പുതുതലമുറ സ്‌കൂളുകള്‍ക്കായി 408 മില്യണ്‍ ഡോളര്‍; വിദ്യാഭ്യാസ മേഖലയില്‍ മാതൃകയായി യുഎഇ

പുതുതലമുറ സ്‌കൂളുകള്‍ക്കായി 408 മില്യണ്‍ ഡോളര്‍; വിദ്യാഭ്യാസ മേഖലയില്‍ മാതൃകയായി യുഎഇ

ഡിസൈനിംഗ്, റോബോട്ടിക്‌സ്, കൃത്രിമ ബുദ്ധി എന്നിവയ്ക്ക് വേണ്ട ലബോറട്ടറികള്‍ ന്യൂജെന്‍ സ്‌കൂളുകളില്‍ ഒരുക്കും

ദുബായ്: ന്യൂജനറേഷന്‍ സ്‌കൂളുകളുടെ കേന്ദ്രമാകാനൊരുങ്ങുകയാണ് യുഎഇ. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട പുതുതലമുറ (ന്യൂജനറേഷന്‍) സ്‌കൂളുകളുടെ നിര്‍മ്മാണം ഉടനടി ആരംഭിക്കും. 1.5 ബില്യണ്‍ യുഎഇ ദിര്‍ഹം (ഏകദേശം 408.4 മില്യണ്‍ ഡോളര്‍) പുതുതലമുറ സ്‌കൂളുകള്‍ക്കായി നീക്കിവെച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മൗക്തൂം അറിയിച്ചു.

ഡിസൈനിംഗ്, റോബോട്ടിക്‌സ്, കൃത്രിമ ബുദ്ധി എന്നിവയ്ക്ക് വേണ്ട ലബോറട്ടറികള്‍, ആരോഗ്യ, പാരിസ്ഥിതിക, കായിക കേന്ദ്രങ്ങള്‍ എന്നിങ്ങനെ നിരവധി ആധുനിക സൗകര്യങ്ങള്‍ ന്യൂജെന്‍ സ്‌കൂളില്‍ ഉണ്ടായിരിക്കുമെന്ന് ഷേഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു.

ഫ്യൂജൈരിയായിലെ ഹയര്‍ കോളെജ്‌സ് ഓഫ് ടെക്‌നോളജി സന്ദര്‍ശിക്കവെയാണ് യുഎഇയില്‍ ന്യൂജനറേഷന്‍ സ്‌കൂളുകള്‍ ആരംഭിക്കാനുള്ള തീരുമാനം ദുബായ് ഭരണാധികാരി പ്രഖ്യാപിച്ചത്. ഹയര്‍ കോളെജ്‌സ് ഓഫ് ടെക്‌നോളജിയെ സാമ്പത്തിക മേഖലകളാക്കി മാറ്റാനുള്ള തീരുമാനവും ഷേഖ് മുഹമ്മദ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രോജക്റ്റുകള്‍ക്കും, ഹോസ്പിറ്റാലിറ്റി, റീട്ടെയ്ല്‍, ഇന്ധന, വാതക, ലോജിസ്റ്റിക്‌സ് മേഖലകളില്‍ ഉള്ള 65,000 വിദ്യാര്‍ത്ഥികളുടെ തൊഴില്‍ശേഷി വികസനത്തിനും വേണ്ടി 100 മില്യണ്‍ ദിര്‍ഹത്തിന്റെ ഫണ്ട് അനുവദിക്കുമെന്നും ഷേഖ് മുഹമ്മദ് അറിയിച്ചു.

കല്‍ബ, ഷാര്‍ജ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഷേഖ് മുഹമ്മദ് സന്ദര്‍ശനം നടത്തി.

ദുബായുടെ ഭാവി വികസന ദര്‍ശനം അടയാളപ്പെടുത്തുന്ന 50 വര്‍ഷത്തേക്കുള്ള മാര്‍ഗരേഖയോട് അനുബന്ധിച്ചാണ് വിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഷേഖ് മുഹമ്മദ് നടത്തിയിരിക്കുന്നത്.

ടെക്‌നിക്കല്‍ അക്കാദമികളില്‍ തൊഴില്‍മേഖലകള്‍ (കരിയര്‍) മാറ്റാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന ചില ഉത്തരവുകളും യുഎഇ പ്രധാനമന്ത്രി പുറത്തിറക്കിയിട്ടുണ്ട്. സമൂഹം കൈവരിക്കുന്ന സാങ്കേതിക പുരോഗതിക്ക് അനുസൃതമായി വിദ്യാര്‍ത്ഥികളുടെ തൊഴില്‍പരമായ കഴിവുകള്‍ മിനുക്കിയെടുക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന് ഷേഖ് മുഹമ്മദ് അറിയിച്ചു. തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍ പരിജ്ഞാനം ആര്‍ജ്ജിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും അക്കാദമികളില്‍ അതിനുള്ള സൗകര്യമൊരുക്കുമെന്നും ഷേഖ് മുഹമ്മദ് വ്യക്തമാക്കി.

പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് ബിരുദം പൂര്‍ത്തിയാക്കുന്നതിനുള്ള കോഴ്‌സുകള്‍ ഉന്നത വിദ്യാഭ്യാല കേന്ദ്രങ്ങളില്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശം ഷേഖ് മുഹമ്മദ് അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്.

‘അടുത്ത അമ്പത് വര്‍ഷത്തിനുള്ളില്‍ പുതുതലമുറയുടെ വ്യക്തിത്വ വികസനത്തിന് ആക്കം കൂട്ടുന്ന പുതിയ ആശയങ്ങളുള്ള ഒട്ടനവധി പദ്ധതികള്‍ക്ക് തുടക്കമിടുകയെന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തിയേകും’. ഭാവിയ്ക്ക് വേണ്ടി വ്യത്യസ്ത ഉപാധികളും സമീപനങ്ങളുമാണ് പുതുതലമുറ ആവശ്യപ്പെടുന്നതെന്നും ഷേഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

ഭാവി, മന്ത്രിസഭ കാര്യ വകുപ്പ് മന്ത്രി മുഹമ്മദ് ഗെര്‍ഗാവി, മനുഷ്യ വിഭവശേഷി, എമിറാറ്റൈസേഷന്‍ വകുപ്പ് മന്ത്രി നാസര്‍ അല്‍ ഹമ്‌ലി, പൊതു വിദ്യാഭ്യാസ സഹമന്ത്രി ജമീല അല്‍ മുഹൈരി, ഉന്നത വിദ്യാഭ്യാസ കാര്യ സഹമന്ത്രി ഡോ. അഹമ്മദ് അല്‍ ഫലസി തുടങ്ങിയവരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ദുബായ് ഭരണാധികാരിയെ അനുഗമിച്ചു.

ഭാവിയുടെ കേന്ദ്രമാണ് യുഎഇ സ്‌കൂളുകളെന്നും യുഎഇയുടെ ഭാവി നേതാക്കളാണ് വിദ്യാര്‍ത്ഥികളെന്നും ഷേഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

Comments

comments

Categories: Arabia

Related Articles