ഡോ.ഫാത്മാ ബഓത്മാന്‍; കൃത്രിമബുദ്ധിയില്‍ പിഎച്ച്ഡി നേടുന്ന ആദ്യ പശ്ചിമേഷ്യന്‍ വനിത

ഡോ.ഫാത്മാ ബഓത്മാന്‍; കൃത്രിമബുദ്ധിയില്‍ പിഎച്ച്ഡി നേടുന്ന ആദ്യ പശ്ചിമേഷ്യന്‍ വനിത

‘ ഒരിക്കലും അവസാനിക്കാത്ത ശാസ്ത്രവിഭാഗമാണ് എഐ’

ദുബായ്: സൗദി അറേബ്യയില്‍ വനിതാ മുന്നേറ്റത്തിന്റെ പുതിയ പേരാണ് ഡോ.ഫാത്മാ ബഓത്മാന്‍. പശ്ചിമേഷ്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍(എഐ, കൃത്രിമബുദ്ധി) ഡോക്ടറ്റേറ്റ് നേടുന്ന ആദ്യ വനിതയാണ് ഈ സൗദിക്കാരി.

അരിസോണ സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് ബിരുദ പഠനം നടത്തുന്ന കാലത്താണ് ഫാത്മാ എഐയില്‍ ആകൃഷ്ടയാകുന്നത്. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്തവരെ സഹായിക്കുന്നതിനായി രൂപപ്പെടുത്തിയ കംപ്യൂട്ടര്‍ സിസ്റ്റമാണ് ഫാത്മയുടെ മനസില്‍ കൃത്രിമബുദ്ധിയുടെ വിത്തുകള്‍ പാകിയത്. ഒരു യന്ത്രത്തിന്റെ ആശയവിനിമയ ശേഷിയും ഇടപെടലും തന്നെ വിസ്മയപ്പെടുത്തിയതായി ഫാത്മാ പറയുന്നു. പിന്നീട് പ്രോഗ്രാമിംഗ് പഠിച്ചപ്പോഴും ട്യൂറിംഗ് ടെസ്റ്റ് (യന്ത്രങ്ങളുടെ ബുദ്ധിവൈഭവം അളക്കുന്നതിനായി രൂപപ്പെടുത്തിയ ടെസ്റ്റ്) സംബന്ധിച്ച് കൂടുതല്‍ അറിവുകള്‍ നേടിയപ്പോഴും താന്‍ ഈ മേഖലയില്‍ കൂടുതല്‍ ആകൃഷ്ടയായതായി ഫാത്മാ പറയുന്നു.

2003ല്‍ യുകെയിലെ ഹഡ്‌സ്ഫീല്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും കംപ്യൂട്ടിംഗ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ ഫാത്മ ബിരുദം നേടി. അവിടെ വെച്ച് ശബ്ദശാസ്ത്രത്തില്‍ അധിഷ്ഠിതമായ അറബിക് ഭാഷയിലുള്ള ശബ്ദം സ്വയമേ തിരിച്ചറിയുന്ന(ഫോണോളജി ബെയ്‌സ്ഡ് ഓട്ടോമാറ്റിക് സ്പീച്ച് റെകഗ്നീഷന്‍ ഫോര്‍ അറബിക്) വിഷയത്തില്‍ ഫാത്മാ പിഎച്ച്ഡി നേടി. പ്രധാനമായും കൃത്രിമബുദ്ധിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു ഫാത്മായുടെ പഠനം. ഫോര്‍കാസ്റ്റിംഗ്, പാറ്റേണ്‍ റെക്കഗ്നീഷന്‍, ഫോണോളജി, ഫൊണറ്റിക്‌സ്, അക്കൗസ്റ്റിക്‌സ്, മെഷീന്‍ ലേണിംഗ്, ഗണിതം തുടങ്ങിയ വിഷയങ്ങളിലും ഫാത്മാ അറിവ് നേടി.

ശബ്ദം മുഖേന മനുഷ്യരെ മെഷീനുകളുമായും രണ്ട് മെഷീനുകളെ തമ്മിലും ബന്ധിപ്പിക്കുന്നതിന് ഇത്തരം വര്‍ക്കുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. മാത്രമല്ല റോബോട്ടുകളുടെ ബുദ്ധിവൈഭവം മെച്ചപ്പെടുത്താനും ഈ വിഷയം പ്രയോജനപ്രദമാകും. സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് കാറ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി വിവിധ ആപ്ലിക്കേഷനുകളില്‍ ഉപയോഗപ്പെടുത്താവുന്ന വളരെ പ്രധാനപ്പെട്ട ഉപാധിയാണ് ശബ്ദമെന്ന് ഫാത്മാ പറയുന്നു.

ശബ്ദം മുഖേന യന്ത്രങ്ങളുമായി സംവദിക്കുന്നതില്‍ വളരെ തല്‍പരയാണ് ഫാത്മാ. എത്തരത്തിലാണ് ഇവയുടെ പ്രവര്‍ത്തനം എന്ന് മനസിലാക്കാന്‍ മണിക്കൂറുകളാണ് ദിവസവും ഫാത്മാ ചിലവിടാറ്. ഈ വിഷയവുമായി താന്‍ മാനസികമായി അടുപ്പത്തിലായെന്ന് അവര്‍ പറയുന്നു. എഐ സമൂഹത്തിന്റെ ഭാഗമായി, ആ വലിയ വിഭാഗത്തിന് തന്റേതായ എന്തെങ്കിലും സംഭാവന നല്‍കണമെന്നാണ് ഫാത്മായുടെ ആഗ്രഹം.

ക്രമേണ എഐ ഉപയോഗിച്ച് കൊണ്ട് സമൂഹത്തിലെ പല മേഖലകളിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഫാത്മായുടെ ആഗ്രഹം. ഉദാഹരണത്തിന് സമ്പദ് മേഖലയിലെ ചാഞ്ചാട്ടം, പ്രതിസന്ധി, ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വൈകാതെ തന്നെ എഐ പ്രയോജനപ്പെടുമെന്ന് ഫാത്മാ കരുതുന്നു.

സൗദി അറേബ്യയിലെ സാമ്പത്തിക മേഖലയില്‍ പലയിടത്തും ഇന്ന് എഐ ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചതായി ഫാത്മാ കൂട്ടിച്ചേര്‍ത്തു. ഈ സാങ്കേതിക വിദ്യ തന്റെ രാജ്യത്തിന് എങ്ങനെ ഉപകാരപ്രദമാക്കാമെന്നാണ് ഫാത്മാ ആലോചിക്കുന്നത്. മാത്രമല്ല, ഈ വിഷയം പഠിക്കുന്ന പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനപാത കൂടുതല്‍ എളുപ്പമാക്കാനുള്ള വഴികളെ കുറിച്ചും ഈ വനിത ആലോചിക്കുന്നു.

ജിദ്ദ സ്വദേശിയായ ഫാത്മാ സ്പാനിഷ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ മെഡ്‌ലാബ് മീഡിയ ഗ്രൂപ്പ് എന്ന കമ്പനിയില്‍ ഉപദേശകയായി ജോലി ചെയ്യുകയാണ്. ആധുനിക കൃത്രിമ ബുദ്ധിയില്‍ പിഎച്ച്ഡി നേടുന് ആദ്യ വനിതയായതില്‍ സന്തോഷമുണ്ടെന്ന് ഫാത്മാ പറഞ്ഞു. ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി, എഐ പ്രോജക്റ്റുകള്‍, ആരോഗ്യരംഗത്തെ മറ്റ് മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജിദ്ദയില്‍ താമസിക്കാതെ തന്നെ എആഐ ലാബ് ആരംഭിക്കുമെന്ന് ഫാത്മാ പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി കിംഗ് അബ്ദുള്‍അസീസ് സര്‍വ്വകലാശാലയിലെ കംപ്യൂട്ടിംഗ് ആന്‍ഡ് ഐടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയാണ് ഫാത്മാ.

Comments

comments

Categories: Arabia