സാംസംഗ് ഇന്ത്യയിലെ ടിവി ഉല്‍പ്പാദനം പുനരാരംഭിച്ചേക്കും

സാംസംഗ് ഇന്ത്യയിലെ ടിവി ഉല്‍പ്പാദനം പുനരാരംഭിച്ചേക്കും

ഇന്ത്യയിലെ ടിവി നിര്‍മാണകേന്ദ്രങ്ങള്‍ കഴിഞ്ഞ വര്‍ഷം വിയറ്റ്‌നാമിലേക്ക് കമ്പനി മാറ്റി സ്ഥാപിച്ചിരുന്നു

ന്യൂഡെല്‍ഹി: ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ സാംസംഗിന് രാജ്യത്ത് ടിവി ഉല്‍പ്പാദനം പുനരാരംഭിക്കാന്‍ തീരുവയില്‍ ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു. ടെലിവിഷന്‍ പാനല്‍ നിര്‍മാണത്തിന് ആവശ്യമായ ഘടകഭാഗങ്ങള്‍ക്ക് കേന്ദ്രം ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ടിവി നിര്‍മാണം അവസാനിപ്പിക്കുന്നതായി സാംസംഗ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ഉല്‍പ്പാദനശാലകള്‍ വിയറ്റ്‌നാമിലേക്കാണ് കഴിഞ്ഞവര്‍ഷം സാംസംഗ് മാറ്റി സ്ഥാപിച്ചത്. ഇറക്കുമതി തീരുവ സംബന്ധിച്ച വിഷയത്തില്‍ കമ്പനിയും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തി വരികയാണ്. സാംസംഗിന്റെ ഏറ്റവും വലിയ ഉല്‍പ്പാദന കേന്ദ്രം വിയറ്റ്‌നാമിലാണ് സ്ഥിതി ചെയ്യുന്നത്.

” ടിവി പാനലുകളുടെ നിര്‍മാണം വിയറ്റ്‌നാമിലേക്ക് മാറ്റുന്നതിന് സാംസംഗ് നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഇറക്കുമതി തീരുവ വര്‍ധനവ് അവര്‍ക്ക് ഈ തീരുമാനം നടപ്പിലാക്കാന്‍ ലഭിച്ച ഒരു അവസരമായിരുന്നു. സ്വതന്ത്ര വ്യാപാര കരാറിന് കീഴില്‍ തീരുവ ഒഴിവാക്കാന്‍ അവര്‍ക്ക് ഇവിടെ സാധിക്കും”, കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്താനുള്ള കമ്പനിയുടെ തീരുമാനം സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയായിരുന്നു.

2018 ലെ കേന്ദ്ര ബജറ്റിലാണ് ഇറക്കുമതി ചെയ്യുന്ന എല്‍സിഡി, എല്‍ഇഡി പാനലുകളുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ധിപ്പിച്ചത്. ടെലിവിഷന്‍ പാനല്‍ നിര്‍മാണത്തിനുള്ള പ്രധാനപ്പെട്ട ഘടകമായ ഓപ്പണ്‍ സെല്ലുകള്‍ക്ക് 10 ശതമാനം ഇറക്കുമതി ചുങ്കമാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. ശക്തമായ പ്രതിഷേധം മൂലം ഇത് പകുതിയാക്കി കുറച്ചെങ്കിലും നടപടി അപര്യാപ്തമാണെന്നാണ് സാംസംഗ് ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളുടെ നിലപാട്.

ചെന്നൈയിലെ ഫാക്റ്ററിയില്‍ പ്രതിവര്‍ഷം ഏകദേശം മൂന്ന് ലക്ഷം ടിവികള്‍ സാംസംഗ് നിര്‍മിച്ചിരുന്നു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്തെ മൊബീല്‍ ഫോണ്‍ നിര്‍മാണം ഗണ്യമായി വര്‍ധിപ്പിക്കാനുദ്ദേശിച്ച് ലോകത്തെ തന്നെ ഏറ്റവും വലിയ ഉല്‍പ്പാദന യൂണിറ്റ് ഇന്ത്യയില്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് കമ്പനിക്ക് ടെലിവിഷന്‍ നിര്‍മാണം അവസാനിപ്പിക്കേണ്ടി വന്നത്. സാംസംഗിന്റെ മാതൃക പിന്തുടര്‍ന്ന്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും നിര്‍മാണം പൂര്‍ത്തിയാക്കിയ ടെലിവിഷന്‍ സെറ്റുകള്‍ വിദേശ വ്യാപാര കരാറിന് കീഴില്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് എല്‍ജി ഇന്ത്യയും ആലോചിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഓപ്പണ്‍ സെല്ലുകള്‍ക്ക് നിലവിലുള്ള അഞ്ച് ശതമാനം തീരുവ നീക്കുന്ന കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നുണ്ട്.

Categories: Business & Economy, Slider

Related Articles