യുഎസ്-ഇന്ത്യ വ്യാപാര കമ്മി 7% കുറഞ്ഞു

യുഎസ്-ഇന്ത്യ വ്യാപാര കമ്മി 7% കുറഞ്ഞു

ഇന്ത്യയുടെ കമ്മി കുറഞ്ഞു, യുഎസിന്റേത് കൂടി; ലോകരാജ്യങ്ങളുമായുള്ള യുഎസിന്റെ വ്യാപാര കമ്മി 10 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡെല്‍ഹി: മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2018 ല്‍ ഇന്ത്യ-യുഎസ് വാണിജ്യ കമ്മി 1.6 ബില്യണ്‍ യുഎസ് ഡോളര്‍ കുറഞ്ഞു. ഏഴ് ശതമാനത്തിന്റെ ഇടിവാണ് ഉഭയകക്ഷി വ്യാപാര കമ്മിയില്‍ ഉണ്ടായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി കമ്മി കുറയുകയും യുഎസിന്റെ കമ്മി ഉയരുകയുമാണ് ചെയ്തിരിക്കുന്നത്. യുഎസുമായുള്ള കയറ്റിറക്കുമതിയില്‍ ഇന്ത്യയുടെ കമ്മി 22.9 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 21.3 ബില്യണ്‍ യുഎസ് ഡോളറിലേക്ക് കുറഞ്ഞതായിട്ടാണ് യുഎസ് സര്‍ക്കാര്‍ ഏജന്‍സിയായ ബ്യൂറോ ഓഫ് ഇക്കണോമി അനാലിസിസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം ഇന്ത്യയുമായുള്ള വ്യാപാരത്തിലെ യുഎസ് ചരക്കു, സേവന വാണിജ്യ കമ്മിയില്‍ 9.5 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 50.5 ബില്യണ്‍ ഡോളറായിരുന്ന കമ്മി ഡിസംബറില്‍ 59.8 ബില്യണ്‍ ഡോളറിലേക്കാണ് ഉയര്‍ന്നത്.

2018 ല്‍ ലോകരാജ്യങ്ങളുമായുള്ള യുഎസിന്റെ വ്യാപാര കമ്മി 10 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുഎസ് ഉല്‍പ്പന്നങ്ങളുടെയും ചരക്കുകളുടെയും വ്യാപാര കമ്മി 621.0 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. 2017 ല്‍ ഇത് 552.3 ബില്യണ്‍ ഡോളറായിരുന്നു. 68.8 ബില്യണ്‍ യുഎസ്ഡിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വ്യാപാര കമ്മിയിലെ വര്‍ദ്ധന, വ്യാപാര യുദ്ധത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന പ്രസിഡന്റ് ട്രംപിന് കനത്ത തിരിച്ചടിയാണ്. ഒരു വര്‍ഷത്തിനിടെ കയറ്റുമതിയില്‍ 148.9 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയുമുണ്ടായി. 2,500 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് 2018 ല്‍ യുഎസ് നടത്തിയത്. ഇറക്കുമതിയാകട്ടെ 217.7 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 3,121.0 ബില്യണിലെത്തി.

2018 ല്‍ ഉല്‍പ്പന്ന വിഭാഗത്തിലെ യുഎസിന്റെ വാണിജ്യ കമ്മി 891.3 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ചരിത്രത്തിലെ ഉയര്‍ന്ന നിലയാണ്. ചൈനയുമായുള്ള ചരക്കു വ്യാപാരത്തിലെ യുഎസിന്റെ കമ്മി കഴിഞ്ഞ വര്‍ഷം 419.2 ബില്യണ്‍ ഡോളറായിരുന്നു. യുഎസിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കാന്‍ പ്രയോജനപ്പെടുത്തുന്ന വിഷയങ്ങളിലൊന്നാണ് രാജ്യത്തിന്റെ വര്‍ധിച്ച വ്യാപാര കമ്മി. ട്രംപിന്റെ നയങ്ങളാണ് വ്യാപാര കമ്മി പ്രതിസന്ധിക്ക് കാരണമായതെന്ന് അലയന്‍സ് ഫോര്‍ അമേരിക്ക മാനുഫാക്ചറിംഗ് പ്രസിഡന്റ് സ്‌കോട്ട് പോള്‍ കുറ്റപ്പെടുത്തുന്നു.

Comments

comments

Categories: FK News