ടാറ്റ ആള്‍ട്രോസ് വെളിച്ചത്ത്; കണ്‍നിറയെ കാണാം

ടാറ്റ ആള്‍ട്രോസ് വെളിച്ചത്ത്; കണ്‍നിറയെ കാണാം

പ്രീമിയം ഹാച്ച്ബാക്കിന്റെ പൂര്‍ണ്ണ ഇലക്ട്രിക് പതിപ്പും ജനീവയില്‍ പ്രദര്‍ശിപ്പിച്ചു

ജനീവ : ഇന്ത്യന്‍ വാഹന വിപണി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ആള്‍ട്രോസ് ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്തു. പ്രീമിയം ഹാച്ച്ബാക്കിന്റെ പൂര്‍ണ്ണ ഇലക്ട്രിക് പതിപ്പും ജനീവയില്‍ പ്രദര്‍ശിപ്പിച്ചു. അര്‍ബന്‍ കാര്‍ ഡിസൈനാണ് ടാറ്റ ആള്‍ട്രോസിന് കല്‍പ്പിച്ചുനല്‍കിയിരിക്കുന്നത്. ആള്‍ട്രോസ് പുറത്തിറക്കി ഈ വര്‍ഷം മധ്യത്തോടെ ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ടാറ്റ മോട്ടോഴ്‌സ് പ്രവേശിക്കും. ആല്‍ബട്രോസ് കടല്‍പ്പക്ഷിയാണ് ആള്‍ട്രോസ് എന്ന പേരിന് പ്രചോദനമായത്.

ടാറ്റ 45എക്‌സ് കണ്‍സെപ്റ്റ് എന്ന പേരില്‍ 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് പ്രീമിയം ഹാച്ച്ബാക്ക് ആദ്യം പ്രദര്‍ശിപ്പിച്ചത്. കാറിന്റെ ഉല്‍പ്പാദന പതിപ്പ് ഇതാദ്യമായാണ് വെളിച്ചത്തുവരുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയില്‍ രൂപകല്‍പ്പന ചെയ്ത രണ്ടാമത്തെ മോഡലാണ് ആള്‍ട്രോസ്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ടാറ്റ ഹാരിയറാണ് ആദ്യ മോഡല്‍.

ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ആല്‍ഫ (എജില്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) ആര്‍ക്കിടെക്ച്ചറില്‍ നിര്‍മ്മിക്കുന്ന ആദ്യ കാറാണ് ആള്‍ട്രോസ്. വിവിധ ബോഡിസ്‌റ്റൈലുകളിലും പവര്‍ട്രെയ്‌നുകളിലും (പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും ഇലക്ട്രിക് മോട്ടോറുകളും ബാറ്ററികളും) വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് ആല്‍ഫ ആര്‍ക്കിടെക്ച്ചര്‍.

ടിയാഗോ ഹാച്ച്ബാക്ക് ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, നെക്‌സോണ്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ ടാറ്റ ആള്‍ട്രോസ് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto
Tags: Tata, Tata Altroz