അവസാന മൂന്നില്‍ ഇടംപിടിച്ച് ഹ്യുണ്ടായ് സാന്‍ട്രോ

അവസാന മൂന്നില്‍ ഇടംപിടിച്ച് ഹ്യുണ്ടായ് സാന്‍ട്രോ

വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറാണ് ഹ്യുണ്ടായ് സാന്‍ട്രോ

ജനീവ : ഈ വര്‍ഷത്തെ വേള്‍ഡ് അര്‍ബന്‍ കാര്‍ അവാര്‍ഡിനായി പരിഗണിക്കുന്ന കാറുകളുടെ അവസാന ചുരുക്കപ്പട്ടികയില്‍ ഹ്യുണ്ടായ് സാന്‍ട്രോ ഇടംപിടിച്ചു. കിയ സോള്‍, സുസുകി ജിമ്‌നി എന്നിവയാണ് അവസാന മൂന്നിലെ മറ്റ് രണ്ട് കാറുകള്‍. വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറാണ് ഹ്യുണ്ടായ് സാന്‍ട്രോ.

ജനീവ മോട്ടോര്‍ ഷോയിലാണ് 2019 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകളുടെ ഓരോ വിഭാഗത്തിലെയും അവസാന മൂന്ന് മല്‍സരാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. വേള്‍ഡ് കാര്‍ അവാര്‍ഡ് ജൂറിയാണ് ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. ആകെ ആറ് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഏപ്രില്‍ മാസത്തില്‍ അരങ്ങേറുന്ന ന്യൂയോര്‍ക് ഓട്ടോ ഷോയില്‍ അന്തിമ വിജയികളെ പ്രഖ്യാപിക്കും.

വേള്‍ഡ് കാര്‍ ഡിസൈന്‍ അവാര്‍ഡ് വിഭാഗത്തിലും അവസാന മൂന്ന് സ്ഥാനക്കാരിലൊന്നായി സുസുകി ജിമ്‌നി ഇടം നേടി. ജാഗ്വാര്‍ ഐ-പേസ്, വോള്‍വോ എക്‌സ്‌സി40 എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് രണ്ട് മല്‍സരാര്‍ത്ഥികള്‍. വേള്‍ഡ് ഗ്രീന്‍ കാര്‍ അവാര്‍ഡിനായി ജാഗ്വാര്‍ ഐ-പേസ്, ഹ്യുണ്ടായ് നെക്‌സോ, ഔഡി ഇ-ട്രോണ്‍ എന്നിവയാണ് മല്‍സരിക്കുന്നത്.

വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ വിഭാഗത്തില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്റേജ്, മെഴ്‌സേഡസ് എഎംജി ജിടി 4 ഡോര്‍ കൂപ്പെ, മക്‌ലാറന്‍ 720എസ് എന്നിവയാണ് അവസാന മൂന്ന് സ്ഥാനക്കാര്‍. ആഡംബര കാര്‍ വിഭാഗത്തില്‍ ഔഡി എ7, ഔഡി ക്യു8, ബിഎംഡബ്ല്യു 8 സീരീസ് എന്നിവ ഇടംപിടിച്ചു. വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പട്ടത്തിനായി ഔഡി ഇ-ട്രോണ്‍, ജാഗ്വാര്‍ ഐ-പേസ്, വോള്‍വോ എസ്60/വി60 മോഡലുകളാണ് മല്‍സരിക്കുന്നത്.

Comments

comments

Categories: Auto