സിറിയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ സമയമായിട്ടില്ലെന്ന് സൗദി അറേബ്യ

സിറിയുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ സമയമായിട്ടില്ലെന്ന് സൗദി അറേബ്യ

സിറിയയില്‍ സമാധാനവും സ്ഥിരതയു പുലരാതെ യാതൊരുവിധ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കില്ലെന്ന് സൗദി

റിയാദ്: സിറിയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനോ അറബ് ലീഗിലേക്ക് സിറിയയെ തിരികെ വിളിക്കാനോ ഉള്ള സമയമായിട്ടില്ലെന്ന് സൗദി അറേബ്യ. എട്ട് വര്‍ഷമായി തുടരുന്ന സിറിയന്‍ യുദ്ധത്തില്‍ രാഷ്ട്രീയ സമവായങ്ങള്‍ ഉണ്ടാകാതെ സിറിയുമായി വീണ്ടും ചങ്ങാത്തത്തിലാകില്ലെന്ന് സൗദി വ്യക്തമാക്കി.

സമാധാനവും സ്ഥിരതയും വീണ്ടെടുക്കാതെ സിറിയയില്‍ ഒരു തരത്തിലുമുള്ള പുനര്‍നിര്‍മ്മാണ പ്രക്രിയയിലും സൗദി പങ്കാളിയാകില്ലെന്ന് വിദേശകാര്യ മന്ത്രി അദേല്‍ ജുബൈര്‍ അറിയിച്ചു. ‘സിറിയയിലെ സൗദി എംബസി വീണ്ടും തുറക്കുക എന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ രാഷ്ട്രീയ പുരോഗതിയെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യമാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ അതെക്കുറിച്ച് ചിന്തിക്കേണ്ട സമയമായിട്ടില്ല’. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്രോവുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ജുബൈര്‍ അറിയിച്ചു.

ഏഴ് വര്‍ഷം മുമ്പ് അറബ് ലീഗില്‍ നിന്നും പുറത്താക്കപ്പെട്ട സിറിയയെ ലീഗില്‍ വീണ്ടും അംഗമാക്കുന്ന വിഷയത്തെ കുറിച്ച് ചിന്തിക്കാന്‍ നേരമായിട്ടില്ലെന്നും സൗദി മന്ത്രി വ്യക്തമാക്കി. സിറിയയെ വീണ്ടും ലീഗില്‍ അംഗമാക്കുന്നതിന് മറ്റ് അംഗങ്ങളുടെ അനുമതി വേണമെന്നാണ് നേരത്തെ അറബ് ലീഗ് അറിയിച്ചിരുന്നത്.

കഴിഞ്ഞ ഡിസംബറില്‍ ദമാസ്‌കസിലെ എംബസി തുറക്കാന്‍ യുഎഇ തീരുമാനിച്ചത് സിറിയയിലെ അസദ് ഭരണകൂടത്തിന് ആശ്വാസമേകിയിരുന്നു. സിറിയയിലെ അറബ് സ്വാധീനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന അസദ് സര്‍ക്കാരിന്റെ നയതന്ത്ര വിജയം കൂടിയായിരുന്നു യുഎഇ എംബസിയുടെ തുറക്കല്‍.

എട്ട് വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ആയുധമേന്തിയ വിമതര്‍ക്കൊപ്പമാണ് സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ നിലകൊണ്ടത്. അതേസമയം റഷ്യ, ഇറാന്‍, ഇറാന്‍ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള പോലുള്ള ഷിയ മുസ്ലീം ഗ്രൂപ്പുകള്‍ എന്നിവരുടെ പിന്തുണയില്‍ സിറിയയിലെ മിക്കയിടങ്ങളിലും അധികാരം വീണ്ടെടുക്കാന്‍ അസദ് സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

സിറിയയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി റിയാദ് സഹകരിക്കുമോ എന്ന ചോദ്യത്തിന് യുദ്ധം അവസാനിച്ച് സിറിയയില്‍ സ്ഥിരതയും സുരക്ഷയും പുലരാതെ പുനര്‍നിര്‍മ്മാണം സാധ്യമാകില്ലെന്ന മറുപടിയാണ് ജുബൈര്‍ നല്‍കിയത്. അമേരിക്കയുടെ പിന്തുണയുള്ള സൗദി അറേബ്യ സിറിയയില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

Comments

comments

Categories: Arabia