പെണ്‍മനസിനോട് ഇഷ്ടം കൂടി ബ്രാന്‍ഡുകള്‍

പെണ്‍മനസിനോട് ഇഷ്ടം കൂടി ബ്രാന്‍ഡുകള്‍

സ്ത്രീകള്‍ക്കു മാത്രമായി പദ്ധതികളും വാഗ്ദാനങ്ങളുമായി ബ്രാന്‍ഡുകള്‍ മുന്‍നിരയിലുണ്ട്. സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ് അവരെ മനസ്സിലാക്കായാണ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്

പരസ്യങ്ങളില്‍ നാം കാണുന്നത് ഞൊടിയിടയില്‍ പാചകവും വീട്ടുജോലികളും ഓഫീസ് ജോലികളും തീര്‍ക്കുന്ന ഊര്‍ജസ്വലരായ സ്ത്രീകളെയാണ്. ചിലപ്പോള്‍ അവര്‍ ജിവതം ആഘോഷിക്കുകയാണെന്നുവരെ തോന്നിപ്പോകാം. എവിടെയും എപ്പോഴും സഞ്ചരിക്കാന്‍ വാഹനങ്ങളും ജോലികള്‍ പെട്ടെന്നു ചെയ്തുതീര്‍ക്കാന്‍ യന്ത്രസഹായവും ക്ഷീണമകറ്റാന്‍ ആരോഗ്യപാനീയങ്ങളും യഥാര്‍ത്ഥ ജീവിതത്തിലും സ്ത്രീകള്‍ക്ക് ആഗ്രഹിക്കാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടാണല്ലോ പരസ്യങ്ങളിലെ പതിവ് സ്ത്രീ കഥാപാത്ര സൃഷ്ടികളെ പോളിച്ചെഴുതി പകരം സമകാലീന വ്യക്തിത്വങ്ങളെ മനോഹരമായ അവതരിപ്പിക്കുന്നതിനു ചില ബ്രാന്‍ഡുകളെങ്കിലും ധൈര്യം കാണിച്ചത്.

മെച്ചപ്പെട്ട വിദ്യാഭ്യാസം,പണ സമ്പാദനത്തിന് സഹായിക്കുന്ന ജോലി, കാര്യ നിര്‍വഹണശേഷി തുടങ്ങിയവ ഇന്നത്തെ സ്ത്രീകളെ പിന്തുണയ്ക്കുന്നുണ്ട്. എന്നാലും പരസ്യങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട വീട്ടമ്മമാരുടെ കരുതലും വിവേകവും കുടുംബത്തെക്കുറിച്ചുള്ള ചിന്തയും ഇന്നത്തെ സ്ത്രീകളിലും ഉണ്ടെന്നുതന്നെ കരുതാം. സ്വന്തമായി വരുമാനം ഉള്ളവരാണെങ്കിലും കുടുംബത്തിലെ വരുമാനം പ്രയോജനപ്പെടുത്തുന്ന ജോലിയില്ലാത്തവരാണെങ്കിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള തീരുമാനം സ്ത്രീകള്‍ തന്നെ എടുക്കാറുണ്ട്. വീട്ടാവശ്യത്തിനും അല്ലാതെയുമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള തീരുമാനം അവരുടേതാകാറുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ അവര്‍ തന്നെയാണല്ലോ തീരുമാനിക്കുന്നത്. സഞ്ചരിക്കാനുള്ള വാഹനം ഏതു വേണമെന്നും മൊബീല്‍ ഏതു വേണമെന്നു തീരുമാനിച്ച് വാങ്ങിക്കുന്നതുള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വരെ വാങ്ങുന്നതിന് സ്ത്രീകളുടെ അഭിപ്രായമുണ്ടാകും.

ഇതിനാലാണ് സ്ത്രീകള്‍ക്കു മാത്രമായി പദ്ധതികളും വാഗ്ദാനങ്ങളുമായി ബ്രാന്‍ഡുകള്‍ മുന്നിലെത്തുന്നത്. സ്ത്രീകളുടെ താല്‍പ്പര്യങ്ങള്‍ അറിഞ്ഞ് അവരെ മനസ്സിലാക്കായാണ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്.

ജോലിക്കു പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ അവര്‍ സ്വതന്ത്രമായും സ്വസ്ഥമായും സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നു മനസ്സിലാക്കി, അനുയോജ്യമായ വാഹനങ്ങളും അവതരിപ്പിക്കപ്പെട്ടു. സ്ത്രീകളെ കൂടുതലായി സ്‌കൂട്ടര്‍ ലോകത്തേക്കു കൊണ്ടുവന്നത് കൈനറ്റിക് ഹോണ്ടയാണെന്നു പറയാം. അവര്‍ പുറത്തിറക്കിയ സ്വയം സ്റ്റാര്‍ട്ടാവുന്നതും ഗിയര്‍ ഇല്ലാത്തതുമായ സ്‌കൂട്ടറുകള്‍ സ്ത്രീകളെ ഏറെ സ്വാധിനിക്കുകയും അവരെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.

സ്ത്രീകള്‍ക്കുകൂടി സൗകര്യപ്രദമായി ഓടിക്കാവുന്ന ഇരുചക്രവാഹനം എന്നതിലേക്ക് ചിന്തിക്കാന്‍ കൈനെറ്റിക് ഹോണ്ടയെ പ്രേരിപ്പിച്ചത് അന്ന് കമ്പനിയുടെ സാരഥ്യം വഹിച്ചിരുന്ന സുലജ്ജ ഫിറോദിയ ഒരു വനിതയായതുകൊണ്ടായിരിക്കാം.പിന്നീട് ഇതേ ചുവടുപിടിച്ച് സ്ത്രീകള്‍ ക്ക് സുഖമായി ഓടിക്കാനാവുന്ന ഇരുചക്രവാഹനങ്ങള്‍ വിവിധ ബ്രാന്‍ഡുകളുടേതായി പുറത്തിറങ്ങി. ഇന്ന് സ്വന്തമായി കാറുകള്‍ ഓടിക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിച്ചു

സ്ത്രീകളുടെയും പുരുഷന്മാരുടെയും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന രീതിയീലും വ്യത്യാസമുണ്ട്. പല പുരുഷന്മാരും ഷോപ്പിംഗ് എന്നത് ഒരു സ്ഥിരം പ്രക്രിയ പൂര്‍ത്തിയാക്കുന്നതുപോലെ കാണുമ്പോള്‍ സ്ത്രീകള്‍ ഷോപ്പിംഗ് ഒരു അനുഭവമായി മാറ്റാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ കുടുതല്‍ ഉപഭോക്തൃസേവനവും ആഗ്രഹിക്കുന്നു. സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും അത് തന്റെ കുടുംബത്തിനും കുട്ടികള്‍ക്കും എത്രമാത്രം ഗുണം ചെയ്യുമെന്ന് ആഗ്രഹിക്കുന്നുമുണ്ട്.

സ്വന്തമായി തീരുമാനം എടുക്കുന്നതില്‍ വിവാഹിതരായവരും അല്ലാത്തവരുമായ സ്ത്രീകളുമുണ്ട്. ജോലി ചെയ്യുന്ന അവിവാഹിതരായ സ്ത്രീകള്‍ക്കും സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവരുടെ വരുമാനം സഹായകമാകുന്നു. പ്രാദേശികമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങാറുണ്ടെങ്കിലും ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് കുടുംബ ബജറ്റില്‍ പണം നീക്കിവയ്ക്കാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്.

സ്ത്രീ ഉപഭോക്താക്കളില്‍ പൂര്‍ണ സമയ വീട്ടമ്മമാരും ജോലിക്കു പോകുന്നവരും ഉണ്ട്. ഇവര്‍ക്ക് ബ്രാന്‍ഡുകളോട് പലപ്പോഴും വൈകാരിക അടുപ്പം ഉണ്ടാകും. അവര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനു മുമ്പ് അതിന്റെ ഗുണങ്ങളും സവിശേഷതകളും നേട്ടങ്ങളും കോട്ടങ്ങളും അന്വേഷിച്ച് അറിയുകയും ചെയ്യും. അതു കൊണ്ടുതന്നെയാണ് ബ്രാന്‍ഡുകള്‍ സ്ത്രീകളുടെ മനസ്സുകവരാന്‍ ഇത്രയേറെ ശ്രമിക്കുന്നതും.

Categories: FK Special, Slider