രാസമാലിന്യങ്ങള്‍ വന്ധ്യതയുണ്ടാക്കാം

രാസമാലിന്യങ്ങള്‍ വന്ധ്യതയുണ്ടാക്കാം

വീടിനകത്തും ശരീരത്തിലും പ്രവേശിക്കുന്ന രാസമാലിന്യം മനുഷ്യരിലും വളര്‍ത്തുനായ്ക്കളിലും വന്ധ്യതയ്ക്കു കാരണമാകുന്നുവെന്നു പുതിയ പഠനങ്ങള്‍

പുകയും പൊടിയും വീടിനകത്തേക്കു പടരുമ്പോള്‍ നാം അസ്വസ്ഥരാകുന്നത് ചുമയും ശ്വാസം മുട്ടലും ബുദ്ധിമുട്ടിക്കുന്നതിനാലാണ്. എന്നാല്‍ അതിനേക്കാള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് രാസമാലിന്യങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക കാരണമാകുന്നു. നോട്ടിംഗാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ പുതിയ പഠനങ്ങള്‍ വീടുകളിലും ഭക്ഷണത്തിലും കണ്ടെത്തിയിട്ടുള്ള രാസമാലിന്യങ്ങള്‍ പുരുഷന്മാരിലും വളര്‍ത്തുനായ്ക്കളിലും വന്ധ്യതയ്ക്കു കാരണമാകുന്നുവെന്നു സൂചിപ്പിക്കുന്നു.

പുരുഷവന്ധ്യത സംബന്ധിച്ച കഴിഞ്ഞ ഏതാനും ദശകങ്ങളിലെ പഠനങ്ങള്‍ ആശങ്കാജനകവും ഗൗരവകരവുമായ ചില പ്രശ്‌നങ്ങള്‍ മുമ്പോട്ടു വെക്കുകയുണ്ടായി. ആഗോളതലത്തില്‍ 80 വര്‍ഷമായി പുരുഷ ബീജങ്ങളുടെ ഗുണനിലവാരത്തില്‍ 50 ശതമാനം കുറവു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. വളര്‍ത്തു നായ്ക്കളുടെ ബീജങ്ങളുടെ ഗുണനിലവാരവും ഗണ്യമായി കുറഞ്ഞുവെന്നാണ് മറ്റൊരു പഠനത്തില്‍ കാണാനായത്.

ഇതെല്ലാം സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത് വീടിനകത്തു വികസിത്തു വന്നിട്ടുള്ള അന്തരീക്ഷത്തിന്റെ കുഴപ്പത്തിലേക്കാണ്. ഗൃഹാന്തരീക്ഷത്തില്‍ ഉണ്ടായ ചില പുതിയ രാസവസ്തുക്കളാണോ കാരണമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംശയത്തിനു കാരണമായി ശാസ്ത്രവിദഗ്ധര്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വീടുകളില്‍ കൂടുതലായി കാണപ്പെടുന്ന ഡിഇഎച്ച്പി എന്ന പ്ലാസ്റ്റിക്കാണ് ഒരു വില്ലന്‍. കാര്‍പ്പറ്റുകള്‍, തറ, അപ്‌ഹോള്‍സ്റ്ററി, വസ്ത്രങ്ങള്‍, വൈദ്യുതിവയറുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയിലെല്ലാം കാണപ്പെടുന്ന ഘടകമാണിത്.

ആഗോളതലത്തില്‍ നിരോധിച്ചിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍ പോളിക്ലോറിനേറ്റഡ് ബൈഫെനില്‍ 153 ആണ് മറ്റൊരു അപകടകരമായ രാസവസ്തു അന്തരീക്ഷവായുവിലും ഭക്ഷണത്തിലും ഇതു വ്യാപിച്ചു കിടക്കുന്നു. ബ്രിട്ടണിലെ ഒരേ സ്ഥലപരിധിയില്‍ ജീവിക്കുന്ന പുരുഷന്മാരിലും സങ്കരയിനം നായ്ക്കളിലും നിന്നു ശേഖരിച്ച ബീജസാംപിളുകള്‍ പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. പരിസ്ഥിതിഹാനികാരികളായ രാസമാലിന്യങ്ങള്‍ പുരുഷന്മാരിലെയും നായ്ക്കളിലെയും ബീജങ്ങള്‍ക്കു സമാനമായ നാശം വരുത്തിയതായി പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

രണ്ടു കൂട്ടരിലും ബീജ ചലനശേഷി കുറഞ്ഞതായും ഡിഎന്‍എ ഘടനാവൈകല്യങ്ങള്‍ ഉള്ളതായും ഗവേഷകയായ ഡോ. റെബേക്ക സംനര്‍ പറഞ്ഞു. മനുഷ്യന്റെ ബീജ ചലനശേഷി കുറവാണെങ്കില്‍, ഡിഎന്‍എ വിഘടനം വര്‍ധിച്ചുവരികയും വന്ധ്യത വര്‍ദ്ധിക്കുകയും ചെയ്യും. ബീജത്തിന്റെ ഡിഎന്‍എ വൈകല്യവും പുരുഷവന്ധ്യതയും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ഇതു തന്നെയാണ് നായ്ക്കളിലും കാണാനാകുന്നത്.

ഇരുകൂട്ടരും ഒരേ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്നതിനാല്‍ ഒരേ വീട്ടിലെ മാലിന്യങ്ങള്‍ ഇവരെ ബാധിക്കുക സ്വാഭാവികം. ഇത്, മലിനീകരണഫലമായി വന്ധ്യത സംബന്ധിച്ച ഭാവിഗവേഷണങ്ങളില്‍ നായ്ക്കളെ ഫലപ്രദമായ പരീക്ഷണമൃഗങ്ങളാക്കാനുള്ള വലിയ സാധ്യത കല്‍പ്പിക്കുന്നു, പ്രത്യേകിച്ചും മനുഷ്യരില്‍ കാണുന്ന വന്ധ്യതാപ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ നായ്ക്കളിലെ പരീക്ഷണങ്ങള്‍ക്കു കഴിഞ്ഞേക്കുമെന്നതിനാലാണിത്. നിയന്ത്രിത ആഹാരക്രമം പോലുള്ള ബാഹ്യഘടകങ്ങള്‍ വഴി മനുഷ്യരില്‍ വന്ധ്യതാപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനാകുന്ന സാഹചര്യത്തില്‍ നായ്ക്കളിലെ പരീക്ഷണങ്ങള്‍ക്കു പ്രസക്തി വര്‍ധിക്കുന്നു.

മനുഷ്യനിര്‍മ്മിതമായ രാസവസ്തുക്കളാണ് വീടിനുള്ളില്‍ വ്യാപകമായി ഉപയോഗിച്ചിരിക്കുന്നതെന്ന് പഠനങ്ങളില്‍ സൂചിപ്പിക്കുന്നുവെന്നാണ് സ്‌കൂള്‍ ഓഫ് വെറ്റിനറി മെഡിസിന്‍ ആന്‍ഡ് സയന്‍സിന്റെ റീപ്രൊഡക്റ്റീവ് ബയോളജിയില്‍ അസോസിയേറ്റ് പ്രൊഫസറും റീഡറുമായ റിച്ചാര്‍ഡ് ലീ പറയുന്നു. ഒരേ അന്തരീക്ഷം മനുഷ്യരിലും നായ്ക്കളിലും ഒരേ രോഗങ്ങള്‍ക്ക് കാരണമാകുമെന്നു കാണാം. ഇത് ഇരുകൂട്ടരിലും ബീജഗുണനിലവാരം കുറയാന്‍ കാരണമാകുന്നുവെന്നാണ് കണ്ടെത്തിയതെന്നും ഇദ്ദേഹം പറഞ്ഞു.

പാരിസ്ഥിതിക മലിനീകരണങ്ങള്‍ വ്യവസായവല്‍ക്കരണത്തിന്റെ തിക്തഫലം അനുഭവിക്കുന്ന പാശ്ചാത്യ ജീവിതചര്യയെ പ്രതിഫലിപ്പിക്കുന്നതിനാല്‍ പരിസ്ഥിതിമാലിന്യങ്ങളിലടങ്ങിയ രാസവസ്തുക്കള്‍ പ്രദേശത്തെ ആശ്രയിച്ചാണു വളരുന്നത്. നമ്മള്‍ ജീവിക്കുന്ന പ്രദേശം പുരുഷന്മാരിലെയും നായ്ക്കളിലെയും ബീജഗുണങ്ങളെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് നിര്‍ണയിക്കുക എന്നത് ഭാവിയിലെ ഒരു പ്രധാന ഗവേഷണമേഖലയാണെന്ന് സ്‌കൂള്‍ ഓഫ് വെറ്റിനറി മെഡിസിന്‍ ആന്‍ഡ് സയന്‍സിന്റെ ഡീന്‍
പ്രൊഫസര്‍ ഗാരി ഇംഗ്ലണ്ട് പറയുന്നു.

Comments

comments

Categories: Health