ലാബിലുണ്ടാക്കിയ മാസം തീന്‍മേശ കയ്യടക്കുമോ..ഗള്‍ഫ് മേഖല ഭക്ഷ്യ സ്വയം പര്യാപ്തത നേടുമോ?

ലാബിലുണ്ടാക്കിയ മാസം തീന്‍മേശ കയ്യടക്കുമോ..ഗള്‍ഫ് മേഖല ഭക്ഷ്യ സ്വയം പര്യാപ്തത നേടുമോ?

നൂതന കണ്ടുപിടിത്തങ്ങളിലൂടെ ഭക്ഷ്യ സുരക്ഷയും സ്വയം പര്യാപ്തതയും നേടാനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ ഭക്ഷിക്കുന്ന ആഹാര സാധനങ്ങളില്‍ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള നൂതന സാങ്കേതിക മാര്‍ഗങ്ങളെ കുറിച്ച് സൗദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ ഗൗരവത്തോടെ ആലോചിക്കുന്നതും അതുകൊണ്ട് തന്നെയാണ് . വെര്‍ട്ടിക്കല്‍ ഫാര്‍മിംഗ്, ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത സസ്യവര്‍ഗങ്ങളുടെ കൃഷി, കൃത്രിമമായ മാംസോല്‍പാദനം തുടങ്ങിയ ചില ആശയങ്ങളാണ് ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി ഗള്‍ഫ് രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്ന പുതിയ ഉദ്യമങ്ങള്‍.

ദുബായിലെ ഗള്‍ഫ് ഫുഡിലും അബുദബിയിലെ മില്‍കെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേന ഉച്ചകോടിയിലും പങ്കെടുത്ത വിദഗ്ധര്‍ ഭക്ഷ്യവസ്തുക്കളുടെ വന്‍തോതിലുള്ള ഇറക്കുമതി ഗള്‍ഫ്‌മേഖലയുടെ ഭക്ഷ്യസുരക്ഷയ്ക്ക് ഉയര്‍ത്തുന്ന ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.ഗള്‍ഫ് മേഖലയില്‍ കാര്‍ഷിക വിളകള്‍ക്കുള്ള ആവശ്യം വലിയ തോതില്‍ വര്‍ധിച്ച് വരികയാണ്. അതിനാല്‍ തന്നെ കാര്‍ഷികമേഖലയിലെ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ക്ക് വലിയ സാധ്യതകളാണ് ഇവിടെയുള്ളതെന്ന് ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ച നേടാന്‍ സര്‍ക്കാരുകളെ സഹായിക്കുന്ന എന്‍സ്പയര്‍ സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ സൗദ് ബാ അലാവി പറയുന്നു.

അമേരിക്കയിലെ പോലെ നൂതനമായ കൃഷി രീതികള്‍ക്ക് പശ്ചിമേഷ്യയിലും വന്‍ സാധ്യതയാണ് ഉള്ളതെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ലോകത്തില്‍ കേവലം 30 ശതമാനം ഭൂമി മാത്രമാണ് കാര്‍ഷിക യോഗ്യമായിട്ടുള്ളത്. മണ്ണിന്റെ ഗുണനിലവാരം ഉയര്‍ത്തുന്ന ഭീഷണി ദിവസം ചെല്ലുംതോറം കൂടിവരികയാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ നഗരങ്ങളില്‍ കൃത്രിമമായി കൃഷിയിടങ്ങള്‍ ഒരുക്കേണ്ടിയിരിക്കുന്നു (സിറ്റി ഫാര്‍മിംഗ്). ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും പോഷകഗുണങ്ങളും ഉറപ്പാക്കുന്നതിനുള്ള മികച്ച മാര്‍ഗം കൂടിയാണിത്.

ഭാവി സാമ്പത്തിക വളര്‍ച്ചയ്ക്ക് കാര്‍ഷികരംഗം വളരെ വലിയ സംഭാവന നല്‍കുമെന്ന് ബാ അലാവി പറയുന്നു. കാര്‍ഷിക ബിസിനസുകളെ കുറിച്ചാണ് മിക്ക സാമ്പത്തിക ശക്തികളും ഇന്ന് ചര്‍ച്ച ചെയ്യുന്നത്. കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചുള്ള ആളുകളുടെ ജാഗ്രത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാര്‍ഷിക ബിസിനസുകള്‍ വളര്‍ച്ചയ്ക്കുള്ള മികച്ച പാതയാണ്. സൗദി അറേബ്യ, ഒമാന്‍, യുഎഇ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുന്ന അവസ്ഥയെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. അതിന് വേണ്ടി സൊവറീന്‍ വെല്‍ത്ത് ഫണ്ടുകളടക്കം അവര്‍ വിനിയോഗിക്കുന്നു.

കൃഷിഭൂമിയും ജലവുമാണ് സൗദിയില്‍ കാര്‍ഷികരംഗത്തിന് വെല്ലുവിളിയാകുന്നത്. അതേസമയം ഇവ ആവശ്യമില്ലാത്ത ഹൈേേഡ്രാപോണിക്‌സ്, ഹരിതഗൃഹ കൃഷി പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയും കടല്‍വെള്ള ശേഖരണവും കടല്‍വെള്ളത്തെ ശുദ്ധജലമാക്കി കൃഷിക്ക് ഉപയോഗിക്കലും ഉപ്പ് വെള്ളത്തില്‍ വളരുന്ന ഭക്ഷ്യവിളകളുടെ ഉപയോഗവുമെല്ലാം പ്രതികൂല ഘടകങ്ങള്‍ക്കിടയിലും ഗള്‍ഫിന്റെ കാര്‍ഷിക ഭാവിയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്.

ഓട്ടോമേഷന്‍, ബയോകെമിസ്ട്രി, ടിഷ്യ-റി എഞ്ചിനീയറിംഗ്, ജീവികളെ മുഴുവനായി കീറിമുറിക്കാതെ, ആട്മാടുകളുടെ പേശീ കോശജാലങ്ങളില്‍ നിന്നും ഭക്ഷ്യയോഗ്യമായ മാംസം ഉല്‍പ്പാദിപ്പിക്കുക തുടങ്ങിയ നൂതന കണ്ടുപിടിത്തങ്ങള്‍ ഉപയോഗപ്പെടുത്തുന്ന പല പദ്ധതികളും ഇന്ന് ഗള്‍ഫില്‍ ഉയര്‍ന്നുവരുന്നുണ്ട്.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജസ്റ്റ് ഇന്‍ക് എന്ന ഭക്ഷ്യ നിര്‍മ്മാണ കമ്പനി അവരുടെ ലാബില്‍ ചെറുപയറില്‍ നിന്നും മുട്ട ഉല്‍പ്പാദിപ്പിക്കുന്ന(മയോ) കണ്ടുപിടിത്തവുമായി മുന്നോട്ടു വന്നിരിക്കുകയാണ്. ഭക്ഷണത്തെ നമ്മള്‍ അതിസങ്കീര്‍ണ്ണമാക്കേണ്ട കാര്യമില്ലെന്നാണ് ഈ കമ്പനിയുടെ സ്ഥാപകന്‍ പറയുന്നത്. നിലവിലെ ഭക്ഷ്യവ്യവസ്ഥയിലെ ശീലങ്ങളും രീതികളും ആഹാരങ്ങളുടെ ഗുണമേന്മയ്ക്കും നിലനില്‍പ്പിനും എതിരാണ്. അതേസമയം നല്ല ഭക്ഷണങ്ങള്‍ കഴിക്കാന്‍ വേറെ മാര്‍ഗങ്ങള്‍ മുമ്പിലുണ്ട്. ജോഷ്വ ടെട്രിക് പറയുന്നു.

ലോകത്തില്‍ 20,000 വര്‍ഗത്തിലുള്ള സസ്യങ്ങള്‍ ഭക്ഷ്യയോഗ്യമായിട്ടുണ്ട്. എന്നിട്ടും നമ്മള്‍ കഴിക്കുന്ന ഭക്ഷണം കേവലം 20 സസ്യവിഭാഗങ്ങളില്‍ നിന്നുള്ളവയാണ്. ഇക്കാര്യം മനസില്‍ വെച്ചുകൊണ്ടാണ് സസ്യങ്ങളുടെ തന്മാത്രാ സവിശേഷതകള്‍ മനസിലാക്കി, വിവിധ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണങ്ങള്‍ ഏതൊക്കെ സസ്യവര്‍ഗങ്ങള്‍ക്ക് ഉണ്ടെന്ന് കണ്ടെത്താന്‍ ടെട്രിക് തീരുമാനിച്ചത്. ചെറുപയറില്‍ നിന്നുള്ള മുട്ട അങ്ങനെയാണ് പിറന്നത്.

ലോകത്തെങ്ങുമുള്ള ഭക്ഷ്യയോഗ്യമായ മൃഗങ്ങളില്‍ നിന്നുള്ള കോശം ശേഖരിച്ച് അവയില്‍ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പോഷകഘടകങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തുന്നു. പിന്നീട് ലബോറട്ടറികളില്‍ കൂടുതല്‍ വേഗത്തില്‍ ഇവയെ ഭക്ഷ്യയോഗ്യ മാംസമാക്കി ഉല്‍പ്പാദിപ്പിക്കുന്നു. ഇത് കേവലമൊരു കണ്ടുപിടിത്തം മാത്രമല്ല, ഒരുപാട് തൊഴിലുകളും സാമ്പത്തിക വളര്‍ച്ചയും എല്ലാത്തിലും ഉപരിയായി ഗുണമേന്മയുള്ള രുചിയേറിയ ആഹാര പദാര്‍ത്ഥങ്ങളെ സൃഷ്ടിക്കുന്ന ഒന്ന് കൂടിയാണ്. ഇത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും മികച്ചയിടം ഗള്‍ഫ് ആണെന്ന് ടെട്രിക് പറയുന്നു.

ചെറുപയറില്‍ നിന്നുള്ള മുട്ടയായ മായോ എന്ന കണ്ടുപിടിത്തതിന് ശേഷം മൃഗകോശങ്ങളില്‍ നിന്ന് മാംസം, കടല്‍ വിഭവങ്ങള്‍, കോഴിയിറച്ചി എന്നിവയും ടെട്രികിന്റെ കമ്പനി വികസിപ്പിച്ചെടുത്തു. സൗദി അറേബ്യയിലേക്ക് ഈ സാങ്കേതിവിദ്യ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി നിക്ഷേപകരുമായും ബിസിനസുകാരുമായും ഭക്ഷ്യ നിര്‍മ്മാണ കമ്പനികളുമായുള്ള ചര്‍ച്ചയിലാണ് ടെട്രിക്.

ഗള്‍ഫ് മേഖലയില്‍ ഭക്ഷ്യസുരക്ഷ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ടെട്രിക് പറയുന്നു. ഈ സാഹചര്യത്തെ നേരിടാനായി പുതിയൊരു വ്യവസായ മേഖല തന്നെ സൃഷ്ടിക്കാനാണ് സൗദി ഒരുങ്ങുന്നത്. അതേസമയം ഭക്ഷ്യോല്‍പാദന രംഗത്തെ നൂതന കണ്ടുപിടിത്തങ്ങളെ കൃത്യമായ നിയമനിര്‍മ്മാണത്തിലൂടെയും നിയന്ത്രണങ്ങളിലൂടെയും വരുതിയില്‍ നിര്‍ത്തുക എന്നത് പ്രധാനമാണ്.

രാജ്യത്തെ ഭക്ഷണസാധനങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്നതിന് സൗദി അറേബ്യ പല നടപടികളും സ്വീകരിക്കുന്നുണ്ട്. രാജ്യത്ത് സുസ്ഥിര ഉള്‍നാടന്‍ കാര്‍ഷിക വികസന പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് സൗദിയും ഐക്യരാഷ്ട്ര സഭ ഭക്ഷ്യ-കാര്‍ഷിക സംഘടനയും തമ്മില്‍ 93 മില്യണ്‍ ഡോളറിന്റെ കരാറിലൊപ്പിട്ടത് കഴിഞ്ഞ മാസമാണ്. അറബിക് കോഫിയുടെ ഉല്‍പാദനം,സംസ്‌കരണം, വിപണനം, തേനീച്ച കൃഷി, പഴം, മത്സ്യം, മാംസം എന്നിവയുടെ ഉല്‍പാദനം എന്നിവ സംബന്ധിച്ചതാണ് ഈ കരാര്‍. ഇത്തരം പദ്ധതികളിലൂടെ തൊഴിലവസരങ്ങളും കുടുംബങ്ങളുടെ വരുമാനവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും അഭിവൃദ്ധിപ്പെടുമെന്ന് സൗദി കരുതുന്നു.

ജനസംഖ്യാ വര്‍ധനവും പ്രാദേശികമായി ആഹാരസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും മൂലം 100 ശതമാനം ഭക്ഷ്യ സുരക്ഷ കൈവരിക്കാന്‍ ഗള്‍ഫിന് സാധിക്കില്ലെങ്കില്‍ പോലും പ്രാദേശിക ഭക്ഷ്യോല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന കണ്ടുപിടിത്തങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ ഒരു പരിധി വരെ ഇറക്കുമതി കുറയ്ക്കാനും സുരക്ഷിതമായ ഭക്ഷണം സ്വന്തമായി ഉണ്ടാക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സാധിക്കും. അതുകൊണ്ടാണ് ലാബില്‍ ഉല്‍പ്പാദിപ്പിക്കുന്ന മാംസവും വെര്‍ട്ടിക്കല്‍, സിറ്റി ഫാര്‍മിംഗും, ഭക്ഷ്യയോഗ്യമായ ഉപ്പുവെള്ള സസ്യങ്ങളുടെ കൃഷിയും അടക്കമുള്ള നൂതന കണ്ടുപിടിത്തങ്ങളിലൂടെ ഭക്ഷ്യനിലവാരം മെച്ചപ്പെടുത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്.

Comments

comments

Categories: Arabia

Related Articles