫ് ദ ഇയര്‍ ബഹുമതി. ഏറെ അഭിമാനാര്‍ഹമായ പുരസ്‌കാരത്തിന് ജഗ്വാര്‍ അര്‍ഹമാകുന്നത് ഇതാദ്യമായാണ്. 23 രാജ്യങ്ങളില്‍ നിന്നായി മോട്ടോറിംഗ് രംഗത്തെ 60 മാധ്യമപ്രവര്‍ത്തകരുള്‍പ്പെടുന്ന ജൂറിയാണ് വിധിനിര്‍ണയം നടത്തിയത്. നവീന സാങ്കേതിക മേന്മ, രൂപകല്‍പ്പന, പ്രകടനം, കാര്യക്ഷമത, പണത്തിനൊത്ത മൂല്യം എന്നിവ ആധാരമാക്കിയായിരുന്നു വിധിനിര്‍ണയം.

തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറിന് ഈ ബഹുമതി നേടാനായത് ഏറെ അഭിമാനം പകരുന്നതായി ജഗ്വാര്‍ ലാന്‍ഡ് റോവര്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പ്രൊഫ. ഡോ. റാള്‍ഫ് സ്‌പേത്ത് പറഞ്ഞു. സാങ്കേതികമായി ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന അഡ്വാന്‍സ്ഡ് ബാറ്ററി ഇലക്ട്രിക് വാഹനമാണിത്. വലിയ മാറ്റങ്ങള്‍ക്കാണ് ഈ വാഹനം നാന്ദി കുറിക്കുന്നത്. യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടാനായതിലൂടെ ജഗ്വാറിന്റെ ലോകോത്തര പ്രകടനം കാഴ്ച്ച വയ്ക്കുന്ന ടീമിന് വലിയ ബഹുമതിയാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുകെയില്‍ രൂപകല്‍പ്പനയും നിര്‍മാണവും നിര്‍വഹിക്കപ്പെട്ട ജഗ്വാര്‍ ഐപേസിന് ആഗോളതലത്തില്‍ മികച്ച വില്‍പ്പനനേട്ടമാണ് ലഭിച്ചു വരുന്നത്. 8000 കസ്റ്റമര്‍ ഡെലിവറികളാണ് ഇന്നുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 75 ശതമാനവും യൂറോപ്പിലാണ്.

ഐപേസിനെ പോലെ റോഡില്‍ സാന്നിധ്യമറിയിക്കുന്നതും ഡ്രൈവിംഗ് മികവ് പുലര്‍ത്തുന്നതുമായ മറ്റൊരു ഇലക്ട്രിക് കാര്‍ അപൂര്‍വമാണെന്നാണ് അവകാശവാദം. ഇലക്ട്രിക് പവര്‍ട്രെയിനിന്റെ എല്ലാ മികവും ഏറ്റെടുക്കാവുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. ബിസ്‌പോക്ക് അലൂമിനിയം ആര്‍ക്കിടെക്ചര്‍ കൂടിയാകുമ്പോള്‍ സ്‌പോര്‍ട്‌സ് കാര്‍ പ്രകടനവും എസ്‌യുവി പ്രായോഗികതയും ഇതില്‍ ഒത്തുചേരുന്നു-കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ജഗ്വാറിന്റെ പബ്ലിക്ക് ചാര്‍ജിംഗ് സേവനത്തിലൂടെ കാര്‍ ചാര്‍ജിംഗ് വളരെ സുഗമമായിരിക്കുന്നു. ഡെഡിക്കേറ്റഡ് ആപ്ലിക്കേഷന്‍, ആര്‍എഫ്‌ഐഡി കീ എന്നിവ വഴി ഇത് പ്രാപ്തമാക്കാം. ടെയ്‌ലര്‍ മേഡ് ചാര്‍ജിംഗ് പാക്കേജുകളും നിരക്കുകളും നല്‍കുന്നത് ലളിതമായ പ്രതിമാസ ബില്ലിംഗാണ്. യൂറോപ്പിലെമ്പാടുമായി 85000ലേറെ ചാര്‍ജിംഗ് പോയിന്റുകളാണുള്ളത്.

പുറത്തിറങ്ങി ഒരു വര്‍ഷത്തിനകം ലോകമെമ്പാടുമായി 55 പുരസ്‌കാരങ്ങളാണ് ഐപേസ് നേടിയിരിക്കുന്നത്. ജര്‍മന്‍, നോര്‍വീജിയന്‍, യുകെ കാര്‍ ഓഫ് ദ ഇയര്‍, ബിബിസി ടോപ്ഗിയര്‍ മാഗസിന്‍ ഇവി ഓഫ് ദ ഇയര്‍, ചൈന ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍, ഓട്ടോബെസ്റ്റിന്റെ ഇക്കോബെസ്റ്റ് അവാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: Auto
Tags: Jaguar Ipace