ഇന്ത്യയ്‌ക്കെതിരായ പാക് നീക്കം തടഞ്ഞത് യുഎഇയും സൗദിയും

ഇന്ത്യയ്‌ക്കെതിരായ പാക് നീക്കം തടഞ്ഞത് യുഎഇയും സൗദിയും

കശ്മീര്‍ വിഷയം ഓഐസിയുടെ അന്തിമ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താനുള്ള പാക് നീക്കവും വിജയം കണ്ടില്ല

ന്യൂഡെല്‍ഹി: അബുദാബിയില്‍ മാര്‍ച്ച് ആദ്യം നടന്ന ഇസ്ലാമിക രാഷ്ട്ര സഹകരണ സംഘടന (ഒഐസി) സമ്മേളനത്തിന്റെ ഓരോ സെഷനിലും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പാക്കിസ്ഥാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ സമ്മേളനത്തില്‍ വിശേഷ അതിഥികളായി ക്ഷണിക്കപ്പെട്ട ഇന്ത്യയെ അപമാനിക്കുന്ന നടപടികള്‍ ഉണ്ടാവില്ലെന്ന് ആതിഥേയ രാജ്യമായ യുഎഇയും സംഘടനയിലെ നിര്‍ണായക ശക്തിയായ സൗദി അറേബ്യയും ഉറപ്പിച്ചിരുന്നതിനാല്‍ പാക് ശ്രമങ്ങള്‍ പരാജയപ്പെട്ടു. 57 അംഗ സംഘത്തിന്റെ അന്തിമ സംയുക്ത പ്രഖ്യാപനത്തില്‍ കശ്മീര്‍ വിഷയം പരാമര്‍ശിക്കുന്നതിനും പാക്കിസ്ഥാന് ഇത്തവണ സാധിച്ചില്ല.

വിദേശകാര്യ മന്ത്രിക്ക് പകരം ഉദ്യോഗസ്ഥരാല്‍ നയിക്കപ്പെട്ട പാക് പ്രതിനിധി സംഘം, സമ്മേളനത്തിന്റെ അതിഥിയായി ഇന്ത്യയെ ക്ഷണിച്ചതിനെ എതിര്‍ക്കുകയും, സെഷനുകളില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അവര്‍ത്തിച്ച് നടത്തുകയും ചെയ്തു. സൗദിയിലെ പാക് അംബാസഡറായ രാജാ അലി ഇജാസ് ആയിരുന്നു പാക് പ്രതിനിധി സംഘത്തെ നയിച്ചിരുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഒഐസി അതിഥിയായി ക്ഷണിച്ചതില്‍ രണ്ടാം സെഷനില്‍ അദ്ദേഹം എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇന്ത്യ പങ്കെടുത്താല്‍ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന ഭീഷണിയും പാക്കിസ്ഥാന്‍ ഉയര്‍ത്തിയെങ്കിലും വിലപ്പോയില്ല.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സുപ്രധാന തര്‍ക്കമെന്ന നിലയില്‍ കാശ്മീര്‍ പ്രശ്‌നത്തെയും അടുത്തിട നടന്ന വ്യോമാക്രമണത്തെയും സംബന്ധിച്ച് ഒരു പ്രത്യേക പ്രമേയത്തെ ഒഐസി അംഗീകരിച്ചപ്പോഴും അന്തിമ അബുദാബി പ്രഖ്യാപനത്തില്‍ ഈ വിഷയങ്ങള്‍ സംബന്ധിച്ച് പരാമര്‍ശമൊന്നുമുണ്ടായില്ല. മറ്റ് ഒഐസി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചപ്പോഴും ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാകാതെ ഇരിക്കാന്‍ ശ്രമിക്കുന്നതില്‍ യുഎഇയും സൗദിയും നിര്‍ണായക പങ്കാണ് വഹിച്ചത്. മുന്‍കാലങ്ങളില്‍ ഒഐസി വേദികളില്‍ കശ്മീര്‍ വിഷയം സംബന്ധിച്ചുള്ള ശക്തമായ ഇന്ത്യ വിരുദ്ധ പ്രമേയങ്ങള്‍ പാസാക്കിക്കാന്‍ പാക്കിസ്ഥാന് സാധിച്ചിരുന്നു.

ഒഐസി യോഗത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയായെന്നും ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ സംഘടന അപലപിച്ചെന്നും പാക്കിസ്ഥാന്‍ പ്രചരിപ്പിച്ചിരുന്നു. ഇത് കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ആഭ്യന്തര കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ഇതിനോട് പ്രതികരിച്ചിരുന്നു.

Comments

comments

Categories: FK News
Tags: UAE-Soudhi