ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറച്ചു

ദുബായിലെ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറച്ചു

നഖീല്‍, മജിദ് അല്‍ ഫുട്ടൈം തുടങ്ങിയ ഡെവലപ്പര്‍മാരാണ് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടത്

ദുബായ്: റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിരവധി കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു. ദുബായിലെ പ്രമുഖ ഡെവലപ്പര്‍മാരായ നഖീല്‍ , മജിദ് അല്‍ ഫുട്ടൈം തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ ആഴ്ചകളില്‍ നൂറുകണക്കിന് തൊഴിലുകള്‍ വെട്ടിക്കുറച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

പനയുടെ ആകൃതിയിലുള്ള ദ്വീപിന്റെ നിര്‍മ്മാതാക്കളായ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നഖീല്‍ കമ്പനി ഏകദേശം 300 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വിവരം. പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടപ്പിരിച്ചുവിടല്‍ എന്നാണ് സൂചന.അത്യാവശ്യമല്ലാത്ത സ്ഥാനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതടക്കമുള്ള നയങ്ങള്‍ നടപ്പിലാക്കി മുന്നോട്ടുപോകുമെന്നും ഓഹരിയുടമങ്ങളുടെ താല്‍പര്യ പ്രകാരമാണ് ഇത്തരം നടപടികള്‍ നടപ്പിലാക്കുന്നതെന്നും നഖീല്‍ പ്രസ്താവനയിറക്കി.

മാള്‍ ഓഫ് എമിറേറ്റ്‌സ് അടക്കമുള്ള ദുബായിലെ പല പ്രമുഖ നിര്‍മ്മിതികളുടെയും ഡെവലപ്പറായ സ്വകാര്യ കമ്പനി മജിദ് അല്‍ ഫുട്ടൈം നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വിവരം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ എല്ലാ വലിയ കമ്പനികളിലും നടക്കുന്നത് പോലെയുള്ള പിരിച്ചുവിടലാണ് കമ്പനിയില്‍ നടന്നതെന്നും കഴിഞ്ഞ വര്‍ഷവും ജനുവരിയിലും കമ്പനി കൂടുതല്‍ നിയമനങ്ങള്‍ നടത്തിയിരുന്നതായും മജിദ് അല്‍ ഫുട്ടൈം അവകാശപ്പെട്ടു.

2014ന് ശേഷം ദുബായിലെ റിയല്‍ എസ്റ്റേറ്റ് വിപണി വന്‍ തകര്‍ച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷവും റിയല്‍ എസ്റ്റേറ്റ് രംഗത്ത് 10 ശതമാനം വിലയിടിവ് ഉണ്ടാകുമെന്നാണ് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് പ്രവചിച്ചിരിക്കുന്നത്.

Comments

comments

Categories: Arabia