1,700 ഇനം ജീവികള്‍ വംശനാശ ഭീഷണിയില്‍

1,700 ഇനം ജീവികള്‍ വംശനാശ ഭീഷണിയില്‍

മധ്യ-കിഴക്കനാഫ്രിക്ക, മെസോഅമേരിക്ക, ദക്ഷിണ അമേരിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലെ ജീവജാലങ്ങളാണ് അപകടത്തിലാവുക

ന്യൂഡെല്‍ഹി: മനുഷ്യന്റെ വര്‍ധിക്കുന്ന ഭൂമി ഉപയോഗം മൂലം ഉഭയജീവികള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയുള്‍പ്പെടെ 1,700 ഇനം ജീവികള്‍ക്ക് അടുത്ത 50 വര്‍ഷത്തിനുള്ളില്‍ വംശനാശം സംഭവിച്ചേക്കുമെന്ന് പഠനം. മനുഷ്യന്റെ കടന്നുകയറ്റം മൂലം ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകള്‍ വന്‍തോതില്‍ ചുരുങ്ങുമെന്നാണ് ‘നാച്ചുറല്‍ ക്ലൈമറ്റ് ചേഞ്ച്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

ലോകത്താകെയുള്ള 19,400 ഇനം ജീവജാലങ്ങളുടെ നിലവിലെ ഭൂശാസ്ത്ര വിതരണത്തിനൊപ്പം, ഭൂമിയിലെ മാറ്റങ്ങളും സമന്വയിപ്പിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആഗോള സമൂഹം, ജനസംഖ്യ, സാമ്പത്തികശാസ്ത്രം എന്നിവയുടെ ഭാവി വികസനത്തിന്റെ പ്രതീക്ഷകളും പ്രതിനിധാനം ചെയ്യുന്നതാണ് പഠനം. മനുഷ്യന്റെ ഭൂവിനിയോഗത്തിലെ മാറ്റങ്ങള്‍ മൂലം 2070 ഓടെ 1,700 ഇനം ജീവജാലങ്ങളുടെ നിലവിലുള്ള വാസസ്ഥലത്തിന്റെ ഏകദേശം 30-50 ശതമാനം നഷ്ടപ്പെടും. ഇവയില്‍ 886 ഇനം ഉഭയജീവികള്‍, 436 ഇനം പക്ഷികള്‍, 376 ഇനം സസ്തനികള്‍ എന്നിവ ഉള്‍പ്പെടുന്നു.

മധ്യ-കിഴക്കനാഫ്രിക്ക, മെസോഅമേരിക്ക, ദക്ഷിണ അമേരിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലെ ജീവികള്‍ക്കാണ് ആവാസ വ്യവസ്ഥയുടെ നഷ്ടം, വംശനാശ ഭീഷണി എന്നിവ ഏറ്റവും കൂടുതലുണ്ടാവുക. ആഭ്യന്തര പ്രശ്‌നമായി മാത്രം ഇതിനെ കാണരുതെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

Categories: FK News, Slider