കാര്‍ലോസ് ഗോണിന് ജാമ്യം

കാര്‍ലോസ് ഗോണിന് ജാമ്യം

കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ടോക്കിയോയില്‍ തടവിലായിരുന്നു. ഒമ്പത് മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്

ടോക്കിയോ : നിസാന്‍ മോട്ടോര്‍ കമ്പനി മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഗോണിനെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ടോക്കിയോയില്‍ തടവിലായിരുന്നു ഗോണ്‍. ഒമ്പത് മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചാണ് ടോക്കിയോ ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍നിന്ന് അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സോപാധിക ജാമ്യമാണ് കാര്‍ലോസ് ഗോണിന് അനുവദിച്ചിരിക്കുന്നത്.

64 കാരന് ജപ്പാന്‍ വിട്ടുപോകാന്‍ കഴിയില്ല. കേസില്‍ ഉള്‍പ്പെട്ട ആളുകളുമായി ബന്ധപ്പെടുന്നതില്‍നിന്ന് കാര്‍ലോസ് ഗോണിനെ വിലക്കിയിട്ടുണ്ട്. വീഡിയോ നിരീക്ഷണത്തിന് വിധേയമാകേണ്ടിവരും. കൂടാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുന്‍കൂട്ടി അനുമതി തേടാതെ നിസാന്റെയും റെനോയുടെയും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും കോടതി കാര്‍ലോസ് ഗോണിന് നിര്‍ദ്ദേശം നല്‍കി.

സ്വന്തം താല്‍പ്പര്യങ്ങള്‍ക്കായി കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വിധം പ്രവര്‍ത്തിച്ചുവെന്നാണ് കാര്‍ലോസ് ഗോണ്‍ നേരിടുന്ന ഒരു കുറ്റാരോപണം. പ്രതിഫലം മറച്ചുവെച്ചു എന്ന ആരോപണവും അദ്ദേഹം നേരിടുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം ഗോണ്‍ നിഷേധിക്കുകയാണ്.

കാര്‍ലോസ് ഗോണിനെ ജാമ്യത്തില്‍ വിടാനുള്ള തീരുമാനം കോടതി കഴിഞ്ഞ ദിവസം കൈക്കൊണ്ടിരുന്നു. ഇത് മൂന്നാം തവണയാണ് ജാമ്യാപേക്ഷയുമായി കാര്‍ലോസ് ഗോണ്‍ കോടതി മുമ്പാകെ എത്തിയത്. കാര്‍ലോസ് ഗോണ്‍ ജപ്പാന്‍ വിടുകയോ തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതി മുമ്പാകെ വ്യക്തമാക്കിയിരുന്നു.

റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യത്തിന്റെ സൂത്രധാരനാണ് കാര്‍ലോസ് ഗോണ്‍. അറസ്റ്റ് ചെയ്യപ്പെട്ടതോടെ നിസാനും മിറ്റ്‌സുബിഷിയും ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. റെനോയുടെ ചെയര്‍മാന്‍, സിഇഒ സ്ഥാനത്ത് തുടര്‍ന്നെങ്കിലും അവസാനം ജനുവരിയില്‍ രാജിവെയ്‌ക്കേണ്ടിവന്നു.

Comments

comments

Categories: Auto
Tags: Carlos Ghosn