അന്നദാതാക്കളെ കൊല്ലരുത്!

അന്നദാതാക്കളെ കൊല്ലരുത്!

വിളകള്‍ നശിച്ച കര്‍ഷകരാവട്ടെ ജീവിതം ഇനിയെങ്ങനെ കരുപ്പിടിപ്പിക്കുമെന്ന ആശങ്കയിലാണ്. ഇതിനിടെയാണ് ഇടിത്തീ പോലെ ബാങ്ക് ജപ്തി നോട്ടീസുകള്‍ കര്‍ഷകരെ തേടി എത്തിയത്

രാജ്യമെങ്ങും പെരുകുന്ന കര്‍ഷക ആത്മഹത്യകളെന്ന് നാം അച്ചുനിരത്താന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. മഹാരാഷ്ട്രയിലെ കിസാന്‍ ലോംഗ് മാര്‍ച്ചുകളും മധ്യപ്രദേശിലെ മന്ദ്‌സോറില്‍ കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരെ നടന്ന വെടിവെപ്പും അതിനു മുന്‍പ് സിംഗൂരിലും നന്ദിഗ്രാമിലും നടന്ന നരനായാട്ടുകളുമൊക്കെ കേരളത്തില്‍ വലിയ വാര്‍ത്തകളായി. ദൂരെനാട്ടില്‍ മാത്രം കാണപ്പെടുന്ന പ്രതിഭാസമെന്ന രീതിയില്‍ കര്‍ഷകരുടെ ജീവനൊടുക്കലിനെ കണ്ടിരുന്ന മലയാളികളുടെ കണ്‍മുന്നിലേക്ക് ആ ദുരിതക്കാഴ്ചകള്‍ ഇപ്പോള്‍ കടന്നു വരികയാണ്. ഇടുക്കി, വയനാട്, തൃശൂര്‍, കണ്ണൂര്‍ ജീല്ലകളിലായി പതിനഞ്ചോളം കര്‍ഷകരാണ് കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജീവിതം അവസാനിപ്പിച്ചത്. ജില്ലകള്‍ തിരിച്ചുള്ള കണക്കെടുത്താല്‍ ഇടുക്കിയില്‍ ഏഴും വയനാട്ടില്‍ ആറും തൃശൂരും കണ്ണൂരും ഓരോ കര്‍ഷകര്‍ വീതവും ജീവിതത്തിലെ ദുരിതങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ച് മടങ്ങി. വാസ്തവത്തില്‍ അവരെ സംബന്ധിച്ച് മാത്രമാണ് ദുരിതത്തിന് അറുതിയായിരിക്കുന്നത്. താങ്ങാനാവാത്ത കടഭാരം ശേഷിക്കുന്ന കുടുംബാങ്ങളുടെ ചുമലിലേക്ക് കൈമാറിയാണ് ഈ യാത്ര.

പ്രളയം മൂലം നശിച്ച കൃഷിയും വിലയിടിവും തിരിച്ചടക്കാനാവാത്ത കാര്‍ഷിക വായ്പകളും വട്ടിപ്പലിശക്കെടുത്ത കടം പെരുകിയതും എല്ലാറ്റിനും പുറമെ ബാങ്കുകളുടെ ജപ്തി ഭീഷണിയുമാണ് കേരളത്തിലെ കര്‍ഷകരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രളയം മൂലം ആറ് ലക്ഷത്തോളം ഏക്കര്‍ ഭൂമിയിലെ കൃഷി നശിച്ചെന്നാണ് കണക്കുകള്‍. 18,545 കോടി രൂപയുടെ സാമ്പത്തിക നഷ്ടം കര്‍ഷകര്‍ക്കുണ്ടായതായും കണക്കാക്കുന്നു. 3.05 ലക്ഷം കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നു. ദീര്‍ഘകാല വിളകള്‍ നശിച്ച കര്‍ഷകരാവട്ടെ ജീവിതം ഇനിയെങ്ങനെ കരുപ്പിടിപ്പിക്കുമെന്ന ആശങ്കയിലാണ്. ഇതിനിടെയാണ് ഇടിത്തീ പോലെ ബാങ്ക് ജപ്തി നോട്ടീസുകള്‍ കര്‍ഷകരെ തേടി എത്തിയത്. 2018 ജൂലൈ 31 മുതല്‍ ഒരു വര്‍ഷത്തേക്ക് കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം വിലവെക്കാതെയാണ് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് നോട്ടീസുകളയച്ചത്. ഇടുക്കി ജില്ലയില്‍ മാത്രം 15,000 കര്‍ഷകര്‍ക്ക് ബാങ്കുകളുടെ മുന്നറിയിപ്പ് ലഭിച്ചു. സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പാക്കാതെ ഇളവുകള്‍ നല്‍കില്ലെന്നാണ് ബാങ്കുകള്‍ തീര്‍ത്ത് പറയുന്നത്. യഥാസമയം ഇടപെടാന്‍ സര്‍ക്കാര്‍ അമാന്തം കാട്ടിയെന് വിമര്‍ശനവും ശക്തമാണ്.

വൈകിയ വേളയില്‍ മോറട്ടോറിയം ഒന്നുകൂടി ഉറപ്പിക്കുന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് സ്വാഗതാര്‍ഹമാണ്. എല്ലാ ജപ്തി നടപടികളും നിര്‍ത്തിവെക്കാനും ഡിസംബര്‍ 31 വരെ മോറട്ടോറിയം നല്‍കാനുമാണ് മന്ത്രിസഭ തീരുമാനിച്ചത്. കാര്‍ഷിക ജില്ലകളായ ഇടുക്കിയിലും വയനാട്ടിലും കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പ്രഖ്യാപിച്ച ആനുകൂല്യം 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കും ബാധകമാക്കി. നഷ്ടപരിഹാര കുടിശിക നല്‍കാന്‍ വകയിരുത്തിയ 85 കോടി രൂപ അപര്യാപ്തമാണ്. വിളനാശത്തിന് സഹായം ഇരട്ടിയാക്കിയതും ആശ്വാസം പകരുന്ന നടപടി തന്നെ. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖം മിനുക്കാനുള്ള പ്രഖ്യാപനമായി ഇവയൊന്നും മാറിപ്പോകാതെ കര്‍ഷകരുടെ ക്ഷേമം ുറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ജാഗ്രത കാട്ടണം. കര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ സമഗ്രമായ പദ്ധതികള്‍ തന്നെ വേണ്ടിവരും. അന്നദാതാക്കളുടെ അന്ത്യം, അന്നം മുട്ടുന്നതിലേക്ക് നയിക്കുമെന്ന് മറക്കരുത്.

Categories: Editorial, Slider