ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കലിന് പിന്നാലെ സര്‍ക്കാര്‍ നിരാശപ്പെടുത്തിയെന്ന് വാള്‍മാര്‍ട്ട്

ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കലിന് പിന്നാലെ സര്‍ക്കാര്‍ നിരാശപ്പെടുത്തിയെന്ന് വാള്‍മാര്‍ട്ട്
  • നയം മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇത്ര പെട്ടെന്നുണ്ടാകുമെന്ന് യുഎസ് ഭീമന്‍ കരുതിയില്ല
  • ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ്
  • ഇപ്പോഴും രാജ്യത്ത് പ്രതീക്ഷയുണ്ടെന്നും മുന്നോട്ടുപോകുമെന്നും വാള്‍മാര്‍ട്ട്

മുംബൈ: ഫഌപ്പ്കാര്‍ട്ടിനെ ഏറ്റെടുത്തതിന് ശേഷം രാജ്യത്തെ വിദേശ നിക്ഷേപ നിയമത്തില്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതില്‍ നിരാശയുണ്ടെന്നും ഇതില്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകത്തിലെ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് വ്യക്തമാക്കി. ഇ-കൊമേഴ്‌സ് മേഖലയിലെ വിദേശ നിക്ഷേപത്തില്‍ കടുത്ത നിയന്ത്രങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപ്പിലാക്കിയത്. ഈ പശ്ചാത്തലത്തിലാണ് വാള്‍മാര്‍ട്ടിന്റെ പ്രതികരണം.

ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുമെന്നതുകൂടി ശ്രദ്ധേിക്കേണ്ടതാണെന്ന് വാള്‍മാര്‍ട്ടിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രെറ്റ് ബിഗ്‌സ് പറഞ്ഞു. റെയ്മണ്ട് ജെയിംസ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ് കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.

ഇന്ത്യയില്‍ നിയങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നത് ഞങ്ങള്‍ക്കറിയാമായിരുന്നു. അതിലൂടെ മുന്നേറി വേണം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍. എന്നാല്‍ വളരെ വേഗത്തില്‍ നിയമങ്ങളില്‍ മാറ്റം വന്നത് ഞങ്ങളെ നിരാശപ്പെടുത്തി. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഞങ്ങളുടെ പദ്ധതികളിലും മാറ്റങ്ങള്‍ വരുത്തി മുന്നേറാന്‍ ശ്രമിക്കുകയാണ്-ബ്രെറ്റ് ബിഗ്‌സ് വ്യക്തമാക്കി.

അമേരിക്കയിലെ ബെന്‍ടണ്‍വില്‍ ആസ്ഥാനമായുള്ള റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫഌപ്പ്കാര്‍ട്ടിനെ കഴിഞ്ഞ മേയില്‍ 16 ബില്യണ്‍ ഡോളറിനാണ് സ്വന്തമാക്കിയത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്.

വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികളോട് വെയര്‍ഹൗസിംഗ്, ലോജിസ്റ്റിക്‌സ്, പരസ്യങ്ങള്‍ എന്നീ സേവനങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെ എല്ലാ സെല്ലര്‍മാര്‍ക്കും ഒരേ രീതിയില്‍ നല്‍കണമെന്നാണ് പുതിയ നിയമത്തില്‍ പറുന്നത്. ചില ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി മാത്രം എക്‌സ്‌ക്ലൂസിവ് വില്‍പ്പന നടത്തുന്ന ഏര്‍പ്പാടിനും പൂട്ട് വീണിരുന്നു.

വളരെ ആകര്‍ഷകമായ ഒരു വിപണിയാണിത്. 1.3 ബില്യണ്‍ ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ മധ്യവര്‍ഗം ഇപ്പോഴും വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്. വളരെ വേഗത്തിലാണ് ഇ-കൊമേഴ്‌സ് രംഗം കൂടുതല്‍ പേരിലേക്ക് എത്തുന്നത്-വാള്‍മാര്‍ട്ടിന്റെ ബിഗ്‌സ് പറഞ്ഞു. 2028 ആകുമ്പോഴേക്കും ഇന്ത്യയുടെ റീട്ടെയ്ല്‍ വിപണി 114 ബില്ല്യണ്‍ ഡോളറിന്റേതാകുമെന്നാണ് വിലയിരുത്തല്‍. പരമ്പരാഗത റീട്ടെയ്ല്‍ മേഖലയെ അപേക്ഷിച്ച് അതിവേഗത്തിലാണ് ഇ-കൊമേഴ്‌സ് വിപണിയുടെ വളര്‍ച്ച.

Comments

comments

Categories: Business & Economy
Tags: Flipkart, Walmart