കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളില്‍ ആസ്ബറ്റോസ്

കോസ്‌മെറ്റിക്‌സ് ഉല്‍പന്നങ്ങളില്‍ ആസ്ബറ്റോസ്

അമേരിക്കയിലെ പ്രമുഖ സൗന്ദര്യവര്‍ധക ഉല്‍പ്പാദക കമ്പനി ക്ലെയെഴ്‌സിന്റെ ഉല്‍പ്പന്നങ്ങളില്‍ മാരകമായ വിഷവസ്തു കണ്ടെത്തി

കാന്‍സര്‍കാരികളായ വിഷവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ സൗന്ദര്യവര്‍ധക ഉല്‍പ്പാദക കമ്പനി ക്ലെയെഴ്‌സ് സ്റ്റോഴ്‌സ് ഇന്‍കോര്‍പ്പറേറ്റഡ് വില്‍ക്കുന്ന മൂന്ന് സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേറ്റര്‍ (എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. ഐ ഷാഡോ, കോണ്ടൂര്‍ പാലെറ്റ്, ടാല്‍ക്കം പൗഡര്‍ എന്നിവയില്‍ ആസ്ബറ്റോസ് അംശമാണു കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൗന്ദര്യവര്‍ധകവസ്തുക്കളില്‍ ഉള്‍പ്പെടുത്തേണ്ട ഘടകങ്ങളുടെ കര്‍ശന നിയന്ത്രണം സംബന്ധിച്ച് നിലവിലെ നിയമങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിന് കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ തന്നെയാണ് എഫ്ഡിഎ തീരുമാനം.

അമേരിക്കന്‍ വിപണിയില്‍ വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതത്വപരിശോധന ഉറപ്പാക്കാന്‍ രാജ്യത്തെ സൗന്ദര്യവര്‍ധക ഉല്‍പ്പാദകരെ നിയമപരമായി നിര്‍ബന്ധിക്കുന്ന ഒരു വ്യവസ്ഥയും നിലവിലില്ല. എന്നാല്‍ എഫ്ഡിഎ പരിശോധനാഫലങ്ങള്‍ ക്ലൈയര്‍ ഗ്രൂപ്പ് തള്ളി. പരീക്ഷണങ്ങളില്‍ അവര്‍ കാര്യമായ പിശകുകള്‍ കാണിക്കുകയും ആസ്ബറ്റോസ് ആയി കാണിച്ചത് ഉല്‍പ്പന്നങ്ങളിലടങ്ങിയ നാരുകളെയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. തങ്ങളുടെ ഏതെങ്കിലും ഉല്‍പന്നം അരക്ഷിതമാണെന്നതിന് യാതൊരു തെളിവുമില്ല. എന്നാല്‍, വിപണിയില്‍ നിന്നും മൂന്ന് ഉല്‍പ്പന്നന്നങ്ങള്‍ നീക്കം ചെയ്തുവെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്.

ഡിസംബറില്‍ ആസ്ബറ്റോസ് മലിനീകരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ എഫ്ഡിഎയില്‍ സര്‍കാകിരില്‍ നിന്നും ഉപഭോക്തൃ സംഘടനകളില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. 1970 കള്‍ മുതല്‍ 2000 തുടക്കം മുതല്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡറില്‍ ആസ്ബറ്റോസിന്റെ അംശങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കമ്പനി ഇതുവരെ ഇതു സംബന്ധിച്ച പരിശോധനാഫലങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആസ്ബറ്റോസ് അംശങ്ങള്‍ കണ്ടെത്തിയതിന്റെ പേരില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കെതിരേ ആയിരക്കണക്കിന് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കഴിഞ്ഞ മാസം മാത്രമാണ് അമേരിക്കന്‍ സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ അറിയിച്ചു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണും കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ വിതരണക്കാരായ ഇമെറിസ് ടാല്‍ക് അമേരിക്കയും പക്ഷേ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ആവര്‍ത്തിക്കുന്നു. ലോകാേത്തര ലാബുകളില്‍ നടത്തിയ പഠനങ്ങളും പരിശോധനകളും ചൂണ്ടിക്കാട്ടിയാണ് അവകാശവാദം. സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള എഫ്ഡിഎയുടെ പ്രയത്‌നങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി മുമ്പും എഫ്ഡിഎ റെഗുലേറ്ററി അതോറിറ്റിയുടെ നിയമനിര്‍മ്മാണ നടപടികളെ പിന്തുണച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി ആഗോള സ്വതന്ത്ര ലബോറട്ടറികളും ആരോഗ്യവിദഗ്ധരും പൗഡര്‍ പരിശോധിച്ചിട്ടും ഇതുവരെ ആസ്ബറ്റോസ് അംശം കണ്ടെത്തിയിട്ടില്ലെന്ന് അവര്‍ പറയുന്നു.

സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ സുരക്ഷിത മാതൃകാചട്ടങ്ങളില്‍ അടിയന്തരമായി മാറ്റം വരുത്തണമെന്നും കമ്പനിയുടെ സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്നും എഫ്ഡിഎ ആവശ്യപ്പെട്ടിരിക്കുകയാണ്. ഉല്‍പ്പന്നനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും പൂര്‍ത്തീകരിച്ച ഉല്‍പ്പന്നങ്ങളും പരിശോധിത്തു നടപടികളെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ടാല്‍ക് അടങ്ങിയിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പ്രത്യേകം പരിശോധിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഉല്‍പ്പന്നങ്ങളിലെ മായം ഇല്ലാതാക്കാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമായി എഫ്ഡിഎ 80 വര്‍ഷത്തിലേറെ പഴകിയ, കാലഹരണപ്പെട്ട ചട്ടക്കൂട് ചട്ടക്കൂട് ആധുനികവല്‍ക്കരിക്കണമെന്നാണ് എഫ്ഡിഎ ആവശ്യപ്പെട്ടിരിക്കുന്നത്.

അസംസ്‌കൃതവസ്തുക്കള്‍ സ്വമേധയാ എഫ്ഡിഎക്കു മുമ്പാകെ വെളിപ്പെടുത്താന്‍ കമ്പനികളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അസ്ബസ്റ്റോസ് മിക്കവാറും സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലെ ഒരു സാധാരണ ചേരുവയായ ടാല്‍ക്കത്തിന്റെ ധാതുവാണ്. എന്നാല്‍ ഇത് വേണ്ടവിധം ശുദ്ധീകരിക്കാന്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ഹാനികരമായി മാലിന്യങ്ങള്‍ ഉപഭോക്താവില്‍ ആരോഗ്യപ്രശ്ങ്ങളുണ്ടാക്കാനിടയുണ്ട്. ടാല്‍ക്കം സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് മുഖത്തെ മേക്കപ്പ് ആഗിരണം ചെയ്യാന്‍ ഇത് ഉപയോഗിക്കാറുണ്ട്. .ഫേസ് ക്രീം, ഐഷാഡോ മേക്കപ്പ് സെറ്റ് എന്നിവയിലും ഇവ അത്യന്താപേക്ഷിതമാണ്.

Comments

comments

Categories: FK News