യെമനിലെ ഐക്യരാഷ്ട്ര സഭ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 500 മില്യണ്‍ ഡോളര്‍ സൗദി സഹായം

യെമനിലെ ഐക്യരാഷ്ട്ര സഭ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 500 മില്യണ്‍ ഡോളര്‍ സൗദി സഹായം

യെമനിലെ സഹോദരങ്ങളെ സഹായിക്കുകയെന്നത് സൗദിയുടെ ഉത്തരവാദിത്വമെന്ന് മന്ത്രി

ജിദ്ദ: യെമനിലെ ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുമെന്ന് സൗദി അറേബ്യ. സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ നടന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് യെമന് കൂടുതല്‍ ധനസഹായം നല്‍കുമെന്ന് സൗദി പ്രഖ്യാപിച്ചത്.

യെമനില്‍ നേരത്തെ സൗദി പ്രഖ്യാപിച്ച ഇംദദ് എന്ന ഭക്ഷ്യ സഹായ പദ്ധതിക്ക് പുറമേയാണ് 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുകയെന്ന് ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി തുര്‍ക്കി അബ്ദുള്ള അല്‍ ഷബാന പറഞ്ഞു. യെമന്‍ ജനതയോടുള്ള സൗദിയുടെ പ്രതിബദ്ധതയും യെമനില്‍ സുരക്ഷയും സ്ഥിരതയും തിരികെ കൊണ്ടുവരുന്നതിനുള്ള ജീവകാരുണ്യ, സാമ്പത്തിക നടപടികളില്‍ സൗദി കാണിക്കുന്ന ഉത്തരവാദിത്വവുമാണ് ഈ ധനസഹായം പ്രതിനിധാനം ചെയ്യുന്നതെന്നും അല്‍ ഷബാന പറഞ്ഞു. എല്ലാ മേഖലകളിലും യെമനിലെ സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നടപടികളാണ് സൗദി കൈക്കൊള്ളുന്നതെന്നും അല്‍ ഷബാന കൂട്ടിച്ചേര്‍ത്തു.

യെമനിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനായി 4 ബില്യണ്‍ ഡോളറാണ് അടിയന്തരമായി വേണ്ടത്. സഹായരാഷ്ട്രങ്ങള്‍ മുഖേന ഇതുവരെ 2.6 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് സാധിച്ചിട്ടുണ്ട്. യുദ്ധത്തില്‍ വലയുന്ന യെമന്‍ ജനതയുടെ 80 ശതമാനം, ഏകദേശം 24 മില്യണ്‍ ആളുകളാണ് സഹായഹസ്തങ്ങള്‍ക്കായി കാത്തിരിക്കുന്നത്. 20 മില്യണ്‍ ആളുകള്‍ക്ക് ഭക്ഷണം ഇല്ലാത്ത അവസ്ഥയാണ്. അതില്‍ തന്നെ 10 മില്യണ്‍ ആളുകള്‍ കൊടിയ ദാരിദ്ര്യത്തിന്റെ വക്കിലാണെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന യുദ്ധവും സാമ്പത്തിക അസ്ഥിരതയും മൂലം കഴിഞ്ഞ വര്‍ഷം മാത്രം രണ്ട് മില്യണ്‍ ആളുകള്‍ കൂടി യെമനില്‍ മാനുഷിക പ്രതിസന്ധിയില്‍ അകപ്പെട്ടതായി കണക്കുകള്‍ പറയുന്നു.

യെമന്‍ പ്രതിസന്ധിയുടെ ദുരിതം ഏറ്റവുമധികം പേറുന്നത് കുട്ടികളാണ്. ഭക്ഷണമില്ലാതെ അഞ്ച് വയസില്‍ താഴെയുള്ള 80,000 കുട്ടികള്‍ ഇതിനോടകം തന്നെ യെമനില്‍ മരണപ്പെട്ട് കഴിഞ്ഞു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കിടയോ, പ്രതിസന്ധി അനുബന്ധ ഘടകങ്ങള്‍ മൂലമോ പ്രതിദിനം 8 കുട്ടികള്‍ യെമനില്‍ മരണടയുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പറയുന്നത്.

നിലവില്‍ സൗദി അറേബ്യയും യുഎഇയുമാണ് യെമനില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നത്. ഇരുരാഷ്ട്രങ്ങളും ഇതിനോടകം 500 മില്യണ്‍ ഡോളര്‍ വീതം യെമന്‍ സഹായപ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഒരു വശത്ത് കൂടി യെമന്‍ ജനതയ്ക്ക് സഹായമെത്തിക്കുന്ന ഇവര്‍ മറുവശത്ത് യെമന് ദുരിതം തീര്‍ക്കുന്ന പ്രതിസന്ധിയുടെ കാരണക്കാരാകുന്നുവെന്നും ആക്ഷേപമുണ്ട്.

Comments

comments

Categories: Arabia