പ്രതീക്ഷ തിരിച്ചുപിടിച്ച് മോദി; വിപണിയില്‍ ഉണര്‍വ്

പ്രതീക്ഷ തിരിച്ചുപിടിച്ച് മോദി; വിപണിയില്‍ ഉണര്‍വ്

രാഷ്ട്രീയാന്തരീക്ഷം ഭരണകക്ഷിക്ക് അനുകൂലമായി തിരിഞ്ഞെന്ന് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ശക്തമായ പോരാട്ടം നടക്കുമെന്നും ഭരണകക്ഷിക്ക് നേരിയ തിരിച്ചടിയേല്‍ക്കുമെന്നുമുള്ള വിലയിരുത്തില്‍ നിന്ന് ചുവടുമാറ്റി വിപണി വിദഗ്ധര്‍. രാഷ്ട്രീയാന്തരീക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭരണകക്ഷിക്കും കൂടുതല്‍ അനുകൂലമായി മാറിയെന്നാണ് വിപണിയുടെ പുതിയ അനുമാനം. പൊതുതെരഞ്ഞെടുപ്പിന് ശേഷം കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന കണക്കുകൂട്ടലിന്റെ പശ്ചാത്തലത്തില്‍ ഇടിഞ്ഞ വിപണി, പോസിറ്റീവ് വികാരത്തിലേക്കെത്തിയെന്നാണ് വിദഗ്ധരുടെ അനുമാനം. ഇതുവരെയുണ്ടായ നഷ്ടം, പരമാവധിയാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

‘കഴിഞ്ഞ എട്ടാഴ്ചകളായി രാഷ്ട്രീയ രംഗത്ത് നടക്കുന്ന സംഭവവികാസങ്ങള്‍, വിവിധ സഖ്യ രൂപീകരണങ്ങളും കര്‍ഷകര്‍ക്കായി നടപ്പാക്കിയ ധനസഹായ പദ്ധതിയും അതിര്‍ത്തി കടന്ന് സൈന്യം നടത്തിയ ആക്രമണങ്ങളുമടക്കമുള്ളവ, വലിയ ധ്രുവീകരണമുണ്ടാക്കും. കൂടുതല്‍ കരുത്തുറ്റ സര്‍ക്കാര്‍ അധികാരത്തിലെത്താനുള്ള സാധ്യതയും ഇവ വര്‍ധിപ്പിച്ചു,’ പ്രമുഖ ആഗോള റേറ്റിംഗ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ ഇന്ത്യ വിഭാഗം തന്ത്രജ്ഞനായ റിഥം ദേശായി വ്യക്തമാക്കി. ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടാക്കിയ രണ്ട് പ്രധാന കടമ്പകള്‍, എണ്ണവില വര്‍ധനയും രാഷ്ട്രീയ അസ്ഥിരതയുമാണ്. ഇവ രണ്ടും മൂലമുള്ള പ്രതികൂല സാഹചര്യം ഏറ്റവും മോശം അവസ്ഥയിലെത്തിക്കഴിഞ്ഞെന്നും ഇനി ഇടിവ് പ്രതീകക്ഷിക്കുന്നില്ലെന്നും ഷീല രതിയോടൊപ്പം ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ദേശായി ചൂണ്ടിക്കാട്ടുന്നു.

2019 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ, ബോംബെ ഓഹരി വിപണിയും നിഫ്റ്റിയും യഥാക്രമം 1.5, 1.7 ശതമാനം നേട്ടമുണ്ടാക്കിക്കഴിഞ്ഞു. ഐടി, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, എണ്ണ, ഗ്യാസ്, റിയല്‍റ്റി തുടങ്ങിയ വിഭാഗങ്ങള്‍ 1.9 മുതല്‍ 7.8 ശതമാനം വരെ നേട്ടമുണ്ടാക്കി മുന്‍പന്തിയിലെത്തി. എന്നാല്‍ 2014 പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള ആവേശം ഇപ്പോള്‍ പ്രകടമല്ല. 2014 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ ആറ് വരെയുള്ള കാലയളവില്‍ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 5.3, 5.8 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു. യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന്റെയും നരേന്ദ്ര മോദി അധികാരത്തിലേക്കുയരുന്നതിന്റെയും ഉണര്‍വാണ് അന്ന് പ്രകടമായത്.

‘മോദി വീണ്ടും അധികാരത്തിലെത്തുമെന്നതില്‍ വിപണിക്ക് സംശയമില്ല. അടുത്തിടെ കാണുന്ന തിരുത്തലുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. സൈനിക നടപടികള്‍ക്ക് ശേഷം ഭരണകക്ഷിക്ക് അനുകൂലമായി കാര്യങ്ങള്‍ മാറിയിരിക്കുന്നു. അഭിപ്രായ സര്‍വേകളും സഖ്യങ്ങളും വിപണി ഇനി വിലയിരുത്തും. നിഫ്റ്റി50, ഭാവിയില്‍ 11,500 കടക്കുമെന്നാണ് പ്രതീക്ഷ,’ ഡാള്‍ട്ടണ്‍ കാപിറ്റല്‍ എംഡി യു ആര്‍ ഭട്ട് പറയുന്നു. ‘ഭരണകക്ഷിക്ക് 250 സീറ്റുകള്‍ക്കടുത്ത് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കിഴിവുകള്‍ സംഭവിച്ചത്. മിഡ്-കാപ് ഓഹരികള്‍ക്ക് നഷ്ടമുണ്ടായി. മോദി അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യത ഉയര്‍ന്നതോടെ മിഡ്, സ്മാള്‍ -കാപുകള്‍ക്ക് നേട്ടമുണ്ടാകും,’ മേയ്ബാങ്ക് കിം സെക്യൂരിറ്റീസിന്റെ സിഇഒ ജിഗര്‍ സിംഗ് അഭിപ്രായപ്പെട്ടു.

Comments

comments

Categories: Top Stories