ചാള്‍സ് രാജകുമാരന് റഷ്യയില്‍നിന്നും സഹായം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്

ചാള്‍സ് രാജകുമാരന് റഷ്യയില്‍നിന്നും സഹായം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്

നിയന്ത്രണ അതോറിറ്റിയുടെയോ നിയമം നടപ്പിലാക്കുന്ന ഏജന്‍സിയുടെയോ കണ്ണിലെ കരടായിരുന്നില്ല ട്രോയ്ക ഡയലോഗ് എന്ന റഷ്യയിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്. ഒരിക്കല്‍ പോലും ട്രോയ്ക ഡയലോഗിന് ഇവര്‍ പിഴ ചുമത്തിയിട്ടുമില്ല. അത്രയ്ക്കു സുതാര്യമായിരുന്നു അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ബാങ്കിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു അന്വേഷണ റിപ്പോര്‍ട്ട് ട്രോയ്ക ഡയലോഗിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു.

ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ നടത്തുന്ന സന്നദ്ധസംഘടന ബ്രീട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ സ്ഥിതി ചെയ്യുന്ന റഷ്യയുടെ ഉടമസ്ഥതയിലുള്ള ഓഫ്‌ഷോര്‍ കമ്പനിയില്‍നിന്നും ധനസഹായം സ്വീകരിച്ചിരുന്നതായി വെളിപ്പെടുത്തല്‍. നികുതി ഒഴിവാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും വേണ്ടി രൂപീകരിക്കുന്ന കമ്പനികളെയാണ് ഓഫ്‌ഷോര്‍ കമ്പനിയെന്നു പൊതുവേ വിശേഷിപ്പിക്കുന്നത്. മോസ്‌കോയിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ട്രോയ്ക ഡയലോഗിന്റെ (Troika Dialog) നിയന്ത്രണത്തിലുള്ളവയായിരുന്നു ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളിലെ ഓഫ്‌ഷോര്‍ കമ്പനികള്‍. ട്രോയ്ക ഡയലോഗിന്റെ മുന്‍ തലവനും റഷ്യന്‍ പ്രഭുവുമായ റൂബന്‍ വര്‍ദാന്‍യാനാണു ചാള്‍സ് രാജകുമാരന്റെ സന്നദ്ധസംഘടനയെ സഹായിച്ചതായി ഒസിസിആര്‍പിയും ലിത്വേനിയന്‍ വെബ്‌സൈറ്റായ 15min-ും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ചയാണു (മാര്‍ച്ച് നാലാം തീയതി) അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സഹായമായി ലഭിച്ചിരുന്ന ഫണ്ടിന്റെ ഉറവിടത്തെ കുറിച്ചു ചാള്‍സിന്റെ സന്നദ്ധസംഘടനയ്ക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. വര്‍ഷങ്ങളായി റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്റെ സുഹൃത്തുക്കള്‍ക്കും, അടുത്ത് ബന്ധമുള്ളവര്‍ക്കും (ക്രിമിനലുകളും ഉള്‍പ്പെടും) പണം റഷ്യയ്ക്കു പുറത്തേയ്ക്ക് അനധികൃതമായി ഒഴുക്കാനും അതു പിന്നീട് വെളുപ്പിക്കാനും 75-ാളം ഓഫ്‌ഷോര്‍ കമ്പനികള്‍ സഹായം ചെയ്തു കൊടുത്തിരുന്നതായിട്ടാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ലിത്വേനിയന്‍ ബാങ്ക് ട്രാന്‍സാക്ഷന്റേത് ഉള്‍പ്പെടെ ചോര്‍ന്ന രേഖകളെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം നടത്തിയത്. ലിത്വേനിയന്‍ വെബ്‌സൈറ്റായ 15min-ും ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്റ്റ് (ഒസിസിആര്‍പി) എന്ന ഈസ്റ്റ് യൂറോപ്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുമാരുടെ കണ്‍സോര്‍ഷ്യമാണ് അന്വേഷണം നടത്തിയത്. ഇവര്‍ ബിബിസി, ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങളുമായിട്ടാണു അന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. 2009-നും 2011-നുമിടയില്‍ ചാള്‍സിന്റെ ദ പ്രിന്‍സ് ചാരിറ്റീസിനു (The Prince’s Charities) മൂന്നു പേയ്‌മെന്റ്‌സുകള്‍ (സംഭാവന) ലഭിച്ചു. 2,02,000 ഡോളറായിരുന്നു സംഭാവനയായി ലഭിച്ചത്. ഈ തുക ലിത്വേനിയയിലുള്ള യുകിയോ ബങ്കാസ് (Ukio Bancas) എന്ന ബാങ്ക് വഴിയാണ് ലഭിച്ചത്. ഈ ബാങ്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. 2013-ല്‍ അടച്ചുപൂട്ടി. ദ പ്രിന്‍സ് ചാരിറ്റീസിന്റെ പേരിലുള്ള എക്കൗണ്ടിലേക്കു പണം അടച്ചിരുന്നതായിട്ടാണു ചോര്‍ന്ന ബാങ്ക് രേഖകളില്‍ കാണിക്കുന്നത്. ക്വാന്റസ് ഡിവിഷന്‍ ലിമിറ്റഡ് (Quantus Division Ltd) എന്നു പേരുള്ള കമ്പനിയില്‍നിന്നായിരുന്നു പണം ദി പ്രിന്‍സ് ചാരിറ്റീസിന്റെ പേരിലുള്ള എക്കൗണ്ടിലേക്ക് അടച്ചിരുന്നത്. ക്വാന്റസ് ഡിവിഷന്‍ ലിമിറ്റഡ് എന്ന കമ്പനി ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 70-ലേറെ വരുന്ന ഓഫ്‌ഷോര്‍ കമ്പനി ശൃംഖലകളിലെ ഒരു chain അഥവാ കണ്ണിയായിരുന്നു. റഷ്യയില്‍നിന്നും പുറത്തേയ്ക്കു ശതകോടി ഡോളറുകള്‍ ഒഴുക്കാന്‍ സഹായിച്ചിരുന്നത് ഈ ഓഫ്‌ഷോര്‍ കമ്പനികളായിരുന്നു. ഇവയെ നിയന്ത്രിച്ചിരുന്നതാകട്ടെ, മോസ്‌കോ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ട്രോയ്ക ഡയലോഗ് ആയിരുന്നു. ഈ ബാങ്കിന്റെ തലവനായിരുന്നു റൂബന്‍ വര്‍ദാന്‍യാന്‍. ഇയാള്‍ അര്‍മേനിയന്‍ ഫിനാന്‍സിയറും റഷ്യന്‍ പ്രസിഡന്റ് പുടിനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയുമാണ്. റൂബന്‍ വര്‍ദാന്‍യാന് അന്താരാഷ്ട്ര സെലിബ്രിറ്റികളുമായും ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുമായും സൗഹൃദമുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഫോബ്‌സ് മാഗസിന്റെ ധനാഢ്യനായ 99-ാമത് റഷ്യക്കാരനെന്ന വിശേഷണത്തിനും റൂബന് അര്‍ഹനാവുകയുണ്ടായി. ചാള്‍സിന്റെ ചാരിറ്റിക്കു ധനസഹായം നല്‍കിയെന്നു പറയപ്പെടുന്ന കാലത്ത് റൂബനായിരുന്നു റഷ്യന്‍ ഇന്‍വെസറ്റ്‌മെന്റ് ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ്.

ചാള്‍സിന്റെ സന്നദ്ധപ്രവര്‍ത്തനം

ദ പ്രിന്‍സ് ചാരിറ്റീസ്, ദ പ്രിന്‍സ് ചാരിറ്റീസ് കാനഡ, ദ പ്രിന്‍സ് ട്രസ്റ്റ് ഓസ്‌ട്രേലിയ എന്നിങ്ങനെയായി ലാഭേതര സംഘടനകളുടെ മൂന്ന് വിഭാഗങ്ങളാണു വെയ്ല്‍സ് രാജകുമാരനായ ചാള്‍സ് രാജകുമാരനുമായി സഹകരിക്കുന്നത്. ദ പ്രിന്‍സ് ചാരിറ്റീസിനെ പിന്തുണയ്ക്കുന്നത് യുകെ ആസ്ഥാനമായ ദ പ്രിന്‍സ് ചാരിറ്റീസ് ഫൗണ്ടേഷനാണ്.19 സംഘടനകള്‍ ഉള്‍പ്പെട്ടതാണു ദ പ്രിന്‍സ് ചാരിറ്റീസ് ഫൗണ്ടേഷന്‍. ഇൗ 19 സംഘടനകളുടെയും രക്ഷാധികാരി വെയ്ല്‍സ് രാജകുമാരനാണ്. അതായത് ഇപ്പോള്‍ വെയ്ല്‍സിന്റെ രാജകുമാരന്‍ ചാള്‍സാണ്. 19 സംഘടനകളില്‍ 18-ും സ്ഥാപിച്ചത് ചാള്‍സായിരുന്നു.

ട്രോയ്ക ഡയലോഗ്

സമൂഹത്തിലെ സമ്പന്നരും, പ്രമാണികളുമായവരുടെ സമ്പാദ്യങ്ങള്‍ (ഭൂരിഭാഗവും അനധികൃതമായവ) മറച്ചുപിടിക്കാന്‍ സഹായിച്ചിരുന്ന 75-ാളം ഓഫ്‌ഷോര്‍ കമ്പനികളെ നിയന്ത്രിച്ചിരുന്നവരാണ് ട്രോയ്ക ഡയലോഗ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്. ചാരിറ്റി സ്ഥാപനങ്ങള്‍ക്കു പണം നല്‍കി കൊണ്ടാണു പൊതുവേ ഓഫ്‌ഷോര്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നത്. ഒരു സ്‌റ്റേറ്റ്-ഓഫ്-ദ-ആര്‍ട്ട് മണിലോണ്‍ഡെറിംഗ് ടെക്‌നിക്ക് അഥവാ കള്ളപ്പണം വെളുപ്പിക്കാനുള്ള നൂതന വിദ്യയായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ നിമയപാലകര്‍ക്ക് ഈ വിദ്യയെ കുറിച്ച് അറിവുള്ളതിനാല്‍ ചാരിറ്റി സംഘടനകള്‍ക്ക് സംഭാവന നല്‍കുന്നത് കുറച്ചിരിക്കുകയാണ്. പകരം, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എക്കൗണ്ട്, മിലിട്ടറി ക്ലബ്ബ് എക്കൗണ്ട്, മുന്‍സിപ്പല്‍ പാര്‍ക്കിംഗ് എക്കൗണ്ട് തുടങ്ങിയവയിലേക്കാണു സംഭാവന ചെയ്യുന്നത്.
ട്രോയ്ക ഡയലോഗ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് നിയന്ത്രിച്ചിരുന്ന ഓഫ്‌ഷോര്‍ കമ്പനികളിലേക്ക് 2005-നും 2011-നുമിടയില്‍ 3.35 ബില്യന്‍ യൂറോ കൈമാറ്റം ചെയ്തിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ട്രോയ്ക ഡയലോഗ് നിയന്ത്രിച്ചിരുന്ന ഓഫ്‌ഷോര്‍ കമ്പനികളില്‍ നിക്ഷേപം നടത്തിയിരുന്നത് ഭൂരിഭാഗവും റഷ്യയിലെ ഉന്നതരായിരുന്നു. ഇവര്‍ക്ക്, ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ബിസിനസിനും, വ്യക്തിപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള പണം നിക്ഷേപിക്കാനായിരുന്നു ഓഫ്‌ഷോര്‍ കമ്പനികള്‍ രൂപീകരിച്ചത്. സ്വകാര്യ ജെറ്റ് വിമാനത്തിനു നല്‍കാനുള്ള വാടക, ഉല്ലസിക്കാനുള്ള നൗക നിര്‍മിക്കുന്നതിനുള്ള പണം, ആഢംബര വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പണം, ഒഴിവുകാലം, ഫുട്‌ബോള്‍ പോലുള്ള കായികയിനം എന്നിവയ്ക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള പണം തുടങ്ങിയവയ്ക്കുള്ള പണമാണ് ഓഫ്‌ഷോര്‍ എക്കൗണ്ടില്‍ പൊതുവേ നിക്ഷേപിച്ചിരുന്നതെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ട്രോയ്ക ഡയലോഗിനെ 2011-ല്‍ റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സെബര്‍ ബാങ്ക് (Sberbank) ഏറ്റെടുക്കുകയുണ്ടായി.

Categories: Top Stories

Related Articles