ഗള്‍ഫ് മേഖലയില്‍ തരംഗമായി ഗാലക്‌സി എസ്10 സ്റ്റോക്ക് തീര്‍ന്നു, പ്രീ ഓര്‍ഡര്‍ നിര്‍ത്തിവെച്ചു

ഗള്‍ഫ് മേഖലയില്‍ തരംഗമായി ഗാലക്‌സി എസ്10 സ്റ്റോക്ക് തീര്‍ന്നു, പ്രീ ഓര്‍ഡര്‍ നിര്‍ത്തിവെച്ചു

സാംസംഗിന് പ്രതീക്ഷയായി എസ്10 സിരീസ്

അബുദബി: സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ആഗോളതലത്തില്‍ സ്വല്‍പം മന്ദഗതിയിലാണെങ്കിലും ഗള്‍ഫ് മേഖലയില്‍ സാംസംഗിന് ഇപ്പോള്‍ നല്ല ബെസ്റ്റ് ടൈം ആണ്. ഇതിനോടകം തന്നെ വീറ്റ് തീര്‍ന്ന ഗാലക്‌സി എസ്10 സിരീസിലൂടെ ഗള്‍ഫ് വിപണി കയ്യടക്കാനുള്ള ശ്രമത്തിലാണ് സാംസംഗ്.

ഫെബ്രുവരി 21 മുതലാണ് ഗാലക്‌സി എസ്10 മോഡലുകള്‍ക്കായുള്ള പ്രീ ഓര്‍ഡറുകള്‍ സാംസംഗ് സ്വീകരിച്ചു തുടങ്ങിയത്. പക്ഷേ 10 ദിവസത്തിനകം സ്റ്റോക്ക് തീര്‍ന്നതിനാല്‍ കമ്പനിക്ക് പ്രീ ഓര്‍ഡര്‍ നിര്‍ത്തിവെക്കേണ്ടതായി വന്നു.

കഴിഞ്ഞ വര്‍ഷം എസ് സിരീസില്‍ രണ്ട് മോഡലുകളാണ്(എസ്9, എസ്9+) കമ്പനി പുറത്തിറക്കിയിരുന്നതെങ്കില്‍ ഈ വര്‍ഷം ഗാലക്‌സി സിരീസിന്റെ പത്താംവാര്‍ഷികത്തോട് അനുബന്ധിച്ച് എസ്10ന്റെ നാല് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

എസ്10 തീര്‍ച്ചയായും ഒരു തുറുപ്പ് ചീട്ടായിരിക്കുമെന്നും മുന്‍ വര്‍ഷങ്ങളിലെ റെക്കോഡുകളെല്ലാം ഈ മോഡല്‍ ഭേദിക്കുമെന്ന് ഉറപ്പുണ്ടെന്നും സാംസംഗ് ഗള്‍ഫ് ഇലക്ട്രോണിക്‌സിലെ ഐടി, മൊബീല്‍ വിഭാഗം മേധാവി തരേഖ് സബാഗ് പറഞ്ഞു. എസ്10 എല്ലാ റെക്കോഡുകളും ഭേദിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ഗാമിയെ അപേക്ഷിച്ച് പ്രീ ഓര്‍ഡറില്‍ തന്നെ 32 ശതമാനം വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം പ്രീ ഓര്‍ഡര്‍ രണ്ടാഴ്ച നീണ്ടപ്പോള്‍ ഇത്തവണ 10 ദിവസം കൊണ്ട് തങ്ങള്‍ക്ക് നിര്‍ത്തേണ്ടതായി വന്നുവെന്ന് തരേഖ് പറഞ്ഞു.

ദക്ഷിണ കൊറിയന്‍ മൊബീല്‍ ഭീമന്മാരായ സാംസംഗില്‍ നിന്നുള്ള ഏറ്റവും മികച്ച ഉല്‍പ്പന്നമായിട്ടാണ് വ്യവസായ രംഗത്തെ വിദഗ്ധര്‍ എസ്10 സിരീസിനെ കണക്കാക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കളില്‍ സാംസംഗിനെ വീണ്ടും ഒന്നാമതെത്തിക്കാന്‍ ഗാലക്‌സി എസ്10 രംഗത്തെത്തിയിരിക്കുന്നുവെന്നാണ് ടെക്‌റഡാര്‍ മിഡില്‍ഈസ്റ്റിലെ മാനേജിംഗ് എഡിറ്റര്‍ അബ്ബാസ് അലി പറഞ്ഞത്.

സ്‌ക്രീനാണ് ഈ മോഡലിനെ ഏറ്റവും വ്യത്യസ്തമാക്കുന്നത്. സ്‌ക്രീനില്‍ തന്നെയുള്ള അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, പിന്‍ഭാഗത്തുള്ള ട്രിപ്പിള്‍ ക്യാമറ സെറ്റ്അപ് തുടങ്ങിയ ഘടകങ്ങളും എസ്10നെ ഏറെ വ്യത്യസ്തമാക്കുന്നു. വിവിധ കോണുകളില്‍ നിന്നുള്ള ചിത്രമെടുപ്പ് സാധ്യമാക്കുന്ന അഞ്ച് ക്യാമറകളാണ് ഫോണിലുള്ളത്-മൂന്നെണ്ണം പിന്‍ഭാഗത്തും രണ്ടെണ്ണം മുമ്പിലും. കഴിഞ്ഞ വര്‍ഷം എല്‍ജിയുടെ വി40 മോഡല്‍ അഞ്ച് ക്യാമറകള്‍ അവതരിപ്പിച്ചിരുന്നെങ്കിലും മുഖ്യ എതിരാളികളായ വാവേ, ആപ്പിള്‍ എന്നീ ഫോണുകളില്‍ നിന്നും എസ്10നെ വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകം ഈ അഞ്ച് ക്യാമറകള്‍ തന്നെയാണ്.

പൊതുവേ എസ്9നെ അപേക്ഷിച്ച് വളരെ നല്ല അഭിപ്രായമാണ് എസ്10നെ കുറിച്ച് ഉപഭോക്താക്കളില്‍ നിന്നും ഉയരുന്നത്.

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 18.7 ശതമാനം വില്‍പ്പനയുമായി 2018ലെ നാലാംപാദത്തില്‍ സാംസംഗ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയിരുന്നു. ആപ്പിള്‍, വാവേ എന്നിവര്‍ക്ക് യഥാക്രമം 18.2 ശതമാനം, 16.1 ശതമാനം വില്‍പ്പനയാണ് അതേ പാദത്തില്‍ ഉണ്ടായതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് കമ്പനിയായ സ്റ്റാറ്റിസ്റ്റ പറയുന്നു.

ഗള്‍ഫ് മേഖലയില്‍ യുഎഇ ആണ് സാംസംഗിന്റെ ശക്തമായ വിപണി. എന്നാല്‍ ഈ വര്‍ഷം ഒമാനിലാണ് കമ്പനി ഏറ്റവും കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നതെന്ന് തരേഖ് പറഞ്ഞു.യുഎഇയില്‍ കമ്പനിക്ക് 42 ശതമാനം സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളാണ് നിലവിലുള്ളത്.

പ്രാദേശിക ഉപഭോക്താക്കളില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ഗാലക്‌സി ഫോള്‍ഡ് മോഡലിനെ കുറിച്ചുള്ള അന്വേഷണങ്ങള്‍ വന്ന് തുടങ്ങിയതായി തരേഖ് പറഞ്ഞു. സാംസംഗിന്റെ മടക്കാവുന്ന സ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ മോഡലാണ് ഗാലക്‌സി ഫോള്‍ഡ്. ഏകദേശം 7,250 ദിര്‍ഹം വില വരുന്ന ഈ ഫോണ്‍ 2019 രണ്ടാംപാദത്തോടെ വില്‍പ്പനയ്‌ക്കെത്തും. എന്നാല്‍ 5ജി ടെക്‌നോളിയെ പിന്തുണയ്ക്കുന്ന എസ്10 5ജി , 5ജി നെറ്റ്‌വര്‍ക്ക് ലഭ്യത അനുസരിച്ച് മാത്രമേ പുറത്തിറക്കുകയുള്ളുവെന്ന് തരേഖ് അറിയിച്ചു.

സ്മാര്‍ട്ട്‌ഫോണ്‍ വിപണി സംബന്ധിച്ച് ആഗോളതലത്തില്‍ അനലിസ്റ്റുകള്‍ ശുഭപ്രതീക്ഷയില്‍ അല്ലെങ്കിലും ഗള്‍ഫ്‌മേഖലയിലെ വളര്‍ച്ച സംബന്ധിച്ച് ശുഭാപ്തി വിശ്വാസത്തിലാണ് സാംസംഗ്. അടുത്ത അഞ്ച് വര്‍ഷത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ കേവലം 1.5-3 ശതമാനം വരെ വളര്‍ച്ചയാണ് ഗാര്‍ട്‌നര്‍ റിസര്‍ച്ച് ഡയറക്റ്ററായ അനെറ്റ് സിമ്മെര്‍മാന്‍ പ്രവചിക്കുന്നത്. അതേസമയം 2018ല്‍ നിരവധി ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടായെന്ന് സമ്മതിക്കുന്ന സാംസംഗ് പക്ഷേ വരുംവര്‍ഷം വളര്‍ച്ച വേഗം കൈവരിക്കുമെന്നുള്ള ഉറച്ച വിശ്വസത്തിലാണ്.

Comments

comments

Categories: Arabia