ആചന്ദ്രതാരം വാഴാന്‍ ഹോണ്ട സിവിക് തിരിച്ചെത്തി

ആചന്ദ്രതാരം വാഴാന്‍ ഹോണ്ട സിവിക് തിരിച്ചെത്തി

ഇന്ത്യ എക്‌സ് ഷോറൂം വില 17.70 ലക്ഷം രൂപ മുതല്‍

പത്താം തലമുറ ഹോണ്ട സിവിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 17.70 ലക്ഷം മുതല്‍ 22.30 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. യഥാര്‍ത്ഥത്തില്‍, ഏഴ് വര്‍ഷത്തിനുശേഷം ഹോണ്ട സിവിക് ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനിടെ ഒമ്പതാം തലമുറ ഹോണ്ട സിവിക് ആഗോള വിപണികളില്‍ വിറ്റഴിച്ചിരുന്നു. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് 2019 മോഡല്‍ ഹോണ്ട സിവിക് ആദ്യം പ്രദര്‍ശിപ്പിച്ചത്. ഇതാദ്യമായി ഡീസല്‍ എന്‍ജിന്‍ നല്‍കിയെന്നതാണ് പുതിയ സിവിക്കിന്റെ ഏറ്റവും വലിയ സവിശേഷത. വി (17.70 ലക്ഷം), വിഎക്‌സ് (19.20 ലക്ഷം), ഇസഡ്എക്‌സ് (21.00 ലക്ഷം) എന്നീ പെട്രോള്‍ വേരിയന്റുകളിലും വിഎക്‌സ് (20.50 ലക്ഷം), ഇസഡ്എക്‌സ് (22.30 ലക്ഷം) എന്നീ ഡീസല്‍ വേരിയന്റുകളിലും പുതിയ ഹോണ്ട സിവിക് ലഭിക്കും. പ്രകടനമികവും സാങ്കേതികവിദ്യകളും പരിഗണിക്കുമ്പോള്‍ മുന്‍ഗാമികളില്‍നിന്ന് വ്യത്യസ്തമായി ഓള്‍ ന്യൂ സിവിക്കില്‍ വമ്പന്‍ പരിഷ്‌കാരങ്ങള്‍ കാണാം. സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായ് ഇലാന്‍ട്ര, ഫോക്‌സ്‌വാഗണ്‍ ജെറ്റ തുടങ്ങിയവയാണ് എതിരാളികള്‍.

പുതിയ സിവിക് സെഡാന് ആകര്‍ഷകമായ പുതിയ ഡിസൈന്‍ ലഭിച്ചിരിക്കുന്നു. ആംഗുലര്‍ ബംപര്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍ എന്നിവയോടെ മൂര്‍ച്ചയേറിയ, പരുക്കന്‍ മുഖഭാവമാണ് പുതിയ സിവിക് സെഡാന്റെ പ്രത്യേകത. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘സി’ ആകൃതിയിലുള്ള പുതിയ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ഫാസ്റ്റ്ബാക്ക് റൂഫ്‌ലൈന്‍ എന്നിവ നല്‍കിയ പിന്‍വശം കണ്ടാല്‍ ഹോണ്ടയെ മനസാ നമിക്കും. പുതിയ സ്റ്റൈലിംഗ് നല്‍കി പിന്‍വശം പൂര്‍ണ്ണമായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. സ്രാവിന്റെ ചിറക് പോലത്തെ ആന്റിന നല്‍കിയതോടെ പുതിയ സിവിക്കിന്റെ ഷാര്‍പ്പ് ലുക്ക് പൂര്‍ത്തിയായി. നിരത്തുകളിലൂടെ ഒഴുകിനീങ്ങുമ്പോള്‍ ആരും നോക്കിപ്പോകുന്ന റോഡ് പ്രസന്‍സ് പുതിയ ഹോണ്ട സിവിക്കിന്റെ മേന്‍മയാണ്. സ്റ്റൈലിഷ് എന്ന് വിശേഷിപ്പിക്കാവുന്ന ഡുവല്‍ ടോണ്‍, 5 സ്‌പോക്ക്, 17 ഇഞ്ച്, ഡയമണ്ട് കട്ട്, അലോയ് വീലുകളിലാണ് സെഡാന്‍ വരുന്നത്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ എന്‍ജിന്‍ ഓണ്‍/ഓഫ് എന്നിവ 2019 ഹോണ്ട സിവിക്കിന്റെ സവിശേഷതകളാണ്. 7 ഇഞ്ച് വലുപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഡിജിറ്റലാണ്. കൂടാതെ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സംവിധാനവും നല്‍കിയിരിക്കുന്നു.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), എജില്‍ ഹാന്‍ഡ്‌ലിംഗ് അസിസ്റ്റ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്. ലെയ്ന്‍ വാച്ച് കാമറ അസിസ്റ്റ്, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയ ചില ഫീച്ചറുകള്‍ സെഗ്‌മെന്റില്‍ ഇതാദ്യമായി പുതിയ സിവിക്കിലൂടെ ഹോണ്ട നല്‍കിയിരിക്കുന്നു. തായ്‌ലാന്‍ഡില്‍ നിര്‍മ്മിച്ച ഹോണ്ട സിവിക് ആസിയാന്‍ എന്‍കാപ് കൂട്ടിയിടി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മോഡല്‍ ഇതേ കിറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ക്രാഷ് ടെസ്റ്റ് കഴിഞ്ഞെങ്കില്‍ മാത്രമേ സുരക്ഷാ നിലവാരം അറിയാന്‍ കഴിയൂ.

1.8 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, 1.6 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ മോട്ടോര്‍ എന്നിവയാണ് പുതിയ ഹോണ്ട സിവിക് സെഡാന്റെ എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 6,500 ആര്‍പിഎമ്മില്‍ 139 ബിഎച്ച്പി കരുത്തും 4,300 ആര്‍പിഎമ്മില്‍ 174 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇതാദ്യമായി നല്‍കിയ ഡീസല്‍ മോട്ടോര്‍ 4,000 ആര്‍പിഎമ്മില്‍ 118 ബിഎച്ച്പി കരുത്തും 2,000 ആര്‍പിഎമ്മില്‍ 300 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കും. സിവിടി മാത്രമാണ് പെട്രോള്‍ എന്‍ജിന്റെ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. എന്നാല്‍ ഡീസല്‍ മോട്ടോറിന് 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കും. പെട്രോള്‍ മോഡല്‍ 16.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഡീസല്‍ സിവിക് 26.8 കിലോമീറ്റര്‍ ഇന്ധനക്ഷമതയും നല്‍കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ സാക്ഷ്യപ്പെടുത്തിയ കണക്കുകളാണിത്.

Categories: Auto, Slider
Tags: Honda Civic