സെര്‍ജിയോ മാര്‍ക്കിയോണേ വേള്‍ഡ് കാര്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

സെര്‍ജിയോ മാര്‍ക്കിയോണേ വേള്‍ഡ് കാര്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

എഫ്‌സിഎ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മൈക്ക് മാന്‍ലി ട്രോഫി ഏറ്റുവാങ്ങി

ജനീവ : എഫ്‌സിഎ മുന്‍ സിഇഒ അന്തരിച്ച സെര്‍ജിയോ മാര്‍ക്കിയോണേയെ വേള്‍ഡ് കാര്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി പ്രഖ്യാപിച്ചു. ജനീവ മോട്ടോര്‍ ഷോയില്‍ അദ്ദേഹത്തിനായി ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിന്റെ നിലവിലെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മൈക്ക് മാന്‍ലി ട്രോഫി ഏറ്റുവാങ്ങി. വാഹന വ്യവസായ രംഗത്തെ അതികായനായിരുന്ന സെര്‍ജിയോ മാര്‍ക്കിയോണേ മോട്ടോര്‍ വാഹന വ്യവസായത്തിലെ നിരവധി എക്‌സിക്യൂട്ടീവുകളെയും എന്‍ജിനീയര്‍മാരെയും ഡിസൈനര്‍മാരെയും സംരംഭകരെയും പിന്തള്ളിയാണ് അവാര്‍ഡിന് അര്‍ഹനായത്.

ആരോഗ്യസ്ഥിതി വഷളായതിനെതുടര്‍ന്ന് 2018 ജൂലൈ 25 ന് മരിക്കുന്നതിനുമുമ്പ് എഫ്‌സിഎ സിഇഒ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു. സിഎന്‍എച്ച് ഇന്‍ഡസ്ട്രിയല്‍ ചെയര്‍മാന്‍, ഫെറാറി ചെയര്‍മാന്‍ & സിഇഒ എന്നീ പദവികളും അദ്ദേഹം വഹിച്ചിരുന്നു. 2004 ജൂണില്‍ ഫിയറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റ മാര്‍ക്കിയോണേ, പാപ്പരാകുന്നതില്‍നിന്ന് ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളെ കരകയറ്റിയാണ് അവതാര പുരുഷനായി മാറിയത്. ക്രൈസ്‌ലര്‍ എന്ന ഡെട്രോയിറ്റ് ആസ്ഥാനമായ കാര്‍ നിര്‍മ്മാതാക്കളെ ഏറ്റെടുക്കുകയും ലണ്ടന്‍ ആസ്ഥാനമായി ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് കമ്പനി രൂപീകരിക്കുകയും ചെയ്യുന്നതില്‍ സെര്‍ജിയോ മാര്‍ക്കിയോണേ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു.

2014 ഒക്‌റ്റോബര്‍ 13 ന് ന്യൂ യോര്‍ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എഫ്‌സിഎയുടെ അരങ്ങേറ്റം നടത്തിച്ചാണ് സെര്‍ജിയോ മാര്‍ക്കിയോണേ ഓട്ടോമോട്ടീവ് ലോകത്തിന്റെ അത്ഭുതാദരങ്ങള്‍ ഏറ്റുവാങ്ങിയത്. 2004 മെയ് 27 ന് ചെയര്‍മാന്‍ ഉംബെര്‍ട്ടോ ആഗ്നെല്ലി അന്തരിച്ചശേഷം രണ്ട് വര്‍ഷത്തിനിടെ അഞ്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരെയാണ് ഫിയറ്റ് കണ്ടത്. അഞ്ചാമന്‍ സെര്‍ജിയോ മാര്‍ക്കിയോണേ ആയിരുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ എഫ്‌സിഎ എന്ന വാഹന നിര്‍മ്മാണ കമ്പനിയെ നാടകീയമായും വിജയകരമായും നയിച്ച പ്രഗല്‍ഭ വ്യക്തിത്വമായിരുന്നു സെര്‍ജിയോ മാര്‍ക്കിയോണേ. കോര്‍പ്പറേറ്റ് ഫിക്‌സര്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്.

നിലം പതിക്കുമായിരുന്ന, പ്രാദേശികമായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രണ്ട് കമ്പനികളെ (ഫിയറ്റ്, ക്രൈസ്‌ലര്‍) ഒന്നിച്ചുചേര്‍ത്ത് ലാഭമുണ്ടാക്കുന്ന ആഗോള വാഹന നിര്‍മ്മാതാക്കളായി മാറ്റുന്നതില്‍ സെര്‍ജിയോ മാര്‍ക്കിയോണേ അസാമാന്യ നേതൃപാടവം പുറത്തെടുത്തു. കൂടാതെ ഫെറാറിയുടെ വിജയകരമായ മുന്നോട്ടുപോക്കിന് ഇതുതന്നെ നല്ലത് എന്ന് മനസ്സിലാക്കിയ മാര്‍ക്കിയോണേ കമ്പനിയെ എഫ്‌സിഎയില്‍നിന്ന് വേര്‍പ്പെടുത്തി.

Comments

comments

Categories: Auto