വനിതകള്‍ക്ക് തൊഴില്‍ നല്‍കിയാല്‍ ആഗോള ജിഡിപി $ 6 ട്രില്യണ്‍ ഉയരും

വനിതകള്‍ക്ക് തൊഴില്‍ നല്‍കിയാല്‍ ആഗോള ജിഡിപി $ 6 ട്രില്യണ്‍ ഉയരും

ഇന്ത്യക്ക് ഏഴ് ട്രില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാകും; ചൈനീസ് ജിഡിപിയില്‍ 497 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടാകും

ന്യൂഡെല്‍ഹി: വനിതാ തൊഴില്‍ നിരക്ക് ഉയര്‍ത്തുന്നത് ആഗോള തലത്തില്‍ ജിഡിപിക്ക് വന്‍ നേട്ടമാകുമെന്ന് ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ട്. ലോക രാജ്യങ്ങള്‍ വനിതാ തൊഴില്‍ നിരക്കില്‍ സ്വീഡന്റെ മാതൃക പിന്തുടര്‍ന്നാല്‍ മൊത്തം ആഗോള ജിഡിപി 6 ട്രില്യണ്‍ ഡോളര്‍ നേട്ടമുണ്ടാക്കുമെന്നാണ് അനുമാനം. 69 ശതമാനമാണ് സ്വീഡനിലെ വനിതാ തൊഴില്‍ നിരക്ക്.

അമേരിക്കയും ബ്രിട്ടനും ജപ്പാനുമടക്കം 33 രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റില്‍ (ഒഇസിഡി) തൊഴില്‍ സ്ഥലത്ത് വനിതകള്‍ ശക്തമായ അസമത്വത്തെ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. വേതന അന്തരത്തില്‍ മാത്രമല്ല, നേതൃത്വത്തിലും സ്ത്രീകള്‍ പരിഗണിക്കപ്പെടുന്നില്ല. ഒഇസിഡി രാഷ്ട്രങ്ങളിലെ പ്രമുഖ കമ്പനികളുടെ ബോര്‍ഡുകളില്‍ അഞ്ചിലൊന്ന് അംഗത്വം മാത്രമാണ് സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്നത്.

പുരുഷ-സ്ത്രീ വേതന അന്തരം നികത്തുകയാണെങ്കില്‍ ഒഇസിഡി ജിഡിപി 2 ട്രില്യണ്‍ ഡോളര്‍ വളരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തൊഴില്‍ സൂചികയില്‍ ഏറ്റവും മുന്നിലുള്ള രണ്ട് രാജ്യങ്ങള്‍ ഐസ്‌ലന്‍ഡും സ്വീഡനുമാണ്. യുകെ 14 ാം സ്ഥാനത്ത് നിന്ന് 13 ാം സ്ഥാനത്തെത്തി. പോര്‍ചുഗല്‍, യുഎസ്, ആസ്ട്രിയ എന്നിവയാണ് പട്ടികയില്‍ പിന്നലുള്ളത്.

ഇന്ത്യയും ചൈനയും മുന്നില്‍

ഇന്ത്യയും ചൈനയും വനിതാ സാമ്പത്തിക ശാക്തീകരണത്തില്‍ മികച്ച നേട്ടമാണ് കൈവരിക്കുന്നത്. 2000 മുതല്‍ ഇരു രാഷ്ട്രങ്ങളും കൂടി 167 ദശലക്ഷം ആളുകളെയാണ് ആഗോള തൊഴില്‍ ശക്തിയിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 26 ദശലക്ഷം വനിതകള്‍ ഉള്‍പ്പെടുന്നു. ആഗോള വനിതാ തൊഴില്‍ ശക്തിയുടെ 35 ശതമാനത്തെയാണ് ഈ വനിതകള്‍ പ്രതിനിധീകരിക്കുന്നത്.

എന്നിരുന്നാലും, തൊഴില്‍ ശക്തിയില്‍ ലിംഗസമത്വവും സ്ത്രീ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ ഇന്ത്യയുെ ചൈനയും നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സ്വീഡന്റെ തലത്തിലേക്ക് വനിതാ തൊഴില്‍ എത്തിക്കുന്നത് 497 ബില്യണ്‍ ഡോളറിന്റെ വര്‍ധന ജിഡിപിയിലുണ്ടാക്കാന്‍ ചൈനയെ സഹായിക്കും. ഇന്ത്യയ്ക്കാണെങ്കില്‍ 7 ട്രില്യണ്‍ ഡോളറിന്റെ പ്രോത്സാഹനമാണ് ഇത് നല്‍കുക. ജിഡിപിയുടെ 79 ശതമാനത്തോളം വരും ഇത്.

Comments

comments

Categories: FK News