ശ്രദ്ധാകേന്ദ്രമായി ഫോക്‌സ്‌വാഗണ്‍ ഐ.ഡി. ബഗ്ഗി കണ്‍സെപ്റ്റ്

ശ്രദ്ധാകേന്ദ്രമായി ഫോക്‌സ്‌വാഗണ്‍ ഐ.ഡി. ബഗ്ഗി കണ്‍സെപ്റ്റ്

200 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നതാണ് ഇലക്ട്രിക് മോട്ടോര്‍

ജനീവ : 89 ാമത് ജനീവ മോട്ടോര്‍ ഷോയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഫോക്‌സ്‌വാഗണ്‍ ഐ.ഡി. ബഗ്ഗി കണ്‍സെപ്റ്റ്. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ പുതിയ മോഡുലര്‍ ഇലക്ട്രിക് ഡ്രൈവ് (എംഇബി) പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് ബഗ്ഗി കണ്‍സെപ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ അടിസ്ഥാനമാക്കി 1960 കളില്‍ നിര്‍മ്മിച്ച ഡ്യൂണ്‍ ബഗ്ഗികളാണ് പുതിയ കണ്‍സെപ്റ്റിന് പ്രചോദനമായത്.

ഉന്തിനില്‍ക്കുന്ന ഹെഡ്‌ലാംപുകളാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. പഴയ ബഗ്ഗികളില്‍ കണ്ടിരുന്ന പഴയ ബുള്ളറ്റ് ബോഡി ലൈറ്റുകളെ ഓര്‍മ്മിപ്പിക്കുന്നതാണിത്. മുന്‍ഭാഗത്ത് ഗ്രില്‍ കാണാനില്ല. അതേസമയം ‘എക്‌സ്’ ആകൃതിയിലുള്ള ടെയ്ല്‍ലൈറ്റുകള്‍ സമകാലീനമാണ്. 18 ഇഞ്ച് വീലുകളിലാണ് മുകള്‍ഭാഗം തുറന്ന ബഗ്ഗി കണ്‍സെപ്റ്റ് ഓടുന്നത്. ഏത് ഭൂപ്രദേശങ്ങളിലൂടെയും സഞ്ചരിക്കാന്‍ സഹായിക്കുന്നതാണ് ടയറുകള്‍.

ഫ്‌ളോറിനടിയില്‍ സ്ഥാപിച്ച 62 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് ഫോക്‌സ്‌വാഗണ്‍ ഐ.ഡി. ബഗ്ഗി കണ്‍സെപ്റ്റ് ഉപയോഗിക്കുന്നത്. 200 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നതാണ് ഇലക്ട്രിക് മോട്ടോര്‍. സിംഗിള്‍ ചാര്‍ജില്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കാം. റിയല്‍ വീല്‍ ഡ്രൈവ് വാഹനമാണ്. 2 സീറ്റര്‍ വേര്‍ഷനാണ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ 4 സീറ്റര്‍ വേര്‍ഷന്‍ നിര്‍മ്മിക്കാന്‍ കഴിയും. പ്ലാറ്റ്‌ഫോമില്‍നിന്ന് ബോഡി എളുപ്പം എടുത്തുമാറ്റാന്‍ കഴിയുമെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

Comments

comments

Categories: Auto
Tags: Buggy, Volkswagen