അടുത്ത സാമ്പത്തികവര്‍ഷം എയര്‍ ഇന്ത്യക്ക് നിര്‍ണായകം; വേണം 12,000 കോടി

അടുത്ത സാമ്പത്തികവര്‍ഷം എയര്‍ ഇന്ത്യക്ക് നിര്‍ണായകം; വേണം 12,000 കോടി

അടുത്ത സാമ്പത്തികവര്‍ഷത്തില്‍ എയര്‍ ഇന്ത്യക്ക് കട ബാധ്യത തീര്‍ക്കാനായി 12,000 കോടി രൂപ വേണ്ടിവരും. വിമാനം വാങ്ങിയതിനെടുത്ത വായ്പയും പ്രവര്‍ത്തനമൂലധനയിനത്തിലെ തുകയുമാണ് കണ്ടെത്തേണ്ടത്

ന്യൂഡെല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് അതിനിര്‍ണായകം. എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യതയായ 55,000 കോടി രൂപയുടെ പകുതിയോളവും പ്രത്യേകോദ്ദേശ്യ സംവിധാന (എസ്പിവി-സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍)ത്തിലേക്ക് മാറ്റപ്പെട്ടെങ്കിലും വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ അടിയന്തരമായി 12,000 കോടി രൂപ കൂടി കമ്പനിക്ക് കണ്ടെത്തേണ്ടി വരും. ഇതില്‍ 4,000 രൂപ പ്രവര്‍ത്തന മൂലധനയിനത്തിലുള്ളതാണ്. 8,000 രൂപ എയര്‍ക്രാഫ്റ്റ് പര്‍ച്ചേസ് ലോണ്‍ ഇനത്തിലെടുത്തതാണ്.

എയര്‍ ഇന്ത്യയുടെ പ്രതിവര്‍ഷ വായ്പാ പുനക്രമീകരണ ബാധ്യത 4,500 കോടി രൂപയാക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രത്യേകോദ്ദേശ്യ സംവിധാനത്തിലേക്ക് കടബാധ്യതയുടെ പകുതിയോളം മാറ്റിയത്. എന്നാല്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കൂടി എയര്‍ ഇന്ത്യക്ക് സര്‍ക്കാരിന്റെ കാര്യമായ പിന്തുണ വേണ്ടി വരുമെന്നാണ് സൂചന. അതിനു ശേഷം, കമ്പനിയുടെ പ്രതിവര്‍ഷ ഡെറ്റ് സര്‍വീസിംഗ് 1,500-2000 കോടി നിരക്കിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

എയര്‍ ഇന്ത്യയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും നിക്ഷേപങ്ങള്‍ കുറയ്ക്കുന്നതിന് പ്രത്യേകോദ്ദേശ്യ സംവിധാനം രൂപീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഫെബ്രുവരി 28നാണ് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കിയത്.

എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ്, എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് ലിമിറ്റഡ്, എയര്‍ ഇന്ത്യ എന്‍ജിനീയറിംഗ് സര്‍വീസസ് ലിമിറ്റഡ്, ഹോട്ടല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ നാല് എയര്‍ ഇന്ത്യ അനുബന്ധ സ്ഥാപനങ്ങളുടെ ഏതെങ്കിലും സ്വത്തുവകകളുടെ പിന്തുണയില്ലാത്ത പ്രവര്‍ത്തന മൂലധന വായ്പകള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ക്ക് വേണ്ടി എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിംഗ് ലിമിറ്റഡ് (എഐഎഎച്ച്എല്‍) എന്ന പേരിലാണ് എസ്പിവി സംവിധാനം.

പുതിയ എസ്പിവി രൂപീകരിക്കുന്നതിന് സിവില്‍ വ്യോമയാന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിക്കുകയും 2018 ജനുവരി 22ന് എസ്പിവി നിലവില്‍ വരുകയും ചെയ്തു. സിഎംഡി, എയര്‍ ഇന്ത്യ ലിമിറ്റഡ്, സിവില്‍ വ്യോമയാന മന്ത്രാലയത്തിലെയും എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പിലെയും സാമ്പത്തിക കാര്യ വകുപ്പിലെയും ഡിപാമിലെയും ജോയിന്‍ സെക്രട്ടറിമാര്‍, ഡയറക്ടര്‍ (ഫിനാന്‍സ്) എയര്‍ ഇന്ത്യ ലിമിറ്റഡ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഡയറക്ടര്‍ ബോര്‍ഡ്.

ഇതിനകം, എഐഎടിഎസ്എല്‍ എന്ന അനുബന്ധ സ്ഥാപനം എയര്‍ ഇന്ത്യ ലിമിറ്റഡുമായുള്ള ഓഹരി വാങ്ങല്‍ കരാര്‍, എഐഎഎച്ച്എല്ലിന്റെ ഉപാധികള്‍, കീഴ്‌വഴക്കങ്ങള്‍ എന്നിവ പ്രകാരം എഐഎച്ച്എല്ലിലേക്ക് മാറ്റിയിട്ടുണ്ട്.

എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ കടമായ 29,464 കോടിരൂപ, തന്ത്രപ്രധാനമായ നിക്ഷേപം വെട്ടിക്കുറയ്ക്കലിന്റെ ഭാഗമാകാത്ത എഐഎടിഎസ്എല്‍, എഐഇഎസ്എല്‍,എഎഎസ്എല്‍ എന്നീ അനുബന്ധ സ്ഥാപനങ്ങള്‍, സുപ്രധാനമല്ലാത്ത സ്വത്തുവകകള്‍,എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ മറ്റ് പ്രവര്‍ത്തനക്ഷമമായ സ്വത്തുവകകള്‍ എന്നിവയാണ് എസ്പിവിക്ക് കൈമാറുന്നത്.

എഐഎടിഎസ്എല്‍, എഐഇഎസ്എല്‍,എഎഎസ്എല്‍, എച്ച്‌സിഐ എന്നീ എയര്‍ ഇന്ത്യ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എസ്പിവിയിലേക്ക് മാറ്റുന്നതോടെ സുഗമമാകും. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന മൂലധന വായ്പാ ബാധ്യതകള്‍ പരിഹരിക്കുന്നതിന് നിക്ഷേപം വെട്ടിക്കുറയ്ക്കല്‍ പ്രക്രിയ സഹായകമാകുമെന്നും സര്‍ക്കാര്‍ കരുതുന്നുണ്ട്.

Comments

comments

Categories: FK News
Tags: Air India