സര്‍വീസ് പിഎംഐ 52.5 ലേക്ക് ഉയര്‍ന്നു

സര്‍വീസ് പിഎംഐ 52.5 ലേക്ക് ഉയര്‍ന്നു

തുടര്‍ച്ചായി ഒന്‍പതാം മാസമാണ് സര്‍വീസ് പിഎംഐയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്

ന്യൂഡെല്‍ഹി: പുതിയ ബിസിനസ് ഓര്‍ഡറുകളുടെ പിന്‍ബലത്തില്‍ ഉല്‍പ്പാദനവും തൊഴില്‍ ലഭ്യതയും വര്‍ദ്ധിച്ചതോടെ രാജ്യത്തെ സേവന മേഖല കഴിഞ്ഞ മാസവും മികച്ച വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. ബിസിനസ് ഇടപാടുകള്‍ വിലയിരുത്തി സാമ്പത്തിക വളര്‍ച്ച അളക്കുന്ന സൂചികകളിലൊന്നായ നിക്കെയ് ഇന്ത്യയുടെ സര്‍വീസസ് ബിസിനസ് ആക്റ്റിവിറ്റി ഇന്‍ഡെക്‌സ് ജനുവരിയിലെ 52.2 ല്‍ നിന്ന് ഫെബ്രുവരിയില്‍ 52.5 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ ഒന്‍പതാം മാസമാണ് സര്‍വീസ് സൂചികയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്. 50 ന് മുകളിലുള്ള പിഎംഐ വളര്‍ച്ചയെയും 50 ന് താഴെയുള്ള പിഎംഐ മാന്ദ്യത്തെയുമാണ് സൂചിപ്പിക്കുന്നത്.

അടിസ്ഥാന ആവശ്യകതയെ ശക്തിപ്പെടുത്തികൊണ്ട് സര്‍വീസ് കമ്പനികള്‍ക്ക് ധാരാളം പുതിയ ബിസിനസുകള്‍ കഴിഞ്ഞ മാസം ലഭിച്ചു. പുതിയ ഓര്‍ഡറുകളിലധികവും ആഭ്യന്തര തലത്തില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. ഉല്‍പ്പാദന, സേവന മേഖലകളിലെ ഇടപാടുകള്‍ സംയുക്തമായി കണക്കിലെടുക്കുന്ന നിക്കെയ് ഇന്ത്യ കോംപസിറ്റ് പിഎംഐ ഔട്ട്പുട്ട്് ഇന്‍ഡെക്‌സ് 53.6 ല്‍ നിന്ന് 53.8 ആയി വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ഇടപാടുകളുടെ വര്‍ധനയാണ് ഇത് സൂചിപ്പിക്കുന്നത്.

2018-19 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ദൃശ്യമായ സാമ്പത്തിക വളര്‍ച്ചക്ക് ഉള്‍പ്രേരകമായത് നിര്‍മാണ മേഖലയായിരുന്നു. ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെത്തിയത്. ആഗോള ആവശ്യകത കുറയുകയും വ്യാപാര സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയും ചെയ്തിട്ടും പുതിയ കയറ്റുമതി ഇടപാടുകള്‍ വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്.

Categories: FK News, Slider
Tags: Service PMI