സ്‌കോഡ വിഷന്‍ ഐവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

സ്‌കോഡ വിഷന്‍ ഐവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

സ്‌കോഡ വിഷന്‍ ഇ അടിസ്ഥാനമാക്കിയാണ് ഇലക്ട്രിക് കണ്‍സെപ്റ്റായ വിഷന്‍ ഐവി സൃഷ്ടിച്ചിരിക്കുന്നത്

ജനീവ : ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇത്തവണ ജനീവ മോട്ടോര്‍ ഷോയിലേക്ക് കരുതിവെച്ച അഡാറ് ഐറ്റമാണ് ഇലക്ട്രിക് കണ്‍സെപ്റ്റായ വിഷന്‍ ഐവി. 4 ഡോര്‍ എസ്‌യുവി കൂപ്പെ കണ്‍സെപ്റ്റ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ഇലക്ട്രിക് മൊബിലിറ്റി രംഗത്ത് സ്‌കോഡയുടെ അടുത്ത ചുവടുവെപ്പാണ് വിഷന്‍ ഐവി കണ്‍സെപ്റ്റ്. 2017 ല്‍ പ്രദര്‍ശിപ്പിച്ച സ്‌കോഡ വിഷന്‍ ഇ അടിസ്ഥാനമാക്കിയാണ് വിഷന്‍ ഐവി കണ്‍സെപ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംഇബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന സ്‌കോഡയുടെ ആദ്യ വാഹനമാണ് വിഷന്‍ ഐവി.

അത്‌ലറ്റിക് ബോഡി, 22 ഇഞ്ച് എയ്‌റോഡൈനാമിക് വീലുകള്‍, ഫ്‌ളെയേര്‍ഡ് മഡ്ഗാര്‍ഡുകള്‍, കൂപ്പെ സമാനമായ റൂഫ്‌ലൈന്‍ എന്നിവ 4.66 മീറ്റര്‍ നീളം വരുന്ന, കോഡിയാക്കിന്റെ വലുപ്പമുള്ള കണ്‍സെപ്റ്റിന്റെ സവിശേഷതകളാണ്.

306 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഓള്‍ വീല്‍ ഡ്രൈവ് ഇലക്ട്രിക് പവര്‍ട്രെയ്‌നാണ് സ്‌കോഡ വിഷന്‍ ഐവി കണ്‍സെപ്റ്റ് ഉപയോഗിക്കുന്നത്. മുന്‍, പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടോര്‍ വീതം നല്‍കിയിരിക്കുന്നു. ബോഡിക്കുതാഴെയാണ് ലിഥിയം അയണ്‍ ബാറ്ററി സ്ഥാപിച്ചത്. 500 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്ന് ഡബ്ല്യുഎല്‍ടിപി (വേള്‍ഡ്‌വൈഡ് ഹാര്‍മണൈസ്ഡ് ലൈറ്റ് വെഹിക്കിള്‍സ് ടെസ്റ്റ് പ്രൊസീജര്‍) കണക്കുകള്‍ വ്യക്തമാക്കുന്നു. മുപ്പത് മിനിറ്റിനുള്ളില്‍ എണ്‍പത് ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയും.

വിഷന്‍ ഐവി കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പ് എസ്‌യുവി, കൂപ്പെ വേരിയന്റുകളില്‍ വിപണിയിലെത്തിക്കുമെന്ന് സ്‌കോഡ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഏത് ബോഡിസ്‌റ്റൈലാണ് ആദ്യം നിര്‍മ്മിക്കുന്നതെന്ന് വ്യക്തമല്ല. സ്‌കോഡ വിഷന്‍ ഐവി 2021 ല്‍ അന്തര്‍ദേശീയ വിപണികളില്‍ പുറത്തിറക്കും. 2022 ഓടെ പത്ത് ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കാനാണ് സ്‌കോഡ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സ്‌കോഡ സൂപ്പര്‍ബ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഈ വര്‍ഷം വിപണിയിലെത്തും.

Comments

comments

Categories: Auto