അരാംകോയുടെ ഓഹരി വിപണി പ്രവേശനം രണ്ട് വര്‍ഷത്തിനകമെന്ന് സൗദി മന്ത്രി

അരാംകോയുടെ ഓഹരി വിപണി പ്രവേശനം രണ്ട് വര്‍ഷത്തിനകമെന്ന് സൗദി മന്ത്രി

പ്രഥമ ഓഹരി വില്‍പ്പന നടത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി ലിസ്റ്റ് ചെയ്യുമെന്ന് ഖാലിദ് എ അല്‍ ഫലിഹ്

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഓഹരി വിപണി പ്രവേശനത്തില്‍ സ്ഥിരീകരണം. രണ്ട് വര്‍ഷത്തിനകം അരാംകോ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടത്തി ഓഹരി വിപണിയില്‍ എത്തുമെന്ന് സൗദി ഊര്‍ജ്ജ,വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രി ഖാലിദ് എ അല്‍ ഫലിഹ് വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരിയില്‍ അരാംകോ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ അമിന്‍ നാസറും രണ്ട് വര്‍ഷത്തിനകം അരാംകോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.

ബുധനാഴ്ച അരാംകോ ആസ്ഥാനത്തും സദാറ കെമിക്കല്‍ കമ്പനിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് അരാംകോയുടെ വിപണിപ്രവേശം രണ്ട് വര്‍ഷത്തിനകം ഉണ്ടാകുമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ഐപിഒ നടത്താനായിരുന്നു നേരത്തെ അരാംകോ പദ്ധതി ഇട്ടിരുന്നതെങ്കിലും പിന്നീട് ഇത് നീട്ടിവെക്കുകയായിരുന്നു. അനിശ്ചിതകാലത്തെ ഇടവേളയ്ക്ക് ശേഷം 2021 ഓടെ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് പിന്നീട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചിരുന്നു. ഏകദേശം 2 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയാക്കി അരാംകോയെ വളര്‍ത്താനാണ് സൗദി കിരീടാവകാശി ആഗ്രഹിക്കുന്നത്.

‘എഞ്ചിനുകളും ഇന്ധനവും കുറ്റമറ്റതാക്കണം’

ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റത്തില്‍ നിന്ന് ബിസിനസ് സംരക്ഷിക്കാനുള്ള പുതിയ നിര്‍ദ്ദേശവുമായി സൗദി അരാംകോ. കാര്‍ബണ്‍ ഡയോക്‌സൈഡ് മലിനീകരണത്തെ ചെറുക്കുന്നതിനായി കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ ഇന്ധനങ്ങളും കുറ്റമറ്റ കമ്പഷന്‍ എഞ്ചിനുകളും പുറത്തിറക്കണമെന്ന് സൗദി അരാംകോ ചീഫ് ടെക്‌നോളജി ഓഫീസര്‍. കമ്പനിയുടെ ദീര്‍ഘകാല ബിസിനസ് ഭാവി സുരക്ഷിതമാക്കി നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗമാണതെന്നും അരാംകോ ചീഫ് ടെക്‌നോളജി ഓഫീസര്‍ അഹമ്മദ് അല്‍ കൊവെയ്റ്റര്‍ അഭിപ്രായപ്പെട്ടു.

യൂറോപ്പിലെ ഇലക്ട്രിക് കാര്‍ നിര്‍മ്മാണമേഖലയിലുണ്ടായി കൊണ്ടിരിക്കുന്ന വളര്‍ച്ച കൊണ്ട് മാത്രം ആഗോളതലത്തിലുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളിനെ നിയന്ത്രിക്കാനാകില്ലെന്നും അഹമ്മദ് അല്‍ കൊവെയ്റ്റര്‍ അഭിപ്രായപ്പെട്ടു. വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ പെട്രോളിലും ഡീസലിലും ഓടുന്ന കാറുകളാണ് കൂടുതലായും വാങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ എഞ്ചിനുകളെ കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് ദീര്‍ഘകാല ബിസിനസ് മുന്നില്‍ കണ്ട് കമ്പനികള്‍ ചെയ്യേണ്ടതെന്നും അരാംകോ ചീഫ് ടെക്‌നോളജി ഓഫീസര്‍ പറഞ്ഞു.

Comments

comments

Categories: Arabia
Tags: Aramco