ടിയാഗോ, ടിഗോര്‍ ഡീസല്‍ വേര്‍ഷന്‍ നിര്‍ത്തും

ടിയാഗോ, ടിഗോര്‍ ഡീസല്‍ വേര്‍ഷന്‍ നിര്‍ത്തും

2020 ഏപ്രില്‍ മാസത്തോടെ ഹാച്ച്ബാക്കിന്റെയും സെഡാന്റെയും ഡീസല്‍ എന്‍ജിന്‍ വേര്‍ഷന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കും

ന്യൂഡെല്‍ഹി : 2020 ഏപ്രില്‍ മാസത്തോടെ ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെയും ടാറ്റ ടിഗോര്‍ സെഡാന്റെയും ഡീസല്‍ എന്‍ജിന്‍ വേര്‍ഷന്റെ ഉല്‍പ്പാദനം അവസാനിപ്പിക്കും. 2020 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യയില്‍ ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. ഭാരത് സ്റ്റേജ് 6 പാലിക്കുന്നതിന് നിലവിലെ 1.05 ലിറ്റര്‍, 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ പരിഷ്‌കരിക്കാന്‍ കഴിയില്ല എന്നതാണ് കാരണം. മാത്രമല്ല, ഡീസല്‍ വേരിയന്റുകള്‍ക്ക് ആവശ്യകത കുറവായ സാഹചര്യത്തില്‍, വലിയ തോതില്‍ പണം മുടക്കി ചെറിയ ശേഷിയുള്ള പുതിയ ഡീസല്‍ എന്‍ജിന്‍ വികസിപ്പിക്കുന്നത് പ്രായോഗികമല്ല എന്നും ടാറ്റ മോട്ടോഴ്‌സ് കരുതുന്നു.

ടിയാഗോ, ടിഗോര്‍ മോഡലുകളുടെ ആകെ വില്‍പ്പനയില്‍ എണ്‍പത് ശതമാനത്തോളം പെട്രോള്‍ വേരിയന്റുകളാണ്. അതുകൊണ്ടുതന്നെ പുതിയ ഡീസല്‍ എന്‍ജിനായി അധിക നിക്ഷേപം നടത്തുന്നത് പ്രായോഗിക പദ്ധതിയല്ലെന്ന് ടാറ്റ മോട്ടോഴ്‌സ് ചീഫ് ടെക്‌നോളജി ഓഫീസര്‍ (സിടിഒ) രാജേന്ദ്ര പേട്കര്‍ പറഞ്ഞു.

2018 ഏപ്രില്‍-2019 ജനുവരി കാലയളവില്‍, ആകെ ടിയാഗോ വില്‍പ്പനയില്‍ 14 ശതമാനം ടിയാഗോ ഡീസല്‍ വേര്‍ഷന്‍ മാത്രമാണ് വിറ്റുപോയത്. ടിഗോറിന്റെ കണക്കെടുത്താല്‍, ആകെ വില്‍പ്പനയില്‍ 15 ശതമാനമായിരുന്നു ടിഗോര്‍ ഡീസല്‍ വേര്‍ഷന്റെ വില്‍പ്പന. കുറേക്കൂടി വ്യക്തമായിപ്പറഞ്ഞാല്‍, ഈ കാലയളവില്‍ പ്രതിമാസം ശരാശരി 6,606 യൂണിറ്റ് ടിയാഗോ പെട്രോള്‍ വിറ്റപ്പോള്‍ ടിയാഗോ ഡീസലിന്റെ വില്‍പ്പന 1,114 യൂണിറ്റായിരുന്നു. 1,940 യൂണിറ്റ് ടിഗോര്‍ പെട്രോള്‍ വില്‍ക്കാന്‍ കഴിഞ്ഞപ്പോള്‍ ടിഗോര്‍ ഡീസല്‍ 360 യൂണിറ്റ് മാത്രമാണ് വിറ്റത്.

Comments

comments

Categories: Auto