കേരളത്തിലേക്കെത്തുന്ന അമേരിക്കന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധന

കേരളത്തിലേക്കെത്തുന്ന അമേരിക്കന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധന

അമേരിക്കന്‍ വിപണിയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ കേരള ടൂറിസത്തിന്റെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്ന ട്രേഡ് മീറ്റ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു

തിരുവനന്തപുരം: ആഗോള ടൂറിസം രംഗത്ത് തനതായ മുദ്ര പതിപ്പിച്ച കേരള ടൂറിസം വിപണി സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ട്രേഡ് മീറ്റ് നടത്തി. അമേരിക്കന്‍ വിപണിയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ കേരള ടൂറിസത്തിന്റെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ട്രേഡ് മീറ്റ്.

ന്യൂജേഴ്‌സി, ചിക്കാഗോ, ഹൂസ്റ്റണ്‍, ലോസ് എയ്ഞ്ജല്‍സ് എന്നിവിടങ്ങളില്‍ ഫെബ്രുവരിയിലായിരുന്നു ട്രേഡ് മീറ്റ്.

കേരള ടൂറിസത്തെ സംബന്ധിച്ച് യൂറോപ്പ് കഴിഞ്ഞാല്‍ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് അമേരിക്കയെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അമേരിക്കന്‍ വിപണിയെ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനു വേണ്ടിയാണ് നാല് നഗരങ്ങളില്‍ ട്രേഡ് മീറ്റ് നടത്തിയത്. അമേരിക്കയിലെ പ്രീമിയം ടൂറിസ്റ്റുകളെയാണ് കേരള ടൂറിസം ട്രേഡ് മീറ്റിലൂടെ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് സംസ്ഥാനം പൂര്‍ണമായും കരകയറിയെന്ന് അമേരിക്കയിലെ ടൂറിസം വിപണിയോട് വിളിച്ചു പറയുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നവീനമായ ടൂറിസം ഉത്പന്നങ്ങളാണ് സഞ്ചാരികളെ കേരളത്തില്‍ കാത്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം ദൂരമേറിയ ടൂറിസ്റ്റ് മേഖലയാണെങ്കിലും അമേരിക്കയിലെ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പ്രസരിപ്പ് നമ്മുടെ ഉത്പന്നങ്ങള്‍ക്കുണ്ടെന്ന് ട്രേഡ് മീറ്റ് നയിച്ച സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു.

കേരളം സന്ദര്‍ശിക്കാനെത്തുന്ന അമേരിക്കന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ സ്ഥിരമായി വര്‍ധനയുണ്ട്. 2018ല്‍ ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയത് 96,552 അമേരിക്കന്‍ ടൂറിസ്റ്റുകളാണ്. 2015 ല്‍ ഇത് 75,773 ആയിരുന്നു. 2018 ല്‍ കേരളത്തില്‍ 10,96,407 അന്താരാഷ്ട്ര ടൂറിസ്റ്റുകളാണ് എത്തിയത്.

അമേരിക്കയിലെ പ്രീമിയം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇത് നാലാം തവണയാണ് കേരള ടൂറിസം ട്രേഡ് മീറ്റ് സംഘടിപ്പിക്കുന്നത്. ട്രേഡ് മീറ്റുകളില്‍ ബിസിനസ് ടു ബിസിനസ് കൂടിക്കാഴ്ചകളും നടന്നു. ന്യൂജഴ്‌സി40, ചിക്കാഗോ58, ഹൂസ്റ്റണ്‍56, ലോസ് എയ്ഞ്ജല്‍സ്63 എന്നിങ്ങനെയാണ് ബിടുബി കൂടിക്കാഴ്ചകള്‍ നടന്നത്.

ട്രേഡ് മീറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ശ്രീമതി റാണി ജോര്‍ജ്ജ് പറഞ്ഞു. നവീന ടൂറിസം ഉത്പന്നങ്ങളും പുതിയ ടൂറിസം സ്ഥലങ്ങളും അമേരിക്കന്‍ വിപണിയ്ക്കു മുന്നില്‍ അവതരിപ്പിച്ചു. കേവലം അവധിക്കാലം ചെലവഴിക്കുന്നതിനു പകരം കേരള സന്ദര്‍ശനം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാക്കുമെന്ന വാഗ്ദാനമാണ് നല്‍കിയത്.

ന്യൂജഴ്‌സിയിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ശത്രുഘ്‌ന സിന്‍ഹ, ചിക്കാഗോയിലെ കോണ്‍സുല്‍ ജനറല്‍ നീത ഭൂഷണ്‍, ഹൂസ്റ്റണിലെ കോണ്‍സുല്‍ ജനറല്‍ ഡോ. അനുപം റേ, സാന്‍ഫ്രാന്‍സിസ്‌കോയിലെ കോണ്‍സുല്‍ ജനറല്‍ രോഹിത് രതീഷ് എന്നിവര്‍ ട്രേഡ് മീറ്റില്‍ മുഖ്യാതിഥികളായിരുന്നു.

ഇന്ത്യ ടൂറിസവും ട്രേഡ് മീറ്റില്‍ ഒപ്പം ചേര്‍ന്ന് കേരള ടൂറിസത്തിന് പിന്തുണ അറിയിച്ചു. ഗോ കേരള കോണ്‍ടെസ്റ്റ് എന്ന പേരില്‍ മത്സരവും ഇതോടൊപ്പം നടത്തി. ജേതാക്കള്‍ക്ക് എയര്‍ ഇന്ത്യ നല്‍കുന്ന രണ്ട് ടിക്കറ്റുകളും സമ്മാനമായി ലഭിക്കും.

അമേരിക്കയ്ക്ക് പുറമെ നിരവധി അന്താരാഷ്ട്ര വിപണികളിലും കേരള ടൂറിസം ട്രേഡ് മീറ്റുകള്‍ നടത്തിയിട്ടുണ്ട്. റോം(ജനുവരി), വിയന്ന( ജനുവരി), സൂറിച്ച് (ഫെബ്രുവരി) പ്രാഗ് (ഫെബ്രുവരി) എന്നിവിടങ്ങളിലായിരുന്നു ട്രേഡ് മീറ്റുകള്‍.

Comments

comments

Categories: FK News