ആഗോള അരങ്ങേറ്റം നടത്തി ടാറ്റ ബസര്‍ഡ്

ആഗോള അരങ്ങേറ്റം നടത്തി ടാറ്റ ബസര്‍ഡ്

ടാറ്റ എച്ച്7എക്‌സ് എന്ന കോഡ്‌നാമത്തിലാണ് എസ്‌യുവി ഇതുവരെ അറിയപ്പെട്ടിരുന്നത്

ജനീവ : ടാറ്റ ഹാരിയറിന്റെ 7 സീറ്റര്‍ വേര്‍ഷനായ ടാറ്റ ബസര്‍ഡ് ജനീവ മോട്ടോര്‍ ഷോയില്‍ ആഗോള അരങ്ങേറ്റം നടത്തി. ടാറ്റ എച്ച്7എക്‌സ് എന്ന കോഡ്‌നാമത്തിലാണ് എസ്‌യുവി ഇതുവരെ അറിയപ്പെട്ടിരുന്നത്. ടാറ്റ ഹാരിയറില്‍നിന്ന് വ്യത്യസ്തമായി വലിയ അനുപാതങ്ങള്‍, അല്‍പ്പം വ്യത്യസ്തമായ സ്റ്റൈലിംഗ് എന്നിവയോടെയാണ് ടാറ്റ ബസര്‍ഡ് വരുന്നത്. സുഖസൗകര്യത്തോടെ യാത്ര ചെയ്യാന്‍ കഴിയുന്ന ഫാമിലി എസ്‌യുവിയാണ് ടാറ്റ ബസര്‍ഡ്.

ഹാരിയര്‍ നിര്‍മ്മിച്ച അതേ പുതു തലമുറ ഒമേഗ ആര്‍ക് (ഓപ്റ്റിമല്‍ മോഡുലര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ച്ചര്‍) പ്ലാറ്റ്‌ഫോമിലാണ് ടാറ്റ ബസര്‍ഡ് നിര്‍മ്മിക്കുന്നത്. ജാഗ്വാര്‍ ലാന്‍ഡ് റോവറുമായി സഹകരിച്ചാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്.

ടാറ്റ ഹാരിയറിന്റെ മിക്കവാറും അതേ മുഖച്ഛായ ലഭിച്ചെങ്കിലും വശങ്ങളില്‍ പുതിയ അലോയ് വീലുകള്‍, വലിയ റൂഫ് റെയിലുകള്‍ എന്നിവ മാറ്റങ്ങളാണ്. പിന്‍ഭാഗം കാണുമ്പോള്‍ മള്‍ട്ടി പര്‍പ്പസ് വാഹനമാണെന്ന് (എംപിവി) തോന്നാം. വലിയ സ്‌പോയ്‌ലര്‍, വലിയ വിന്‍ഡ്ഷീല്‍ഡ്, റീസ്‌റ്റൈല്‍ ചെയ്ത എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ എന്നിവയാണ് ഇതിന് കാരണം. കരുത്തുറ്റതും സില്‍വര്‍ നിറസാന്നിധ്യമുള്ളതുമാണ് പുതിയ റിയര്‍ ബംപര്‍. കൂടാതെ, ഡിഫ്യൂസര്‍ കാണാം.

ഹാരിയറില്‍ കണ്ടതുപോലെയാണ് കാബിന്‍. മൂന്നാം നിര സീറ്റുകള്‍ നല്‍കിയത് മാത്രമാണ് മാറ്റം. ഡാഷ്‌ബോര്‍ഡിനും മാറ്റമില്ല. ഡ്രൈവിംഗ് മോഡുകള്‍ തെരഞ്ഞെടുക്കുന്നതിന് അതേ ഡയല്‍ നല്‍കിയിരിക്കുന്നു.

ഹാരിയര്‍ ഉപയോഗിക്കുന്ന അതേ 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിന്‍ ടാറ്റ ബസര്‍ഡിന് കരുത്തേകും. എന്നാല്‍ 170 ബിഎച്ച്പി കരുത്തും 320 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, ഹ്യുണ്ടായില്‍നിന്ന് വാങ്ങിയ 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Comments

comments

Categories: Auto
Tags: Tata Bazzard