സിവിക് നേടിയത് ഇരുപത് ദിവസത്തിനിടെ 1100 ബുക്കിംഗ്!

സിവിക് നേടിയത് ഇരുപത് ദിവസത്തിനിടെ 1100 ബുക്കിംഗ്!

വിപണിയില്‍ മുഖം കാണിച്ച ആദ്യ ദിവസം തന്നെ ടോപ് ഗിയറിലാണ് പത്താം തലമുറ ഹോണ്ട സിവിക് കുതിക്കുന്നത്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ പുതിയ ഹോണ്ട സിവിക് വമ്പന്‍ വിജയത്തിലേക്ക് കുതിക്കുന്നതായി സൂചന. ഇന്നലെയാണ് 2019 മോഡല്‍ ഹോണ്ട സിവിക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയതെങ്കിലും ഫെബ്രുവരി 14 ന് വൈകീട്ട് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇരുപത് ദിവസത്തിനിടെ 1100 ല്‍ കൂടുതല്‍ ബുക്കിംഗ് കരസ്ഥമാക്കിയാണ് താന്‍ ഈ നാട്ടില്‍ എങ്ങനെയാണ് വിലസിയിരുന്നത് എന്ന് ഹോണ്ട സിവിക് കാണിച്ചുതരുന്നത്. വിപണിയില്‍ മുഖം കാണിച്ച ആദ്യ ദിവസം തന്നെ ടോപ് ഗിയറിലാണ് പത്താം തലമുറ ഹോണ്ട സിവിക് കുതിക്കുന്നത്.

ആറ് വര്‍ഷത്തിനുശേഷമാണ് ചില കളികള്‍ കളിക്കാന്‍ ഹോണ്ട സിവിക് ഇന്ത്യന്‍ കാര്‍ വിപണിയില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഇല്ലാതിരുന്നതും വില്‍പ്പന കുറഞ്ഞതുമാണ് ഇന്ത്യയില്‍ ഹോണ്ട സിവിക്കിന് തിരിച്ചടിയായത്. 2013 ല്‍ ഹോണ്ട സിവിക് ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നു. എന്നാല്‍ പേരുദോഷം മുഴുവന്‍ മാറ്റാനുള്ള വ്യഗ്രതയിലാണ് 2019 മോഡല്‍ സിവിക് എന്നുവേണം വിലയിരുത്താന്‍.

എല്ലായ്‌പ്പോഴും ഇന്ത്യന്‍ വിപണിയിലെ ആദരണീയനായ കാറാണ് ഹോണ്ട സിവിക്. ഇന്ത്യന്‍ വിപണിയില്‍നിന്ന് സെഡാന്‍ വിരമിച്ചത് കുറച്ചുപേരെയൊന്നുമല്ല നിരാശപ്പെടുത്തിയത്. സൂപ്പര്‍ഹിറ്റാകാന്‍ വേണ്ട എല്ലാ ചേരുവകളും ചേര്‍ത്താണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ പുതിയ സിവിക് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

Comments

comments

Categories: Auto
Tags: Honda Civic

Related Articles