ഇന്ത്യന്‍ ഇന്റര്‍നെറ്റ് വരിക്കാര്‍ 62.7 കോടിയിലേക്ക്

ഇന്ത്യന്‍ ഇന്റര്‍നെറ്റ് വരിക്കാര്‍ 62.7 കോടിയിലേക്ക്

2018 ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്തുള്ളത് 56.6 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍

ന്യൂഡെല്‍ഹി: ഈ വര്‍ഷം രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 627 ദശലക്ഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലകളിലെ ഇന്റര്‍നെറ്റ് വ്യാപനമാണ് കുതിപ്പിന് കാരണമാവുകയെന്ന് വിപണി ഗവേഷണ സ്ഥാപനമായ കാന്തര്‍ ഐഎംആര്‍ബി പറയുന്നു. ഗ്രാമീണ ഇന്റര്‍നെറ്റ് വളര്‍ച്ചയും ഉപഭോഗവും മൂലം രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോഗം 2018 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ആദ്യമായി 566 മില്യണിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 40 ശതമാനം ജനങ്ങളിലേക്കാണ് ഇന്റര്‍നെറ്റ് എത്തപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 18 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനിയുടെ ഐസിയുബിഇ 2018 റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്തം ഉപഭോക്താക്കളില്‍ 87 ശതമാനം അഥവാ 493 ദശലക്ഷം ആളുകളെയാണ് സ്ഥിര ഉപയോക്താക്കളായി കണക്കാക്കുന്നത്. കഴിഞ്ഞ 30 ദിവസത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണിത്. രാജ്യത്തെ നാഗരിക മേഖലകളില്‍ ഏകദേശം 293 മില്യണ്‍ സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളും, ഗ്രാമീണ മേഖലയില്‍ 200 മില്യണ്‍ സജീവ ഉപയോക്താക്കളുമുണ്ടെന്നാണ് കണക്കാക്കുന്നത്. 97 ശതമാനം ആളുകളും ഇന്റര്‍നെറ്റിനായി മൊബീല്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്.

ഗ്രാമീണ ഇന്ത്യയില്‍ ആകെ 251 മില്യണ്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുണ്ടെന്നും 2019ന്റെ അവസാനത്തോടെ ഇത് 290 മില്യണാകുമെന്നുമാണ് കണക്കാക്കുന്നത്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ വളര്‍ച്ചയില്‍ നഗര, ഗ്രാമീണ മേഖലകളില്‍ മുന്നിട്ട് നില്‍ക്കുന്നത് ബിഹാറാണ്. കഴിഞ്ഞ വര്‍ഷം 35 ശതമാനം വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്. മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 42 ശതമാനമാണ് വനിതകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: FK News