ആരെയും ആകര്‍ഷിക്കും ഹോണ്ട ഇ പ്രോട്ടോടൈപ്പ്

ആരെയും ആകര്‍ഷിക്കും ഹോണ്ട ഇ പ്രോട്ടോടൈപ്പ്

ഹോണ്ട അര്‍ബന്‍ ഇവി കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദനത്തിന് തയ്യാറായ ആദ്യ മാതൃക അവതരിപ്പിച്ചു

ജനീവ : 2017 ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാണ് ഹോണ്ട തങ്ങളുടെ അര്‍ബന്‍ ഇവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അതേ കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദനത്തിന് തയ്യാറായ ആദ്യ മാതൃക (പ്രൊഡക്ഷന്‍ റെഡി പ്രോട്ടോടൈപ്പ്) അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍. രൂപകല്‍പ്പന, പവര്‍ട്രെയ്ന്‍ എന്നിവയുടെ കാര്യത്തില്‍ യഥാര്‍ത്ഥ കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തുന്നതാണ് ഹോണ്ട ഇ പ്രോട്ടോടൈപ്പ്. ഈ വര്‍ഷം അവസാനത്തോടെ ഉല്‍പ്പാദനം ആരംഭിക്കും. വൈകാതെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങുമെന്ന് ഹോണ്ട അറിയിച്ചു.

200 കിലോമീറ്ററിനടുത്താണ് ഹോണ്ട ഇ പ്രോട്ടോടൈപ്പിന്റെ ഡ്രൈവിംഗ് റേഞ്ച്. അതിവേഗ ചാര്‍ജിംഗ് വഴി മുപ്പത് മിനിറ്റിനുള്ളില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും. കോംപാക്റ്റ് അളവുകളും ചെറിയ ബാറ്ററിയും നല്‍കിയതിനാല്‍ ഹൈവേകളിലേതിനേക്കാള്‍ നഗരങ്ങളില്‍ ഉപയോഗിക്കാനാണ് ഹോണ്ട ഇ പ്രോട്ടോടൈപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ 200 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചില്‍ തൃപ്തിപ്പെടാവുന്നതാണ്.

ആരെയും വശീകരിക്കുന്നവിധം ആകര്‍ഷകമാണ് ഹോണ്ട ഇ പ്രോട്ടോടൈപ്പിന്റെ ബാഹ്യ രൂപം. രൂപകല്‍പ്പനയില്‍ റെട്രോ ഭാവം കൂടി കടന്നുവന്നിട്ടുണ്ട്. റെട്രോ-മോഡേണ്‍ സമ്മിശ്രമാണ് കാബിന്‍. ബോണറ്റിലാണ് ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പുറം കണ്ണാടികള്‍ക്ക് പകരം കാമറകള്‍ ഉപയോഗിക്കും. ഹോണ്ട ഇ പ്രോട്ടോടൈപ്പ് ഇതേ മാതിരി ഫാക്റ്ററിയില്‍നിന്ന് പുറത്തുവരുമെന്ന് ഹോണ്ട സ്ഥിരീകരിക്കുന്നില്ല. ഉല്‍പ്പാദന പതിപ്പിനോട് ‘വളരെ’ സാമ്യമുള്ളതാണ് ഇ പ്രോട്ടോടൈപ്പ് എന്നാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ പറയുന്നത്.

Comments

comments

Categories: Auto