ആദ്യ 20ല്‍ ഒരേയൊരു ഇന്ത്യന്‍; ഇത് അംബാനിയുടെ യുഗം

ആദ്യ 20ല്‍ ഒരേയൊരു ഇന്ത്യന്‍; ഇത് അംബാനിയുടെ യുഗം

റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന്റെ സമ്പത്ത് 50 ബില്ല്യണ്‍ ഡോളര്‍ വരും. 2018ല്‍ ഇത് 40.1 ബില്യണ്‍ ഡോളറായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ സമ്പത്തിലുണ്ടായ വര്‍ധന 25%. അംബാനിഫിക്കേഷനില്‍ അമ്പരന്ന് ലോകം

ന്യൂഡെല്‍ഹി: ബില്യണ്‍ ഡോളര്‍ കിലുക്കത്തില്‍ ഇന്ത്യയെ മാത്രമല്ല, ലോകത്തെയും ഞെട്ടിച്ച് മുന്നേറുകയാണ് രാജ്യത്തിന്റെ സ്വകാര്യ അഹങ്കാരമായ മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അധിപനായ മുകേഷ്, ഫോബ്‌സിന്റെ ലോക സമ്പന്നപട്ടികയിലെ ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരനായി മാറി. ജിയോയിലൂടെ ഇന്ത്യയിലെ ടെലികോം രംഗത്തെ ‘തച്ചുതകര്‍ത്ത’ മുകേഷ് അംബാനി ഫോബ്‌സ് പട്ടികയില്‍ 13ാം സ്ഥാനത്താണ്. മൊത്തം സമ്പത്ത് 50 ബില്യണ്‍ ഡോളര്‍ വരും. എണ്ണ, വാതക മേഖലയില്‍ മിന്നിത്തിളങ്ങിയ അംബാനി ഭാവിയുടെ എണ്ണ ഡാറ്റയാണെന്ന പ്രഖ്യാപനവുമായി ടെലികോം രംഗത്തേക്ക് കൂടി പ്രവേശിച്ചതോടെയാണ് ആഗോള ചിന്തകരിലും സമ്പന്നരിലും ഒരു പോലെ അനിഷേധ്യ സാന്നിധ്യമായി മാറിയത്.

61കാരനായ മുകേഷിന് പോയ വര്‍ഷമുണ്ടായിരുന്നത് 40.1 ബില്യണ്‍ ഡോളറിന്റെ സമ്പത്താണ്. ഇത്തവണ സമ്പത്തില്‍ 25 ശതമാനം വര്‍ധന രേഖപ്പെടുത്താന്‍ അംബാനിക്കായി. 2017ല്‍ ആഗോള സമ്പന്ന പട്ടികയില്‍ 33ാം സ്ഥാനത്തായിരുന്ന മുകേഷ് 2019 എത്തിയപ്പോഴേക്കും 13ാം സ്ഥാനം നേടിയത് ആഗോളതലത്തില്‍ തന്നെ ചര്‍ച്ചാവിഷയമാണ്.

ഏകദേശം 60 ബില്യണ്‍ ഡോളര്‍ വരുമാനമുള്ള എണ്ണ, വാതക ബിസിനസിന്റെ അധിപനാണ് മുകേഷ് അംബാനിയെന്ന് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ കടുത്ത മല്‍സരം നിലനിന്നിരുന്ന ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍, ജിയോയിലൂടെ 4ജി സേവനം അവതരിപ്പിച്ച് വലിയ യുദ്ധത്തിന് തിരികൊളുത്തി അംബാനി. സൗജന്യ ഫോണ്‍ കോളുകളും തീരെ വിലകുറഞ്ഞ തുകയ്ക്ക് 4ജി ഡാറ്റയും സ്മാര്‍ട്‌ഫോണുകളും നല്‍കിയായിരുന്നു മുകേഷിന്റെ ‘ഡിസ്‌റപ്ഷന്‍’. 280 ദശലക്ഷം ഉപഭോക്താക്കളെ വളരെ പെട്ടെന്നാണ് ജിയോ നേടിയത്-ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറെ മുന്നില്‍

ആകെ 105 ശതകോടീശ്വരന്മാരാണ് ഫോബ്‌സ് പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇടം നേടിയത്. എന്നാല്‍ പതിമൂന്നാം സ്ഥാനത്തുള്ള മുകേഷ് അംബാനി കഴിഞ്ഞാല്‍ അടുത്ത ഇന്ത്യക്കാരന്‍ വരുന്നത് 36ാം സ്ഥാനത്താണ്, വിപ്രോ ചെയര്‍മാനായ അസിം പ്രേംജി. 22.6 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത്. അതുകഴിഞ്ഞ് 82ാം സ്ഥാനത്ത് എച്ച്‌സിഎല്‍ സഹസ്ഥാപകനായ ശിവ് നാടാറും ഇടം പിടിച്ചിട്ടുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള 122ാം സ്ഥാനത്തും അദാനി ഗ്രൂപ്പ് സാരഥി ഗൗതം അദാനി 167ാം സ്ഥാനത്തും ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ 244ാം സ്ഥാനത്തുമുണ്ട്.

ലോകത്തൊന്നാകെയുള്ള 2,153 ശതകോടീശ്വരന്മാരാണ് ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 1,450 പേരും സ്വയം വളര്‍ന്നുവന്ന ശതകോടീശ്വരന്മാരാണ്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് ഒന്നാം സ്ഥാനത്തുള്ളത്, സമ്പത്ത് 131 ബില്യണ്‍ ഡോളര്‍. ബില്‍ ഗേറ്റ്‌സ് 96.5 ബില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തും നിക്ഷേപ മാന്ത്രികന്‍ വാറന്‍ ബഫറ്റ് 82.5 ബില്യണ്‍ ഡോളറുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് ഇത്തവണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ അഞ്ചാമനായിരുന്നു അദ്ദേഹം.

Comments

comments

Categories: FK News