20 രൂപയുടെ നാണയം വരുന്നു

20 രൂപയുടെ നാണയം വരുന്നു

പുതിയ ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങളും സര്‍ക്കാര്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി: 20 രൂപ നാണയങ്ങള്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. 10 രൂപ നാണയം പുറത്തിറക്കിയിട്ട് പത്തു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ഇരുപത് രൂപ നാണയം അവതരിപ്പിക്കുന്നത്. 12 വശങ്ങളോടു കൂടിയ ആകൃതിയിലാണ് (ഡോഡ്കാഗണ്‍) നാണയമിറങ്ങുക. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങളും പുതിയതായി പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്.

കോപ്പര്‍, സിങ്ക്, നിക്കല്‍ എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന 20 രൂപ നാണയത്തിന് 27 മില്ലിമീറ്റര്‍ വ്യാസവും, 8.54 ഗ്രാം ഭാരവുമുണ്ടായിരിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നാണയത്തിന്റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ഉപയോഗിച്ചാവും നിര്‍മിക്കുക. ഉള്ളിലെ വൃത്തത്തില്‍ 75 ശതമാനം ചെമ്പും 20 ശതമാനം സിങ്കും 5 ശതമാനം നിക്കലും ഉപയോഗിക്കും.

അശോക സ്തംഭം ആലേഖനം ചെയ്ത നാണയത്തില്‍ ഹിന്ദിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്ത്യ എന്നും എഴുത്തുമുണ്ടാകും. നാണയങ്ങളുടെ രൂപകല്‍പ്പനയും വിവിധ വിഭാഗത്തില്‍ അവ നിര്‍മിക്കുന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മുംബൈ, അലിപോര്‍ (കൊല്‍ക്കത്ത), സയ്ഫാബാദ് (ഹൈദരാബാദ്), ചെര്‍ലപള്ളി (ഹൈദരാബാദ്) എന്നിവിടങ്ങളിലാണ് സര്‍ക്കാരിന് നാണയ നിര്‍മാണ ശാലകളുള്ളത്.

Comments

comments

Categories: Current Affairs